സമിത് ഗോയല്‍ 359 * ഇത്​ നൂറ്റാണ്ടിന്‍െറ റെക്കോഡ്

ജയ്പുര്‍: ഗുജറാത്തിന്‍െറ രഞ്ജി ട്രോഫി സെമിപ്രവേശനത്തിന് ഇരട്ടിമധുരമായി സമിത് ഗോയലിന്‍െറ റെക്കോഡ് ട്രിപ്ള്‍ സെഞ്ച്വറി. ഓപണറായി ഇറങ്ങി ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍സ് അടിച്ചുകൂട്ടിയ സമിത് സ്വന്തമാക്കിയത് 117 വര്‍ഷം പഴക്കമുള്ള ലോക റെക്കോഡ്. ഒഡിഷക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന്‍െറ രണ്ടാം ഇന്നിങ്സിലായിരുന്നു മാസ്മരിക ഇന്നിങ്സ്. 723 പന്ത് നേരിട്ട് 45 ബൗണ്ടറിയും ഒരു സിക്സറും പറത്തി പുറത്താകാതെ നേടിയ 359 റണ്‍സുമായാണ് ഗുജറാത്തി താരം ക്രിക്കറ്റ് ചരിത്രത്തിലെ പുതു ലോക റെക്കോഡ് സ്വന്തം പേരിലാക്കിയത്. 1899ല്‍ ഇംഗ്ളീഷ് കൗണ്ടി ക്ളബായ സറെയുടെ ബോബി ആബേല്‍ നേടിയ 357 റണ്‍സായിരുന്നു ഇതുവരെ ക്രിക്കറ്റിലെ ഓപണര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഇതാണ് ഇക്കുറി ജയ്പുരില്‍ സമിത്തിനു മുന്നില്‍ വഴിമാറിയത്. ട്രിപ്ള്‍ മികവില്‍ ഗുജറാത്ത് രണ്ടാം ഇന്നിങ്സില്‍ 641 റണ്‍സെടുത്തു. 705 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡിഷ 22 ഓവറില്‍ ഒന്നിന് 81 എന്ന നിലയില്‍ നില്‍ക്കെ കളി അവസാനിച്ചു. ഒന്നാം ഇന്നിങ്സ് ലീഡുമായി ഗുജറാത്തിന് സെമി ഫൈനല്‍ പ്രവേശം.
16 മണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു ഗോയലിന്‍െറ മാരത്തണ്‍ ഇന്നിങ്സ്. ‘‘ഇതൊരു ലോക റെക്കോഡാണെന്ന് ഞാന്‍ അറിഞ്ഞില്ല. കൂടുതല്‍ നേരം ബാറ്റ് വീശാനായിരുന്നു തീരുമാനം. കോച്ച് വിജയ് പട്ടേലും ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലും ക്രീസില്‍നിന്ന് ലോങ് ഇന്നിങ്സ് കളിക്കാന്‍ പറഞ്ഞു. ഞാന്‍ ശ്രമിക്കുകമാത്രമാണ് ചെയ്തത്. ജീവിതത്തിലെ സന്തോഷമുള്ള ദിവസമാണിത്. എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ല’’ -റെക്കോഡ് നേട്ടത്തിനു പിന്നാലെ സമിത് ഗോയല്‍ പറഞ്ഞു. ഫസ്റ്റ്ക്ളാസ് ക്രിക്കറ്റില്‍ 81 വര്‍ഷത്തിനിടെ ട്രിപ്ള്‍ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാന്‍കൂടിയായി ഈ 26കാരന്‍. ഒപ്പം, ഗുജറാത്തിന്‍െറ ഏറ്റവും ഉയര്‍ന്ന രഞ്ജി ടോട്ടല്‍ കൂടി ജയ്പുരില്‍ പിറന്നു.

രഞ്ജി ട്രോഫി: മുംബൈ, ഗുജറാത്ത് സെമിയില്‍
മുംബൈ: ഝാര്‍ഖണ്ഡിനും തമിഴ്നാടിനും പിന്നാലെ മുംബൈയും ഗുജറാത്തും രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍. റായ്പുരില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈ ഹൈദരാബാദിനെ 30 റണ്‍സിന് തോല്‍പിച്ച് കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു. ജയ്പുരില്‍ നടന്ന ഗുജറാത്ത്-ഒഡിഷ മത്സരം അഞ്ചുദിനം കടന്നിട്ടും ഫലമില്ലാതെ സമനിലയില്‍ അവസാനിച്ചു. എന്നാല്‍, ഒന്നാം ഇന്നിങ്സിലെ ലീഡ് മികവില്‍ ഗുജറാത്ത് സെമിയില്‍ ഇടംപിടിച്ചു.
സ്കോര്‍ ചുരുക്കത്തില്‍
മുംബൈ: 294, 217, ഹൈദരാബാദ്: 280, 201
ഗുജറാത്ത്: 263, 641, ഒഡിഷ: 199, 81/1
തമിഴ്നാട് കര്‍ണാടകയെ തോല്‍പിച്ചും ഝാര്‍ഖണ്ഡ് ഹരിയാനയെ തോല്‍പിച്ചും നേരത്തേതന്നെ സെമി ബര്‍ത്തുറപ്പിച്ചിരുന്നു.
ഒന്നാം സെമിയില്‍ മുംബൈ തമിഴ്നാടിനെയും രണ്ടാം സെമിയില്‍ ഗുജറാത്ത് ഝാര്‍ഖണ്ഡിനെയും നേരിടും.  ഏഴിന് 121 റണ്‍സ് എന്ന നിലയില്‍ ക്രീസിലത്തെിയ ഹൈദരാബാദ് ബാലചന്ദ്ര അനിരുദ്ധിന്‍െറ മികവില്‍ ഉജ്ജ്വലമായ ചെറുത്തുനില്‍പാണ് കാഴ്ചവെച്ചത്. ജയിക്കാന്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ 111 റണ്‍സ് മതിയായിരുന്നു. എട്ടാം വിക്കറ്റില്‍ മിലിന്ദും (29) അനിരുദ്ധും (84) കൂട്ടുചേര്‍ന്നതോടെ ഉറപ്പിച്ച വിജയം മുംബൈയെ കൈവിടുമെന്ന് തോന്നിച്ചു. നിര്‍ണായക ഘട്ടത്തില്‍ പിറന്നത് 64 റണ്‍സ്. പക്ഷേ, പാതിമലയാളിയായ അഭിഷേക് നായര്‍ പന്തുമായത്തെിയതോടെ കളി വീണ്ടും വഴിമാറി. മിലിന്ദിനെ പുറത്താക്കിയ അഭിഷേക്, അതേ ഓവറില്‍ മുഹമ്മദ് സിറാജിനെയും (0) മടക്കി. അധികം വൈകുംമുമ്പ് അവസാന ബാറ്റ്സ്മാന്‍ രവി കിരണിനെയും (1) പുറത്താക്കിയതോടെ മുംബൈയുടെ ഫൈനല്‍ പ്രവേശനം ഉറപ്പായി. രണ്ട് ഇന്നിങ്സിലുമായി ഒമ്പതു വിക്കറ്റും 67 റണ്‍സും നേടിയ അഭിഷേകാണ് കളിയിലെ കേമന്‍.

Tags:    
News Summary - Ranji Trophy: Samit Gohel 359* breaks 117-yr-old cricket record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.