കൊളംബോ: ദക്ഷിണാഫ്രിക്ക കീഴടക്കി മരതകദ്വീപിലെത്തിയ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ത്രിരാഷ്ട്ര ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കക്കു മുന്നിൽ ഇന്ത്യ അഞ്ചു വിക്കറ്റിന് തോറ്റു. ബാറ്റിലും ബാളിലും രോഹിതും സംഘവും പൂർണപരാജയമായപ്പോൾ, അവസരത്തിനൊത്തുയർന്ന ശ്രീലങ്ക പേരുദോഷം മാറ്റി തിരിച്ചെത്തി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ശിഖർ ധവാെൻറ വെടിക്കെട്ട് ബാറ്റിങ് മികവിൽ (49 പന്തിൽ 90) അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തപ്പോൾ ആതിഥേയർ അഞ്ചു വിക്കറ്റും ഒമ്പതു പന്തും ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. 37 പന്തിൽ 66 റൺസെടുത്ത കുശാൽ പെരേരയാണ് മാൻ ഒാഫ് ദ മാച്ച്.
വർഗീയ സംഘർഷത്തെ തുടർന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യത്ത് കനത്ത സുരക്ഷയിലായിരുന്നു മത്സരം. വ്യാഴാഴ്ച ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് അടുത്ത മത്സരം.
റൺ ധവാൻ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകർച്ചയോടെയായിരുന്നു തുടക്കം. സ്വദേശത്തെയും വിദേശത്തെയും ജൈത്രയാത്രയുടെ ആവേശത്തിലെത്തിയ നീലപ്പടക്ക് നായകൻ രോഹിത് ശർമയെ (0) ആദ്യ ഒാവറിൽ തന്നെ നഷ്ടമായി. ദുശ്മന്ത ചമീരയുടെ നിർദോഷമായ പന്ത് കുത്തി ഉയർത്തിയ രോഹിതിനെ ജീവൻ െമൻഡിസ് പിറകോട്ട് ഒാടി പിടിച്ച് മടക്കുകയായിരുന്നു. രണ്ടാം ഒാവറിൽ സുരേഷ് റെയ്ന (1) കൂടി കൂടാരം കയറിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി.
എന്നാൽ, വിദേശ മണ്ണിൽ മിന്നുന്ന ഫോം നിലനിർത്തുന്ന ശിഖർ ധവാൻ ഉത്തരവാദിത്തമേറ്റെടുത്തതോടെ മൂന്നാം വിക്കറ്റിൽ ഇന്ത്യൻ സ്കോർ വേഗം കൈവരിച്ചു. 49 പന്തിൽ ആറു സിക്സും ആറു ബൗണ്ടറിയും പറത്തിയ ധവാൻ 90 റൺസെടുത്താണ് പുറത്തായത്. കൂറ്റൻ ഷോട്ടിനുള്ള ശ്രമത്തിനിടെയാണ് മടങ്ങിയത്. മനീഷ് പാണ്ഡെയെ (35 പന്തിൽ 37) കൂട്ടുപിടിച്ചാണ് ധവാൻ സ്കോർ ബോർഡുയർത്തിയത്. പാണ്ഡെക്കു പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്ത് (23 പന്തിൽ 23) ധവാന് ഉറച്ച പിന്തുണ നൽകി. അവസാന ഒാവറുകളിൽ ദിനേഷ് കാർത്തികും (13) സ്കോർ ചലിപ്പിച്ചു.
മറുപടി ബാറ്റിങ്ങിൽ ഗുണതിലകെയും (19) കുശാൽ മെൻഡിസും (11) നൽകിയ തുടക്കം പിന്നീട് ക്രീസിലെത്തിയവർ നിലനിർത്തി. നാല് സിക്സും ആറ് ബൗണ്ടറിയും പറത്തിയ കുശാൽ പെരേരയാണ് വിജയമൊരുക്കിയത്. ഇടക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമൽ (14), ഉപുൽ തരംഗ (17), ദാസൻ ശനക (15 േനാട്ടൗട്ട്), തിസാര പെരേര (22 നോട്ടൗട്ട്) എന്നിവർ ചേർന്ന് വിജയം ഉറപ്പാക്കി. ഇന്ത്യയുടെ വാഷിങ്ടൺ സുന്ദറും യുസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശർദുൽ ഠാകുറും ജയദേവ് ഉനദ്കടും 12 ശരാശരിയിൽ റൺസ് വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.