ജോഹന്നാസ്ബർഗ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിെൻറ രണ്ടാം ദിനം ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ് തകർച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 187 റൺസ് പിന്തുടരുന്ന ആതിഥേയർ 194ന് പുറത്തായി. അഞ്ച് വിക്കറ്റ് പിഴുത ജസ്പ്രീത് ബുംറയുടെ മീഡിയം പേസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ബുവനേഷ്വർ കുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സ്കോർ: ഇന്ത്യ - 187, 49/1 ദക്ഷിണാഫ്രിക്ക: 194
അതേ സമയം രണ്ടാം ഇന്നിങ്സാരംഭിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. 16 റൺസെടുത്ത പാർഥിവ് പേട്ടലാണ് പുറത്തായത്. ഫിൻലാൻഡറിെൻറ പന്തിൽ മാക്രത്തിന് ക്യാച്ച് നൽകിയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മടങ്ങിയത്. രണ്ടാം ദിനം അവസാനിച്ചപ്പോൾ 47 ന് ഒന്ന് എന്ന നിലയിലുള്ള ഇന്ത്യക്ക് 42 റൺസ് ലീഡുണ്ട്. മുരളി വിജയും (13) ലോകേഷ് രാഹുലുമാണ് (16) ക്രീസിൽ.
ഹാഷിം ആംലയുടെ (61) ചെറുത്തുനിൽപൊഴിച്ചാൽ രണ്ടാം ദിനം ദക്ഷിണാഫ്രിക്കക്ക് ആശ്വസിക്കാൻ കാര്യമായ വകയൊന്നുമുണ്ടായില്ല. നൈറ്റ് വാച്ച്മാൻ റബാദ (30), ഫിലാൻഡർ (35) എന്നിവർ മാത്രമാണ് ആംലക്കൊപ്പം ഇരട്ടയക്കം കണ്ടത്. ടീം സ്കോർ 16 റൺസിലെത്തിനിൽക്കെ എൽഗറിനെ (രണ്ട്) പുറത്താക്കി ഭുവനേശ്വർ കുമാറാണ് ആദ്യ തിരിച്ചടി നൽകിയത്. മൂന്നാം വിക്കറ്റിൽ ആംല-റബാദ കൂട്ടുകെട്ട് പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ഇവർ പിരിഞ്ഞതിനു പിന്നാലെ ഡിവില്ലിയേഴ്സ് (അഞ്ച്), ഡ്യുപ്ലസി (എട്ട്), ഡികോക്ക് (എട്ട്) എന്നിവർ നിരനിരയായി പവിലിയൻ പൂകി. ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റെടുത്തപ്പോൾ ഷമിയും ഇശാന്തും ഒാരോ വിക്കറ്റെടുത്തു.
ഇന്ത്യയുെട ഇന്നിങ്സ് തകർച്ചയായിരുന്നു വാണ്ടറേഴ്സിലെ ആദ്യ ദിവസത്തെ കാഴ്ച. സ്വന്തം മണ്ണിലെ പിച്ചുകളിൽ ബാറ്റിങ്ങ് അതിശയം കാഴ്ചവെക്കുന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് പട തീ തുപ്പുന്ന ദക്ഷിണാഫ്രിക്കൻ പന്തുകൾക്കു മുന്നിൽ ശരിക്കും മുട്ടിടിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റിലെങ്കിലും ജയിക്കാനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് വെറും 183 റൺസിന് ദക്ഷിണാഫ്രിക്ക മടക്കിക്കെട്ടി. വിരാട് കോഹ്ലിയും ചേതേശ്വർ പുജാരയും നേടിയ അർധ സെഞ്ച്വറിയും വാലറ്റത്ത് ഭുവനേശ്വർ കുമാർ പൊരുതി നേടിയ 30 റൺസും മാത്രമാണ് ഇന്ത്യൻ ഇന്നിങ്സിലെ ചെറുത്തുനിൽപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.