കൊളംബോ: ദുർബലരായ ശ്രീലങ്കക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്താൽ എന്തായിരിക്കും അവസ്ഥ എന്ന ചോദ്യത്തിന് അവസാനം. പരമ്പരയിൽ ആദ്യമായി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ നിശ്ചിത 50 ഒാവറിൽ പിറന്നത് 375 റൺസ്. കൂറ്റൻ വിജയ ലക്ഷ്യത്തിനു മുമ്പിൽ തുടക്കം മുതലെ തോൽവി സമ്മതിച്ച ലങ്കക്കാർ പതിവുപോലെ തകർന്നടിഞ്ഞു. ഇത്തവണ 168 റൺസിനായിരുന്നു തോൽവി. എയ്ഞ്ചലോ മാത്യൂസിെൻറ(70) ഒറ്റയാൾ പോരാട്ടം ഇന്ത്യയുടെ റൺമലക്കുമുന്നിൽ ഒന്നുമല്ലാതായി.
മുന്നിൽനിന്ന് നയിച്ച നായകൻ വിരാട് കോഹ്ലിയും (96 പന്തിൽ 131) ഉപനായകൻ രോഹിത് ശർമയും (88 പന്തിൽ 104) സെഞ്ച്വറികൊണ്ട് പെരുന്നാൾ തീർത്തപ്പോൾ ലങ്കക്കെതിരായ നാലാം ഏകദിനത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. ശ്രീലങ്കൻ മണ്ണിൽ വിദേശ ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ടൂർണമെൻറിൽ ആദ്യമായി അവസരം കിട്ടിയ മനീഷ് പാണ്ഡെയും (42 പന്തിൽ 50) 300ാം മത്സരത്തിനിറങ്ങിയ എം.എസ്. ധോണിയും (42 പന്തിൽ 49) ഇന്ത്യയെ അവസാനംവരെ താങ്ങിനിർത്തി. ഇതോടെ 300 ക്ലബിൽ ഇടംപിടിക്കുന്ന ആറാമത്തെ ഇന്ത്യൻതാരമായി േധാണി. 29ാം സെഞ്ച്വറി നേടിയ കോഹ്ലി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിൽ മൂന്നാമതെത്തി. പേസ് ബൗളർ ഷർദൂൽ ഠാകുർ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ചു.
ആദ്യ രണ്ട് ഏകദിനങ്ങളിലും ടോസ് നേടിയിട്ടും ബൗളിങ് തിരഞ്ഞെടുത്ത നായകൻ വിരാട് കോഹ്ലി ഇന്നലെ ആദ്യമായി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. രണ്ടാം ഒാവറിൽതന്നെ ശിഖർ ധവാനെ (നാല്) പുറത്താക്കി കോഹ്ലിയുടെ തീരുമാനത്തെ ഫെർണാണ്ടോ ചോദ്യംചെയ്തു. വിക്കറ്റ് പോയത് കണക്കിൽപെടുത്താതെ ബാറ്റ് വീശിയ കോഹ്ലിയും രോഹിതുമായിരുന്നു കൊളംബോയിലെ താരങ്ങൾ. 26ാം ഒാവറിൽ ഇന്ത്യ 200 കടന്നു. രണ്ടാം വിക്കറ്റിൽ 219 റൺസ് ചേർത്ത ശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. രോഹിതിെൻറ ബാറ്റിൽ നിന്ന് മൂന്ന് സിക്സും 11 ബൗണ്ടറികളും പിറന്നപ്പോൾ രണ്ട് സിക്സും 17 ഫോറും അടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഹർദിക് പാണ്ഡ്യ സിക്സ് അടിച്ച് തുടങ്ങിയെങ്കിലും 19 റൺസ് വെരയേ ആയുസ്സുണ്ടായിരുന്നുള്ളൂ.
ഇടക്ക് ഏയ്ഞ്ചലോ മാത്യൂസ് കളി തട്ടിയെടുക്കുമെന്ന് തോന്നിച്ചു. ലോകേഷ് രാഹുലും (ഏഴ്) പുറത്തായതോടെ 12 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഇവിടെനിന്നാണ് ധോണി-പാണ്ഡെ സഖ്യം ആറാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയത്. പിരിയാത്ത കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 101 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.