ഭുവനേശ്വര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരെ കേരളത്തിന് സമനില. കേരളം പടുത്തുയര്‍ത്തിയ ഒന്നാം ഇന്നിങ്സ് സ്കോര്‍ 517നെതിരെ ഫോളോഓണ്‍ വഴങ്ങിയ ഹൈദരാബാദ് അവസാന ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 220 റണ്‍സെടുത്തിരുന്നു. ഒന്നാം ഇന്നിങ്സില്‍ ഹൈദരാബാദ് 281 റണ്‍സിന് പുറത്തായതിന് പിന്നാലെയാണ് ഫോളോ ഓണ്‍ ചെയ്യേണ്ടിവന്നത്.
ഒന്നാം ഇന്നിങ്സ് ലീഡിന്‍െറ ബലത്തില്‍ കേരളത്തിനു മൂന്നു പോയന്‍റ് ലഭിച്ചു. ഇതോടെ ഗ്രൂപ് സിയില്‍ നില മെച്ചപ്പെടുത്തി പത്തില്‍നിന്ന് എട്ടാം സ്ഥാനത്തേക്ക് കേരളം ഉയര്‍ന്നു. ഒരു പോയന്‍റ് നേടിയ ഹൈദരാബാദ് മൊത്തം ഏഴ് പോയന്‍റുമായി ആറാമതാണ്. ബി. അനിരുദ്ധിന്‍െറ ആദ്യ ഫസ്റ്റ് ക്ളാസ് സെഞ്ച്വറി പ്രകടനമാണ് ഹൈദരാബാദിന് രണ്ടാം ഇന്നിങ്സില്‍ തുണയായത്.
രണ്ടു സിക്സറുകളും 14 ബൗണ്ടറികളും പറത്തി 258 പന്തില്‍നിന്ന് പുറത്താകാതെ 120 റണ്‍സാണ് അനിരുദ്ധ് നേടിയത്.ഒന്നാം ഇന്നിങ്സില്‍ കെ.എസ്. മോനിഷിന്‍െറെയും സന്ദീപ് വാര്യരുടെയും ബൗളിങ് ആക്രമണത്തില്‍ 281 റണ്‍സെടുക്കുന്നതിനിടെ ഹൈദരാബാദിന്‍െറ ഇന്നിങ്സിന് അവസാനിച്ചു.
വിദര്‍ഭയെ സമനിലയില്‍ തളച്ച് അസം
തുമ്പ സെന്‍റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജിട്രോഫി ക്രിക്കറ്റില്‍ കരുത്തരായ വിദര്‍ഭയെ അസം സമനിലയില്‍ തളച്ചു. ഒന്നാം ഇന്നിങ്സ് ലീഡിന്‍െറ കരുത്തില്‍ വിദര്‍ഭ മൂന്ന് പോയന്‍റ് നേടി. കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ അസമിന് സമനിലയോടെ ഒരു പോയന്‍റ് ലഭിച്ചു.
വിദര്‍ഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി നാലാംദിനം 98/3 എന്ന സ്കോറില്‍ ബാറ്റിങ് പുനരാരംഭിച്ച അസം 227 റണ്‍സിന് ഓള്‍ ഒൗട്ടാകുകയായിരുന്നു.അസം ഓള്‍ റൗണ്ടര്‍ സരുപം പുര്‍ക്കാവസ്ത 44 റണ്‍സുമായി പുറത്താകാതെ നിന്നു.
20 ഓവറില്‍ 72 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത എ.എ.സര്‍വാതെയാണ് അസം നിരയെ തകര്‍ത്തെറിഞ്ഞത്. 189 റണ്‍സിന്‍െറ കടവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ അസം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സുമായി നില്‍ക്കവേ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.