ന്യൂഡൽഹി: എം.പിയായിട്ടും രാജ്യസഭയിൽ കയറിയില്ലെന്ന വിമർശനം തീർക്കാനായി വന്നതായിരുന്നു ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ. എന്നാൽ, രാജ്യസഭയിൽ സചിന് കമാ എന്നൊരക്ഷരം മിണ്ടാൻ പ്രതിപക്ഷ ബഹളത്തിൽ സാധിച്ചില്ല.
കുട്ടികൾക്ക് കളിക്കാനുള്ള അവകാശത്തെ കുറിച്ച സംവാദത്തിന്റെ തുടക്കമെന്ന നിലയിൽ ‘‘കളിക്കാനുള്ള അവകാശവും ഇന്ത്യൻ കായിക മേഖലയുടെ ഭാവിയും’’ എന്ന വിഷയത്തിൽ ചർച്ചക്കായി സചിൻ നോട്ടീസ് നൽകിയിരുന്നു. വിഷയം അവതരിപ്പിക്കാൻ ബുധനാഴ്ച ഉച്ചക്കായിരുന്നു സചിന് ഉപാധ്യക്ഷൻ എം. വെങ്കയ്യ നായിഡു അനുമതി നൽകിയത്. നിരവധി പദ്ധതികൾ അവതരിപ്പിക്കാൻ എഴുന്നേറ്റ സചിന് പ്രസംഗം നടത്താൻ സാധിച്ചില്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പാകിസ്താനുമായി ചേർന്ന് ഉപജാപം നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് എം.പിമാർ ഒച്ചവെച്ചതോടെ സചിൻ പ്രസംഗം തുടരാൻ 10 മിനിറ്റോളം കാത്തു നിന്നു. ഫലമുണ്ടായില്ലെന്ന് മാത്രമല്ല േകാൺഗ്രസ് എം.പിമാർ ബഹളം തുടർന്ന് കൊണ്ടേയിരുന്നു.
സഭാ അധ്യക്ഷൻ പരമാവധി ശ്രമിച്ചെങ്കിലും എം.പിമാർ ചെവി കൊണ്ടില്ല. ഭാരതരത്ന നേടിയ സചിന്റെ വാക്കുകൾ ശ്രവിക്കാനായി രാജ്യം കാതോർക്കുകയാണ്. നിങ്ങൾ നിശബ്ദരാവണം. സ്പോർട്സാണ് ഇവിടെ ചർച്ച ചെയ്യുന്നതെന്നും വെങ്കയ്യ നായിഡു അംഗങ്ങളോട് പറഞ്ഞു. എന്നാൽ, ഇത് വകവെക്കാതെ പ്രതിപക്ഷം ബഹളം ശക്തമാക്കുകയും തുടർന്ന് സഭാ നടപടികൾ അധ്യക്ഷൻ നിർത്തിവെക്കുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യസഭയിലെ ഒരു ചർച്ചയിൽ ആദ്യമായാണ് സചിൻ പങ്കെടുത്തു സംസാരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.