നാളെ പോരാട്ടം കിരീടത്തിന്

മഡ്ഗാവ്: ബെനോലിമിനടുത്ത വാടിയില്‍ വയലുകള്‍ക്ക് നടുവിലാണ് സ്പോര്‍ട്സ് അതോറിറ്റിയുടെ ഫുട്ബാള്‍ മൈതാനം. ഫൈനലിനുമുമ്പുള്ള ഒരുക്കങ്ങളിലേക്ക് ആ പച്ചപ്പിനു നടുവിലാണ് വെള്ളിയാഴ്ച സൂപ്പര്‍ മച്ചാന്‍സ് ബൂട്ടുകെട്ടിയിറങ്ങിയത്. വിജനപ്രദേശത്ത് വൈകീട്ട് അഞ്ചോടെ പരിശീലനം തുടങ്ങി പത്തു മിനിറ്റാവുമ്പോഴേക്ക് കമ്പിവേലിക്കപ്പുറത്ത് കാഴ്ചക്കാരായി ഒട്ടേറെ ആരാധകരത്തെിത്തുടങ്ങി. ഐ.എസ്.എല്‍ ഫൈനലില്‍ തങ്ങളുടെ സ്വന്തം ടീമായ എഫ്.സി ഗോവക്കെതിരെ ഞായറാഴ്ച മഡ്ഗാവില്‍ അങ്കത്തിനിറങ്ങുന്ന ചെന്നൈയിന്‍ താരങ്ങള്‍ക്ക് ഗോവന്‍മണ്ണില്‍ ഇഷ്ടക്കാരേറെയാണെന്ന് വാടിയിലെ പരിശീലനം തെളിയിച്ചുകാട്ടി. താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും തിരക്കുകൂട്ടിയ കളിക്കമ്പക്കാര്‍ അതിന്‍െറ തെളിവായിരുന്നു.

ഗ്രൗണ്ടില്‍ മാര്‍കോ മറ്റരാസിയും കുട്ടികളും വിയര്‍പ്പൊഴുക്കി പരിശീലനമൊന്നും നടത്തിയില്ല. താരങ്ങളെല്ലാം വളരെ റിലാക്സ്ഡായിരുന്നു. എഴുതിത്തള്ളിയവരെ ഞെട്ടിച്ച് പൊരുതിക്കയറിയതിന്‍െറ ആവേശം ഓരോ മുഖങ്ങളിലുമുണ്ട്. കുറച്ചുനേരത്തെ പരിശീലനത്തിനുശേഷം ബ്രസീലിന്‍െറ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ എലാനോ കസേരയില്‍ വിശ്രമത്തിലായി. സുരക്ഷാ ഉദ്യോഗസ്ഥരോട് കെഞ്ചി ബ്രസീലുകാരന്‍െറ ഓട്ടോഗ്രാഫ് വാങ്ങാന്‍ശ്രമിച്ച സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എലാനോതന്നെ തുണയായി. വിലപ്പെട്ട ഓട്ടോഗ്രാഫ് കിട്ടിയതോടെ കുട്ടികളും ഹാപ്പി. ഒരുപറ്റം താരങ്ങള്‍ ഒരുവശത്ത് പരിശീലനം നടത്തുമ്പോള്‍ മറ്റരാസി മൈതാനത്തിരുന്ന് മറ്റു ചിലരുമായി കുശലം പറയുന്നു. ഇതിനിടയിലെല്ലാം ആരാധകര്‍ തേടിയ മുഖങ്ങളിലൊന്ന് ടോപ്സ്കോറര്‍ സ്റ്റീവന്‍ മെന്‍ഡോസയുടേതായിരുന്നു. പക്ഷേ, കോച്ച് വിശ്രമംനല്‍കിയതിനെ തുടര്‍ന്ന് മെന്‍ഡോസയും ജെജെയും മെഹ്റാജുദ്ദീന്‍ വാദുവുമൊന്നും വാടിയിലത്തെിയില്ല.

