രഞ്ജി ട്രോഫി: കരുതലോടെ കേരളം; ആദ്യദിനം നാലിന് 163

കൊല്‍ക്കത്ത: രഞ്ജി ട്രോഫിയിലെ ആദ്യമത്സരത്തില്‍ കശ്മീരിനെതിരെ ലീഡോടു കൂടി സമനില നേടി ഈഡന്‍ ഗാര്‍ഡനിലത്തെിയ കേരളത്തിന് ഹിമാചലിനെതിരെ കരുതലോടെ തുടക്കം. തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം കരകയറിയ കേരളത്തിന് ആദ്യദിനം നേടാനായത് നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ്. അര്‍ധശതകം കുറിച്ച സചിന്‍ ബേബിയും (52) വി.എ. ജഗദീഷുമാണ് (24) ക്രീസില്‍.

ടോസ് നേടി കേരളത്തെ ബാറ്റിങ്ങിനയച്ച ഹിമാചലിന്‍െറ തീരുമാനത്തെ ശരിവെക്കുന്ന തരത്തിലുള്ള മുന്നേറ്റം നടത്തിയ ബൗളര്‍മാര്‍ സ്കോര്‍ ബോര്‍ഡ് 106 പിന്നിടുന്നതിനിടെ പവലിയനിലേക്ക് മടക്കിയയച്ചത് നാലു ബാറ്റ്സ്മാന്മാരെ. കശ്മീരിനെതിരെ കരുത്തുറ്റ  സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച സഞ്ജു വി. സാംസണ് ഹിമാചലിനെതിരെ അര്‍ധശതകം പോലും തീര്‍ക്കാനായില്ല. ധവാന്‍െറ പന്തില്‍ ബാനിസിന് പിടികൊടുത്ത് സഞ്ജു മടങ്ങുമ്പോള്‍ കേരള സ്കോര്‍ബോര്‍ഡിന് സംഭാവന നല്‍കാനായത് 152 പന്തുകളില്‍ നിന്ന് 47  റണ്‍സ്.

വിക്കറ്റുകള്‍ക്കു മുന്നില്‍ കുരുങ്ങി നായകന്‍ രോഹന്‍ പ്രേമും (14) മടങ്ങിയതോടെ പരിതാപകരമായ കേരളത്തെ അല്‍പമെങ്കിലും താങ്ങിനിര്‍ത്താനായത് സഞ്ജുവിന്‍െറ ശ്രമം ഒന്നുകൊണ്ടു മാത്രമാണ്. മനോഹരമായ ഡെലിവെറിയില്‍ ജലജ് സക്സേനയെ (രണ്ട്) ക്ളീന്‍ ബൗള്‍ഡാക്കി മടക്കിയയച്ച്  നിര്‍മോഹിയാണ്  കേരള താരങ്ങള്‍ക്കെതിരെ ഹിമാചലിന്‍െറ പിടിമുറുക്കല്‍ പരിപാടിക്ക് തുടക്കമിട്ടത്. സക്സേന മടങ്ങുമ്പോള്‍ 14 റണ്‍സ് കാട്ടിയ സ്കോര്‍ബോര്‍ഡില്‍ മൂന്നു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തില്‍ തക്കറും വീണു. ഇത്തവണ പ്രഹരമേല്‍പിച്ചത് ദോഗ്റയുടെ കൃത്യതയാര്‍ന്ന ഉന്നം.

തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുന്നതിനിടെ സഞ്ജു നടത്തിയ ചെറിയ ചെറുത്തുനില്‍പ്പുകളാണ് ഹിമാചല്‍ ബൗളര്‍മാരുടെ ആക്രമണശൈലിക്ക് അല്‍പമെങ്കിലും ശമനമുണ്ടാക്കിയത്. പ്രതിരോധത്തിലേക്ക് താഴ്ന്നും ചില അവസരങ്ങളില്‍ ആക്രമിച്ചു മുന്നേറിയും സ്കോര്‍ ബോര്‍ഡ് മൂന്നക്കം കടത്തുന്നതിനിടെ ഏഴു ബൗണ്ടറികളും ഒരു സിക്സറും സഞ്ജുവിന്‍െറ ബാറ്റില്‍ നിന്നു പിറന്നു. ധവാന്‍െറ പന്തില്‍ ആഞ്ഞടിക്കാനുള്ള ശ്രമത്തിനിടെ പന്ത് ബെയിന്‍സിന്‍െറ കൈകളിലൊതുങ്ങിയതോടെ അര്‍ധസെഞ്ച്വറിക്കരികില്‍ വെച്ച്  47ാം റണ്‍സില്‍ സഞ്ജുവിന് ക്രീസ് വിടേണ്ടിവന്നു.

സഞ്ജു അടിത്തറ പാകിയ ഇന്നിങ്സില്‍ പിന്നീട് കണ്ടത് വളരെ കരുതലോടെ ബാറ്റു വീശുന്ന സചിന്‍ ബേബിയെയും ജഗദീഷിനെയുമാണ്. ധവാനും നിര്‍മോഹിയും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇനി വിക്കറ്റു കളയേണ്ടതില്ളെന്ന തീരുമാനമെടുത്തതു പോലെയായിരുന്നു ഇരുവരുടെയും പ്രകടനം. ഇതിനിടെ ജെയ്സാലിനെയും ഗുര്‍വിന്ദര്‍ സിങ്ങിനെയും പരീക്ഷിച്ചെങ്കിലും കീഴടങ്ങാന്‍ ഒരിക്കല്‍പോലും ഒരുക്കമായിരുന്നില്ല കേരള ബാറ്റ്സ്മാന്മാര്‍.
റണ്‍സ് ഒഴുക്ക് കുറയുന്നതു കാര്യമാക്കാതെ ക്രീസില്‍ നിലയുറപ്പിക്കാനുള്ള ശ്രമത്തിനിടയിലും മനോഹരമായി കളിക്കാനുള്ള സചിന്‍െറ ശ്രമങ്ങള്‍ക്ക് ഗുണമുണ്ടായി. ആറു തവണ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് 168 പന്തുകളില്‍ നിന്നായി 52 റണ്‍സ് അടിച്ചെടുത്ത് ഭേദപ്പെട്ട പ്രകടനമാണ് ഉപനായകന്‍ കേരളത്തിനായി നടത്തിയത്. 83 പന്തുകളില്‍ നിന്നായി 24 റണ്‍സ് നേടിയ ജഗദീഷിന്‍െറ പിന്തുണയാണ് സചിന് തുണയായത്. ധവാനും നിര്‍മോഹിയും ഗുര്‍വിന്ദറും  നേടിയത് ഓരോ വിക്കറ്റുകള്‍.

സ്കോര്‍ ബോര്‍ഡ്

കേരളം : ബി.ജെ. തക്കര്‍ 14 റണ്ണൗട്ട്, സക്സേന 2 ബി നിര്‍മോഹി, രോഹന്‍ പ്രേം 14 എല്‍.ബി.ഡബ്ള്യു ബി. ഗുര്‍വിന്ദര്‍ സിങ്, സഞ്ജു വി. സാംസണ്‍ 47 സി. ബാനിസ് ബി. ധവാന്‍.
വിക്കറ്റ് വീഴ്ച
1-14, 2-17, 3-49, 4-106
ഹിമാചല്‍പ്രദേശ്
ധവാന്‍ 21 8 43 1, നിര്‍മോഹി    15 5 29 1, ജസ്വല്‍ 11 3 42 0 , ഗുര്‍വിന്ദര്‍      18 9 17 1

Tags:    
News Summary - ranji trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.