ഇന്ദോര്‍: നായകന്‍ പാര്‍ഥിവ് പട്ടേല്‍ നിര്‍ണായക സമയത്ത് ഉത്തരവാദിത്തം നിറവേറ്റിയപ്പോള്‍ മുംബൈയെ തകര്‍ത്ത് ഗുജറാത്ത് രഞ്ജി ചാമ്പ്യന്മാര്‍. കന്നിക്കിരീടം വിട്ടുകൊടുക്കാന്‍ മനസ്സില്ലാതെയായിരുന്നു അവസാന ദിനം ഗുജറാത്തിന്‍െറ ബാറ്റിങ്. ക്യാപ്റ്റന്‍െറ സെഞ്ച്വറി മികവില്‍ (143) വിജയലക്ഷ്യമായ 312 റണ്‍സ് അടിച്ചെടുത്ത ഗുജറാത്ത് അഞ്ചു വിക്കറ്റ് ജയത്തോടെ രഞ്ജിയില്‍ ആദ്യമായി മുത്തമിട്ടു. 196 പന്തില്‍ 24 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു നായകന്‍െറ ചാമ്പ്യന്‍ ഇന്നിങ്സ്. ആദ്യ ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്ന മന്‍പ്രീത് ജുനേജ 54 റണ്‍സുമായി പാര്‍ഥിവിന് മികച്ച പിന്തുണ നല്‍കി. ആദ്യ ഇന്നിങ്സില്‍ ഗുജറാത്ത് 100 റണ്‍സിന്‍െറ ലീഡ് നേടിയിരുന്നു. പാര്‍ഥിവ് പട്ടേല്‍ തന്നെയാണ് കളിയിലെ താരവും. സ്കോര്‍: മുംബൈ-228, 411, ഗുജറാത്ത് -328, 313/5.
വിക്കറ്റ് നഷ്ടപ്പെടാതെ 47 റണ്‍സ് എന്നനിലയില്‍ ഗുജറാത്ത് അവസാന ദിനം ക്രീസിലേക്കിറങ്ങുമ്പോള്‍ ചാമ്പ്യന്മാര്‍ ആരാവും എന്ന കാര്യം പ്രവചനാതീതമായിരുന്നു. ഒരു ദിവസം മാത്രം ശേഷിക്കെ ഇരുകൂട്ടര്‍ക്കും സാധ്യത. ഓപണര്‍മാരായ സമിത് ഗോഹല്‍ (21), പ്രിയങ്ക് പാഞ്ചാല്‍ (34) എന്നിവര്‍ കാര്യമായ തുടക്കം നല്‍കാതെ മടങ്ങി. പിന്നീടിറങ്ങിയ ഭാര്‍ഗവിനെ (2) പിടിച്ചുനില്‍ക്കാനനുവദിക്കാതെ ഭല്‍വീന്ദര്‍ സന്ധു പുറത്താക്കിയതോടെ വിജയം മുംബൈക്കൊപ്പമാവുമെന്ന് കരുതി. എന്നാല്‍, പാര്‍ഥിവ് പട്ടേല്‍ ജുനേജയെ (54) കൂട്ടുപിടിച്ച് രക്ഷകനായി.
ആദ്യമായാണ് ഗുജറാത്ത് രഞ്ജി ട്രോഫി സ്വന്തമാക്കുന്നത്. ഇതോടെ രഞ്ജി ട്രോഫി സ്വന്തമാക്കുന്ന ആദ്യ ഗുജറാത്ത് ക്യാപ്റ്റൻ കൂടിയായി പാർത്ഥിവ് മാറി. രണ്ടാമിന്നിങ്സിലെ സ്വെഞ്ചറിക്ക് പുറമെ ആദ്യ ഇന്നിങ്സിലെ 90 റൺസ് നേട്ടവും ഏഴു പേരെ പുറത്താക്കിയും പാർത്ഥിവ് നിറഞ്ഞാടിയ കലാശപ്പോരാട്ടത്തിനാണ് ഇന്ദോർ സാക്ഷിയായത്. ആഭ്യന്തര ക്രിക്കറ്റിലെ വൻ പുലികളായ മുംബൈയെയാണ് കലാശപ്പോരിൽ വീഴ്ത്തിയെന്നത് ഇരട്ടിനേട്ടമായി. ജസ്പ്രീത് ബുമ്ര, അക്സർ പട്ടേൽ എന്നീ തങ്ങളുടെ രണ്ട് പ്രധാന ബൗളർമാർ ഇല്ലാതെയായിരുന്നു ഗുജറാത്തിൻെറ നേട്ടം.
ജയ്പ്പൂരിൽ ബറോഡക്കെതിരെ സമനിലയിൽ മൂന്ന് പോയന്റുമായി തുടങ്ങിയ ഈ സീസൺ റെയിൽവേ, ഉത്തർപ്രദേശ്, ഝാർഖണ്ഡ് എന്നിവരെ കീഴടിക്കയാണ് പാർഥിവിൻെറ ടീം കലാശപ്പോരിലെത്തിയത്. രഞ്ജിക്ക് പുറമേ വിജയ് ഹസാരെ ട്രോഫി (നിലവിലെ ചാമ്പ്യൻമാർ), സയിദ് മുഷ്താഖ് അലി ട്രോഫി (രണ്ടു തവണ) എന്നിവ നേടി രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ആഭ്യന്തര കിരീടങ്ങൾ നേടിയെന്ന റെക്കോർഡും ഗുജറാത്ത് സ്വന്തമാക്കി. 46 തവണ ഫൈനലിലെത്തിയ മുംബൈ 41 തവണ ജേതാക്കളായിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.