യോകോഹമ: ക്ലബ് ഫുട്ബാളിലെ രാജാകിരീടത്തിലേറാൻ അർജൻറീന അങ്കം. യൂറോപ്യൻ ചാമ്പ്യന്മാരായ ബാഴ്സലോണയും അർജൻറീന ചാമ്പ്യൻ റിവർപ്ലേറ്റുമാണ് കൊമ്പുകോർക്കുന്നതെങ്കിലും മൈതാനത്തെ അന്തിമവിജയം കാത്തിരിക്കുന്നത് അർജൻറീനക്കാവും. ബാഴ്സയുടെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിക്കും ഹാവിയർ മഷറാനോക്കും പ്രിയപ്പെട്ടവരാണ് എതിരാളികളായ റിവർപ്ലേറ്റ്. കളിച്ചിട്ടില്ലെങ്കിലും ആദ്യകാലങ്ങളിൽ മെസ്സിയുടെ ഇഷ്ട സംഘം.
മഷറാനോക്കാവട്ടെ ക്ലബ് കരിയർ തുടങ്ങിയ ടീമും. എന്നാൽ, ഇതൊന്നും കളിയിലെ ഘടകങ്ങളല്ലെന്നാണ് മഷറാനോയുടെ പ്രഖ്യാപനം. ‘പൂർണമായും ബാഴ്സക്കായി സമർപ്പിതമാണ്. ഞങ്ങൾക്ക് ജയിക്കണം. മറ്റൊരു ക്ലബ് ലോകകിരീടവുമായി ചരിത്രത്തിെൻറ ഭാഗമാവണം. ബാഴ്സയെപ്പോലൊരു ടീമിെൻറ ഭാഗമാവുമ്പോൾ എതിരാളിയാരെന്ന് ബാധകമേയല്ല.–മഷറാനോ പറഞ്ഞു. 2011ൽ അവസാനമായി ബാഴ്സലോണ ക്ലബ് ലോകകപ്പ് ജേതാക്കളായപ്പോൾ ടീമംഗമായിരുന്നു മഷറാനോ.
സെമിയിൽ പുറത്തിരുന്ന ലയണൽ മെസ്സിയും നെയ്മറും ശനിയാഴ്ച പരിശീലനത്തിനിറങ്ങിയെന്നതാണ് ബാഴ്സയുടെ പ്രധാനവാർത്ത. അഞ്ചാം കിരീടവുമായി ഈ വർഷം അവസാനിപ്പിക്കാനൊരുങ്ങുന്ന ലൂയി എൻറിക് താരനിരകളുമായി കളത്തിലിറങ്ങുമെന്നും സൂചന നൽകുന്നു.
യൂറോപ്യൻ ചാമ്പ്യന്മാരായ ബാഴ്സലോണ സെമിയിൽ ഏഷ്യൻ ചാമ്പ്യന്മാരായ ചൈനയുടെ ഗ്വാങ്ചോ എവർഗ്രാൻഡെയെയാണ് വീഴ്ത്തിയത്. സുവാരസിെൻറ ഹാട്രിക് ഗോളിൽ 3–0ത്തിനായിരുന്നു വിജയം. സീസണിൽ തകർപ്പൻ ഫോം തുടരുന്ന സുവാരസ് 17 കളിയിൽ 19 ഗോളടിച്ചാണ് മുന്നേറുന്നത്.
ആതിഥേയ ക്ലബ് സാൻഫ്രെസെ ഹിരോഷിമയെ ഒരു ഗോളിൽ തോൽപിച്ചാണ് റിവർപ്ലേറ്റിെൻറ ഫൈനൽ പ്രവേശം. ബാഴ്സയെ അട്ടിമറിച്ചാൽ ക്ലബ് ലോകകപ്പിൽ മുത്തമിടുന്ന ആദ്യ അർജൻറീന ടീമെന്ന റെക്കോഡും റിവർപ്ലേറ്റിനെ കാത്തിരിക്കുന്നു. ക്ലബ് ലോകകപ്പിലെ മൂന്നാംകിരീടം തേടിയാണ് ബാഴ്സലോണ ഇറങ്ങുന്നത്. 2009, 2011ലായിരുന്നു നേരത്തെ ചാമ്പ്യന്മാരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.