സാഫ് ഫുട്ബാൾ: സൗകര്യമില്ലെന്ന്; ശ്രീലങ്കന്‍ ടീം പരിശീലന മത്സരങ്ങള്‍ റദ്ദാക്കി

തിരുവനന്തപുരം: 11ാമത് സാഫ് ഗെയിംസിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡില്‍ പന്തുരുളാന്‍ ദിവസങ്ങള്‍ ശേഷിക്കെ സംഘാടകരായ കേരള ഫുട്ബാള്‍ അസോസിയേഷനും ജില്ലാ ഫുട്ബാള്‍ അസോസിയേഷനും രണ്ടുതട്ടില്‍. ഇന്ത്യയടക്കം ഏഴ് രാജ്യങ്ങള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ ടീമുകള്‍ എത്തുമ്പോഴും ആവശ്യമായ താമസ-പരിശീലനസൗകര്യങ്ങള്‍ സംബന്ധിച്ച് സംഘാടകര്‍ക്ക് ധാരണയില്ല. വിവരങ്ങള്‍ കൈമാറാത്തത് സംബന്ധിച്ച് കേരള ഫുട്ബാള്‍ അസോസിയേഷനെ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വി. ശിവന്‍കുട്ടി എം.എല്‍.എ അതൃപ്തി അറിയിച്ചു.
അതേസമയം, മികച്ച പരിശീലന ഗ്രൗണ്ടില്ലാത്തതിലും കളിക്കാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കാത്തതിലും പ്രതിഷേധിച്ച് ശ്രീലങ്കന്‍ ഫുട്ബാള്‍ ടീം അവശേഷിച്ച പരിശീലനങ്ങള്‍ റദ്ദാക്കി. ഡിസംബര്‍ ഏഴിനാണ് ശ്രീലങ്കന്‍ ടീം എത്തിയത്. ഇവര്‍ക്ക് കാര്യവട്ടം എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടിലാണ് പരിശീലനമൊരുക്കിയിരിക്കുന്നത്. എന്നാല്‍, 10ന് എസ്.ബി.ടിയുമായുള്ള സൗഹൃദ മത്സരത്തില്‍ ടീമിലെ പ്രമുഖ കളിക്കാര്‍ക്ക് ഗ്രൗണ്ടിലെ കുഴിയില്‍ വീണ് പരിക്കേറ്റു. സംഘാടകരോട് അതൃപ്തി അറിയിച്ച ശ്രീലങ്കന്‍ കോച്ച് തുടര്‍ന്ന് കെ.എസ്.ഇ.ബി, ഏജീസ് ടീമുകളുമായുള്ള മത്സരത്തില്‍നിന്ന് പിന്മാറിയതായി അറിയിച്ചു.
ശനിയാഴ്ചയോടെ എത്തുന്ന അഫ്ഗാനടക്കം ടീമുകള്‍ക്ക് പരിശീലനത്തിന് കണ്ടുവെച്ച പൊലീസ് ഗ്രൗണ്ടിന്‍െറ അവസ്ഥയും പരിതാപകരമാണ്. ഇന്ത്യയൊഴികെ ടീമുകള്‍ക്ക് എല്‍.എന്‍.സി.പി.ഇയില്‍ പരിശീലന സൗകര്യമൊരുക്കാമെന്ന നിലപാടിലാണ് കേരള ഫുട്ബാള്‍ അസോസിയേഷന്‍. രണ്ട് നേരങ്ങളിലാകും പരിശീലനം. അതേസമയം, ബാക്കി ടീമുകളും മാച്ച് റഫറിമാരും എന്നത്തെും എന്നത് സംബന്ധിച്ചും അധികൃതര്‍ക്ക് ധാരണയില്ല. ടൂര്‍ണമെന്‍റിന്‍െറ നടത്തിപ്പ് നാലുകോടിക്ക് സ്വകാര്യ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെയാണ് ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ ഏല്‍പ്പിച്ചത്. ഐ.പി.എല്ലും ഐ.സി.എല്ലും നടത്തി പരിചയമുള്ള കമ്പനി സാഫ് ഗെയിംസിന്‍െറ കാര്യത്തില്‍ വിവരങ്ങള്‍ സംഘാടകരെ അറിയിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമത്രെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.