ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒമ്പതു വിക്കറ്റ് ജയവുമായി ട്വൻറി20 പരമ്പര ദക്ഷിണാഫ്രിക്ക സമനിലയിലാക്കി (1-1). രണ്ടാം ജയത്തോടെ പരമ്പര നേടാനുറച്ചിറങ്ങിയ ഇന്ത്യയെ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 134 റൺസിലൊതുക്കിയ സന്ദർശകർ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 16.5 ഒാവറിൽ ലക്ഷ്യം മറികടന്നു. നായകനായി ആദ്യ പരമ്പരക്കിറങ്ങിയ ക്വിൻറൺ ഡികോക്കിെൻറ (79 നോട്ടൗട്ട്) വെടിക്കെട്ട് ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കക്ക് അനായാസ വിജയം നൽകിയത്. ഒാപണർ റീസ ഹെൻഡ്രിക്സിെൻറ (28) വിക്കറ്റു മാത്രമാണ് അവർക്ക് നഷ്ടമായത്. തെംബ ബവുമ (27) പുറത്താവാതെ നിന്നു.
ടോസിൽ ജയിച്ച് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഇടങ്കയ്യന്മാരായ സ്പിന്നർ ബ്യോൺ ഫോർച്യൂയ്നും (19 റൺസിന് രണ്ടു വിക്കറ്റ്) ബ്യൂറൻ ഹെൻഡ്രിക്സുമാണ് (14 റൺസിന് രണ്ടു വിക്കറ്റ്) പിടിച്ചുകെട്ടിയത്. 39 റൺസ് വഴങ്ങിയെങ്കിലും കാഗിസോ റബാദ മൂന്ന് വിക്കറ്റെടുത്തു.
36 റൺസെടുത്ത ശിഖർ ധവാനാണ് ടോപ്സ്കോറർ. രോഹിത് ശർമയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഒമ്പതു റൺസ് വീതമെടുത്ത് പുറത്തായപ്പോൾ ഋഷഭ് പന്ത് (19), ശ്രേയസ് അയ്യർ (5), ഹാർദിക് പാണ്ഡ്യ (14), ക്രുണാൽ പാണ്ഡ്യ (4), രവീന്ദ്ര ജദേജ (19), വാഷിങ്ടൺ സുന്ദർ (4) എന്നിവർക്കൊന്നും തിളങ്ങാനായില്ല.
സ്കോർ 22ൽ നിൽക്കെ രോഹിതിനെ ഹെൻഡ്രിക്സ് പുറത്താക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ ധവാനും കോഹ്ലിയും ഒത്തുചേർന്നതോടെ ഇന്ത്യ പ്രതീക്ഷയിലായിരുന്നു. എന്നാൽ, സ്കോർ 63ൽനിൽക്കെ ഇൗ കൂട്ടുകെട്ട് പൊളിഞ്ഞതോടെ ഇന്ത്യക്ക് പിന്നീട് തിരിച്ചുവരാനായില്ല. ടെസ്റ്റ് പരമ്പരക്ക് ഒക്ടോബർ രണ്ടിന് തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.