കേരളത്തിന് ലീഡ്; രോഹന്‍ പ്രേമിന് റണ്‍വേട്ടയില്‍ റെക്കോഡ്

മുംബൈ: രഞ്ജി ക്രിക്കറ്റ് ഗ്രൂപ് സിയില്‍  ഗോവക്കെതിരെ കേരളം പിടിമുറുക്കുന്നു. 56 റണ്‍സിന്‍െറ ഒന്നാമിന്നിങ്സ് ലീഡ് നേടിയ കേരളം മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാലിന് 154 എന്ന നിലയിലാണ്. 169ന് ആറ് എന്ന നിലയില്‍ മൂന്നാം ദിനം കളിതുടങ്ങിയ ഗോവയെ കേരളം 286 റണ്‍സിന് പുറത്താക്കി. 342 റണ്‍സായിരുന്നു കേരളത്തിന്‍െറ ഒന്നാമിന്നിങ്സ് സ്കോര്‍.  210 റണ്‍സാണ് കേരളത്തിന്‍െറ ആകെ ലീഡ്.  മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ അര്‍ധസെഞ്ച്വറിയുമായി ക്യാപ്റ്റന്‍ രോഹന്‍ പ്രേമും (60) മുഹമ്മദ് അസറുദ്ദീനും (56) ക്രീസിലുണ്ട്. നാലിന് 54 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ അപരാജിതമായ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഇരുവരും കരകയറ്റുകയായിരുന്നു. ഒന്നാമിന്നിങ്സില്‍ സെഞ്ച്വറി നേടിയ മറുനാടന്‍ താരം ഭവിന്‍ തക്കര്‍ ഒരു റണ്‍സിന് പുറത്തായി. 

സഞ്ജു സാംസണ്‍ പൂജ്യത്തിനും മടങ്ങി. സചിന്‍ ബേബിക്കും (ആറ്) തിളങ്ങാനായില്ല. വി. വിനോദ്കുമാര്‍ 20 റണ്‍സെടുത്തു. ഗോവക്കായി ബണ്ടേക്കര്‍ മൂന്നു വിക്കറ്റും ഫെലിക്സ് അലമാവോ ഒരു വിക്കറ്റും നേടി. ഒന്നാമിന്നിങ്സില്‍ സെഞ്ച്വറി നേടിയ രോഹന്‍ പ്രേം രഞ്ജി ക്രിക്കറ്റില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു.  73 കളികളില്‍നിന്ന് 3921റണ്‍സ് നേടിയ ശ്രീകുമാര്‍ നായരുടെ റെക്കോഡാണ് 71 കളികളില്‍നിന്ന് 3928 റണ്‍സുമായി രോഹന്‍ കഴിഞ്ഞദിവസം മറികടന്നത്. 

രണ്ടാമിന്നിങ്സിലെ 60 റണ്‍സുകൂടി ചേര്‍ക്കുമ്പോള്‍ 3988 റണ്‍സാണ് രോഹന്‍െറ പേരിലുള്ളത്. 12 റണ്‍സുകൂടി നേടിയാല്‍ 4000 ക്ളബിലത്തെുന്ന ആദ്യ കേരളതാരമാകാം. രോഹന്‍ കരിയറില്‍ 12 സെഞ്ച്വറിയും 16 അര്‍ധസെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം സീസണിലും 500ല്‍ കൂടുതല്‍ റണ്‍സ് നേട്ടവും കേരള ക്യാപ്റ്റന്‍െറ പേരിലായി. 169ന് ആറ് എന്ന നിലയില്‍ മൂന്നാം ദിനം ഒന്നാമിന്നിങ്സ് പുനരാരംഭിച്ച ഗോവന്‍ നിരയില്‍ ശദാബ് ജകാതിയും (85) സൗരഭ് ബണ്ടേക്കറും (35) ആണ് തിളങ്ങിയത്. കേരളത്തിന്‍െറ വിനോദ് കുമാര്‍ നാലും സന്ദീപ് വാര്യര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. 
Tags:    
News Summary - ranji trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.