കൃഷ്ണഗിരി (വയനാട്): മിന്നല്വേഗത്തെ അത്രമേല്‍ പ്രണയിച്ച കൃഷ്ണഗിരിയുടെ നടുത്തളം ബാ റ്റ്സ്മാന്മാര്ക്കും അനുസരണയോടെ വഴങ്ങിക്കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യ ‘എ’ ക്കെതിരായ ഒന്നാം ചതുര്‍ദിന ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിന് മികച്ച തുടക്കം. പേസും ബൗണ്‍സും കുറഞ്ഞ്, ഭാവവും രീതികളും മാറിയ പിച്ചില്‍ ആദ്യദിനം സ്റ്റെമ്പടുക്കുമ്പോള് ലയണ്‍സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയിലാണ്. അര്‍ധശതകം നേടിയ ബെന്‍ ഡക്കറ്റ് (80), സാം ഹെയ്ന് (61) എന്നിവരാണ് മികച്ച സ്കോറിന് അടിത്തറയിട്ടത്.
39 റണ്‍സുമായി സ്റ്റീവ് മുല്ലാനിയും 40 റണ്‍സെടുത്ത് വില്‍ ജാക്സും ക്രീസിലുണ്ട്. ഒന്നര ദിനംകൊണ്ട് രഞ്ജി സെമിഫൈനല്‍ പെയ്തുതോര്‍ന്ന പിച്ചില്‍ ഇത്തവണ കളിക്ക് ദൈര്ഘ്യമേറുമെന്നുറപ്പ്. ടോസ് നേടിയ ഇന്ത്യ എ ക്യാപ്റ്റന്‍ അങ്കിത് ഭാവ്നെ പിച്ചിലെ ഈര്‍പ്പവും പതിവുസ്വഭാവവും കണക്കിലെടുത്ത് സന്ദര്‍ശകരെ ബാറ്റിങ്ങിനയച്ചു. രഞ്ജി ട്രോഫി മത്സരങ്ങളില്‍ പേസ് ബൗളിങ്ങിെൻറ പറുദീസയായിരുന്ന പിച്ചില്‍ ആദ്യസെഷനില്‍തന്നെ ബാറ്റിങ് അനായാസകരമായിരുന്നു. തുടക്കംമുതല്‍ ആക്രമിച്ചുകളിച്ച ഡക്കറ്റ് ഒന്നാന്തരം ഷോട്ടുകളുമുതിര്ത്ത് മുന്നേറി. രണ്ടാഴ്ച മുമ്പ് ഉമേഷ് യാദവും സന്ദീപ് വാര്യരും ബേസില്‍ തമ്പിയും തീതുപ്പിയ പിച്ചില്‍ ഷാര്‍ദുല്‍ ഠാക്കൂറും നവ്ദീപ് സെയ്നിയും ആവേശ് ഖാനും ശരാശരിവേഗക്കാര് മാത്രമായി.
ഒന്നാം വിക്കറ്റില്‍ 82 റണ്‍സ് ചേര്‍ത്തശേഷം മാക്സ് ഹോള്‍ഡനെ (26) നഷ്ടമായ ലയണ്‍സിന് രണ്ടാം സെഷനില്‍ രണ്ടു വിക്കറ്റുകള്‍ കൂടി അടിയറവെക്കേണ്ടിവന്നു. 118 പന്തില്‍ 15 ഫോറടക്കം 80 റണ്‍സെടുത്ത ഡക്കറ്റിനെ ഷാര്‍ദുല്‍ ക്ലീന്‍ബൗള്‍ഡാക്കിയപ്പോള്‍ ഒലി പോപ്പിനെ (എട്ട്) ആവേശും അതേ രീതിയില്‍ തിരിച്ചയച്ചു. ചായക്കു തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ സാം ബില്ലിങ്സ് (ഒമ്പത്) പുറത്ത്. സൈനിയുടെ പന്തില്‍ വിക്കറ്റിനുപിന്നില്‍ ഭരതിന് ക്യാച്ച്. 167 പന്തില്‍ ആറു ഫോറടക്കം 61ലത്തെിയ ഹെയ്നിെൻറ വിക്കറ്റ് കേരളതാരം ജലജ് സക്സേനക്കായിരുന്നു. ബൗണ്ടറിക്കുള്ള ശ്രമം പാളി പന്ത് ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ഭരതിന് വീണ്ടും ക്യാച്ച്. പിന്നീട് ഒത്തുചേര്‍ന്ന മുലാനിയും ജാക്സും അപരാജിതമായ ആറാം വിക്കറ്റില്‍ 65 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് സ്കോര്‍ 300 കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.