‘സിസർക്കട്ടു’മായി സചിൻ

മുംബൈ: തകർപ്പൻ കട്ടുകളിലൂടെ ക്രിക്കറ്റ് പ്രേമികളെ കോരിത്തരിപ്പിച്ചിട്ടുള്ള മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽക്കർ ‘സിസർക്കട്ടു’മായി രംഗത്ത്. 

മകനും ക്രിക്കറ്റ് താരവുമായ അർജുനിന്‍റെ തലയിൽ ഹെയർകട്ട് പരീക്ഷിക്കുന്ന ചിത്രം സചിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് വൈറലാവുകയാണ്. സചിൻ 'ഹെയർ സ്റ്റൈലിസ്റ്റ് ' ആയപ്പോൾ 'സലൂൺ അസിസ്റ്റൻറ്' ആയത് മകൾ സാറയാണ്.

'പിതാവ് എന്ന നിലയിൽ നമ്മൾ എന്തും ചെയ്യേണ്ടിവരും. മക്കൾക്കൊപ്പം കളിക്കുന്നത് മുതൽ അവരുടെ മുടിവെട്ടി കൊടുക്കുന്നത് വരെ. എന്‍റെ ഹെയർ കട്ടിങ് എന്ത് തന്നെ ആയാലും നീ എല്ലായ്പ്പോഴും സുന്ദരനാണ് അർജുൻ. പ്രത്യേക നന്ദി സലൂൺ അസിസ്റ്റൻറ്' സാറ "- സചിൻ ചിത്രത്തിനൊപ്പമെഴുതി.

കഴിഞ്ഞ മാസം സ്വയം മുടിവെട്ടുന്ന ചിത്രങ്ങൾ പങ്കുവച്ച് സചിൻ രംഗത്തെത്തിയിരുന്നു. ‘ഫ്രം പ്ലേയിങ് സ്ക്വയർ കട്ട്സ് ടു ഡൂയിങ് മൈ ഓൺ ഹെയർ കട്ട്സ്’ എന്നു കുറിച്ചാണ് സചിൻ ഈ ചിത്രങ്ങൾ പങ്കുവച്ചത്.

മുടി വെട്ടിയൊതുക്കിയ ചിത്രം പങ്കുവച്ചശേഷം തന്‍റെ വെട്ട് എങ്ങനെയുണ്ടെന്ന് താരം ചോദിച്ചതും വ്യത്യസ്ത കാര്യങ്ങൾ ചെയ്യാൻ തനിക്ക് ഏറെയിഷ്ടമാണെന്ന് സചിൻ പറഞ്ഞതുമൊക്കെ ആരാധകർ ഏറ്റെടുത്തിരുന്നു.

പക്ഷേ, ഇതിനെക്കാൾ ആരാധകർ ഏറ്റെടുത്തത് ഒരു കമന്‍റാണ്. ഇംഗ്ലണ്ട് വനിതാ ടീം താരമായ ഡാനിയേല വ്യാട്ടാണ് രസകരമായ ആ കമന്‍റ് ഇട്ടത്. അർജുൻ ടെണ്ടുൽക്കറിനെ ടാഗ് ചെയ്ത് വ്യാട്ട് ചോദിച്ചത് 'ആ മുടിയൊന്നു വെട്ടിക്കൊടുത്തൂടേ?’ എന്നാണ്.

ലോക്ഡൗണിൽ കുരുങ്ങിയതോടെ കായിക താരങ്ങൾ ഉൾപ്പെടെയുള്ള സെലബ്രിറ്റികൾ ഭാര്യമാരുടെ സഹായത്തോടെ മുടിവെട്ടുന്നത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഫുട്ബാൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി തുടങ്ങിയവർ ഭാര്യമാർ മുടിവെട്ടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Tags:    
News Summary - Sachin Tendulkar Haircut to son Arjun -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.