സ്പാനിഷ് കിങ്സ് കപ്പ്: റിസര്‍വ് കരുത്തില്‍ മുന്‍നിരക്കാര്‍

ബാഴ്സലോണ: സൂപ്പര്‍ സ്ട്രൈക്കര്‍മാര്‍ക്ക് വിശ്രമമനുവദിച്ച് സ്പാനിഷ് കിങ്സ് കപ്പിലെ (കോപ ഡെല്‍ റെ) അവസാന 32 റൗണ്ട് ടീം റൗണ്ടിലെ ആദ്യപാദ മത്സരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്‍ ബാഴ്സലോണക്കും റയല്‍ മഡ്രിഡിനും തകര്‍പ്പന്‍ ജയം. ബാഴ്സലോണയാണ് 6-1 ജയവുമായി എതിരാളിയെ തച്ചുതകര്‍ത്ത പ്രകടനം കാഴ്ചവെച്ചത്.
സാന്‍ഡ്രോ റാമിറസിന്‍െറ ഹാട്രിക് കുതിപ്പില്‍ ബാഴ്സ തോല്‍പിച്ചത് വിയ്യനോവെന്‍സിനെ. വിവാദം നിറംകെടുത്തിയ എവേ മത്സരത്തില്‍ റയല്‍ മഡ്രിഡ് 3-1ന് കാഡിസിനെ തോല്‍പിച്ചു.
ലയണല്‍ മെസ്സി പരിഗണിക്കാതിരുന്ന മത്സരത്തില്‍ നെയ്മറും ലൂയിസ് സുവാരസും ഇനിയേസ്റ്റയും സബ്റ്റിറ്റ്യൂട്ട് ബെഞ്ചിലിരുന്നപ്പോള്‍ കിട്ടിയ അവസരം റിസര്‍വ് താരങ്ങള്‍ അറിഞ്ഞുമുതലെടുത്തു. നാലാം മിനിറ്റില്‍ ഡാനി ആല്‍വസ് തുടങ്ങിയ ഗോള്‍വേട്ടയില്‍ 21, 31, 69 മിനിറ്റുകളില്‍ വലകുലുക്കി റാമിറസ് പങ്കാളിയായി. മുനിര്‍ എല്‍ ഹദ്ദാദിയും ഇരട്ട ഗോളുകളുമായി (51’, 76’) ബാഴ്സയുടെ ഗോള്‍പട്ടിക സമ്പന്നമാക്കി. 29ാം മിനിറ്റില്‍ യുവാന്‍ഫ്രാന്‍ ആണ് വിയ്യനോവെന്‍സിനായി ഒരു ഗോള്‍ കണ്ടത്തെിയത്.
വിവാദ നായകനായ റഷ്യന്‍ താരം ഡെന്നിസ് ചെറിഷേവിന്‍െറ മൂന്നാം മിനിറ്റ് ഗോളോടെയാണ് റയല്‍ തുടങ്ങിയത്. 65, 74 മിനിറ്റുകളിലെ പ്രഹരങ്ങളുമായി ഇസ്കോ റയലിന്‍െറ ലീഡുയര്‍ത്തി. 88ാം മിനിറ്റില്‍ കികെ മാര്‍ക്വസിലൂടെ കാഡിസ് ഒരു ഗോള്‍ മടക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരത് ബെയ്ലും കരീം ബെന്‍സേമയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് റാഫേല്‍ ബെനിറ്റസ് വിശ്രമം നല്‍കി.
മറ്റു മത്സരങ്ങളില്‍ സെല്‍റ്റ ഡി വിഗോ അല്‍മെരിയയെയും (3-1) വലന്‍സിയ ബരകല്‍ദോയെയും (3-1) ഡിപോര്‍ട്ടിവോ ലാ കൊരൂന ലിയാഗോസ്റ്റെരയെയും (2-1)  തോല്‍പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.