ചെന്നൈയിനിന്‍െറ മലയാളിമുഖം അരീക്കോട്ടുകാരന്‍ എം.പി. സക്കീറാണ്. രണ്ടാംപാദ സെമിയില്‍ കളത്തിലിറങ്ങിയ സക്കീറിന് നേരിയ പരിക്കുണ്ട്. എന്നാലും ഫൈനലില്‍ കളത്തിലിറങ്ങുമെന്ന് സക്കീര്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. സെമിപ്രവേശം മാനസികമായി ഞങ്ങള്‍ക്കുനല്‍കിയ കരുത്ത് ഏറെയാണ്. ഒരു കുടുംബംപോലെയാണ് ചെന്നൈ ടീം. ഓരോ താരങ്ങളുടെ കാര്യത്തിലും ടീം മാനേജ്മെന്‍റിന് അത്രയേറെ കരുതലുണ്ട്. അതുകൊണ്ടുതന്നെ ഈ കിരീടത്തിലേക്ക് ഞങ്ങള്‍ മനസ്സര്‍പ്പിച്ച് പൊരുതും’- സക്കീര്‍ പറഞ്ഞു. പനജിയില്‍ തങ്ങുന്ന എഫ്.സി ഗോവ ടീം വാസ്കോയിലെ തിലക് റൗണ്ടിലാണ് വെള്ളിയാഴ്ച പരിശീലനം നടത്തിയത്.

അവിശ്വസനീയം; ഈ തിരിച്ചുവരവ്

കഴിഞ്ഞതവണ പോയന്‍റ് നിലയില്‍ ഒന്നാമതത്തെി അനായാസം സെമി ഉറപ്പാക്കിയ തമിഴക ടീമിന് ഇക്കുറി അവസാന നാലിലേക്കുള്ള പ്രവേശം ഏറെ കടുപ്പമേറിയതായിരുന്നു. 10 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഇത്തവണ മറ്റരാസിയുടെ മച്ചാന്‍ സംഘം പോയന്‍റ് നിലയില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു. നവംബര്‍ 18ന് സാള്‍ട്ട്ലേക്കില്‍ കൊല്‍ക്കത്തയോട് 2-1ന് തോറ്റതോടെ ചെന്നൈയിനിന്‍െറ കഥകഴിഞ്ഞെന്ന് കരുതിയവരായിരുന്നു ഏറെയും. എന്നാല്‍, കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തി പിന്നീട് മെന്‍ഡോസയും കൂട്ടുകാരും എതിര്‍വലക്കണ്ണികളെ തുരുതുരാ പ്രകമ്പനം കൊള്ളിച്ചപ്പോള്‍ അവിശ്വസനീയമായൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍െറ ചിത്രമാണ് തെളിഞ്ഞത്.
അവസരോചിതമായ മിടുക്കും നോര്‍ത് ഈസ്റ്റിന്‍െറ ഇടര്‍ച്ചനല്‍കിയ ഭാഗ്യവുമൊക്കെച്ചേര്‍ത്ത് ചെന്നൈയിന്‍ സെമിയിലത്തെിയപ്പോള്‍ അതു കണ്ടുപഠിക്കേണ്ട പാഠംതന്നെയായി. ഒടുവില്‍ സെമിഫൈനലില്‍ കൊല്‍ക്കത്തയത്തെന്നെ മുട്ടുകുത്തിച്ച ഫൈനല്‍ പ്രവേശവും.
എല്ലാം അസ്തമിച്ചെന്ന് കരുതിയേടത്തുനിന്ന് നവംബര്‍ 21ന് കേരളാ ബ്ളാസ്റ്റേഴ്സിനെ 4-1ന് തകര്‍ത്തായിരുന്നു തിരിച്ചുവരവു പ്രതീക്ഷകളിലേക്കുള്ള തുടക്കം. മെന്‍ഡോസയുടെ ഹാട്രിക്കാണ് അന്ന് ടീമിന് കരുത്തു പകര്‍ന്നത്. അടുത്തകളിയില്‍ ഡല്‍ഹി ഡൈനാമോസിനെ തോല്‍പിച്ചത് 4-0ത്തിന്. പിന്നാലെ, മുംബൈ സിറ്റി എഫ്.സിയെ 3-0ത്തിനും കശക്കിയെറിഞ്ഞു. മൂന്നു തുടര്‍വിജയങ്ങള്‍ പക്ഷേ, സെമി ഉറപ്പുനല്‍കിയിരുന്നില്ല. നിര്‍ണായകമത്സരത്തില്‍ പുണെക്കെതിരെ എവേ മത്സരത്തില്‍ തോറ്റാല്‍ പുറത്താകുമായിരുന്നു. എന്നാല്‍, ആ മത്സരം 1-0ത്തിന് ജയിച്ച് ചാരത്തില്‍നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ചെന്നൈ പറന്നുകയറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.