???.?? ???? ??? ???????? ??????? ?????? ??????????????? ????????????

ഐ.എസ്​.എൽ ഫൈനൽ ഇന്ന്

മഡ്ഗാവ്: ഈ നഗരം ഫുട്ബാൾ ആവേശത്തിെൻറ ഉച്ചിയിലാണിപ്പോൾ. എവിടെയും നിറയുന്നത് കളിയുടെ വർത്തമാനങ്ങൾ. ഫട്ടോർഡ നെഹ്റു സ്​റ്റേഡിയത്തിെൻറ പുൽമേട്ടിൽ ഞായറാഴ്ച ഇന്ത്യൻ സൂപ്പർ ലീഗിെൻറ കലാശപ്പോരിലേക്ക് വിസിൽ മുഴങ്ങാനിരിക്കെ ഒരു കാർണിവലിെൻറ പ്രതീതിയിലാണ് മഡ്ഗാവിെൻറ മണ്ണും മനസ്സും. ആവേശക്കാഴ്ചകളുടെ എട്ടാഴ്ചയും 60 മത്സരങ്ങളും പെയ്തുതോർന്ന് അന്തിമ പോരാട്ടത്തിലെത്തി നിൽക്കുമ്പോൾ ഒരുവശത്ത് ഇതിഹാസതാരം സീക്കോ പരിശീലിപ്പിക്കുന്ന ആതിഥേയ നിരയായ എഫ്.സി ഗോവ. മറുവശത്ത് മാർക്കോ മറ്റരാസിയുടെ ശിക്ഷണത്തിൽ തിരിച്ചുവരവിെൻറ പുതുചരിത്രമെഴുതി കലാശക്കളിയിലേക്ക് ചുവടുവെച്ച ചെന്നൈയിൻ എഫ്.സി. ഒഴിവുദിന ജനക്കൂട്ടത്തെ സാക്ഷിനിർത്തി വൈകീട്ട് ഏഴിന് അവസാന കളിയുടെ കിക്കോഫ് വിസിൽ മുഴങ്ങുന്നത് പ്രവചനാതീതമായ പോരാട്ടത്തിലേക്കാണ്.

വിജയത്തിെൻറ മധുരിമയിൽ ‘ഫോർസ ഗോവ’ ഗാനം പാടിത്തിമിർക്കാൻ ഒരുനാടു മുഴുവൻ കാത്തിരിക്കുകയാണ്. ഗോവ ജയിക്കുമെന്ന പ്രതീക്ഷകളുടെ തീരത്താണ് ഈ കടലോര നഗരമിപ്പോൾ. നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളിൽ പലതിലും എഫ്.സി ഗോവയുടെ പതാകയും ലോഗോയുമൊക്കെ ആലേഖനം ചെയ്തിരിക്കുന്നു. റസ്​റ്റാറൻറുകളിൽ എഫ്.സി ഗോവയെന്ന ആശയത്തിലൂന്നി തയാറാക്കിയ പ്രത്യേക വിഭവങ്ങൾ. കരിഞ്ചന്തയിൽ തീവില കൊടുത്തെങ്കിലും കേവലം 19,000 പേർക്കിരിക്കാവുന്ന ഗാലറിയിലേക്ക് ഒരു ടിക്കറ്റ് തരപ്പെടുമോയെന്ന് തിരക്കി നടക്കുന്നവരേറെയാണിവിടെ.

എന്നാൽ, അങ്ങുദൂരെ പ്രളയദുരിതത്തിൽനിന്ന് പതിയെ കരകയറുന്ന ചെന്നൈ നഗരത്തിെൻറ മുഴുവൻ പ്രാർഥനകളുമായാണ് സൂപ്പർ മച്ചാൻസിെൻറ പടയൊരുക്കം. സാധ്യതകളുടെ അവസാന കച്ചിത്തുരുമ്പിൽ പിടിച്ചുകയറി പിന്നീട് മികവുകാട്ടിയ ടീമിെൻറ പ്രചോദനവും അതുതന്നെയാണ്. പ്രളയം മഹാദുരന്തം വിതച്ച നഗരത്തിന് കിരീടത്തിെൻറ ആശ്വാസമാണ് ടീമിെൻറ ലക്ഷ്യമെന്നതിനാൽ ചെന്നൈക്ക് ഈ മത്സരം ജയിച്ചേതീരുവെന്ന് വാർത്താസമ്മേളനത്തിൽ നായകൻ എലാനോയും മറ്റരാസിയും പറഞ്ഞു.
തിണ്ണമിടുക്ക് തുണക്കുമോ
ഈ കലാശക്കളിയിൽ കാണികളാണ് ഗോവയുടെ കരുത്ത്. അകമഴിഞ്ഞു തുണക്കുന്ന കാണികൾക്കുവേണ്ടി ഈ കപ്പുനേടണമെന്നാണ് സീക്കോയുടെ മനസ്സിലിരിപ്പ്. എന്നാൽ, ഫട്ടോർഡയിലെ ആരവങ്ങൾക്കുമുന്നിൽ മുട്ടിടിക്കുന്നവരല്ല തങ്ങളെന്ന് ലീഗിൽ തെളിയിച്ച ഏക ടീമാണ് ചെന്നൈ. സീസണിൽ ഹോംഗ്രൗണ്ടിൽ ഗോവക്കേറ്റ ഏക തോൽവി തമിഴക ടീമിൽനിന്നായിരുന്നു. അതും എതിരില്ലാത്ത നാലു ഗോളിന്. എന്നാൽ, കരുത്തരായ മുംബൈയെ പിന്നീട് കാണികളുടെ പിന്തുണയോടെ 7–0ത്തിന് നിലംപരിശാക്കി ശക്തിതെളിയിച്ച പ്രകടനം ഗോവ നടത്തിയിട്ടുണ്ടെന്നതും മറക്കാനാവില്ല. കടലാസിൽ ഇരുനിരയും തുല്യശക്തികളാണ്. ഇരുടീമും ശനിയാഴ്ച വൈകീട്ട് ഫട്ടോർഡ സ്​റ്റേഡിയത്തിൽ അവസാനവട്ട പരിശീലനത്തിനിറങ്ങിയിരുന്നു. ഒരുപാട് കാണികളാണ് സ്​റ്റേഡിയത്തിൽ താരങ്ങളെ കാണാനെത്തിയത്. ഫൈനലിനു മുന്നോടിയായ പരിപാടികളുടെ റിഹേഴ്സലും ശനിയാഴ്ച നടന്നു.
സീക്കോ x മറ്റരാസി
ഇരു കോച്ചുമാരും സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രംമെനയാനുള്ള മിടുക്ക് തെളിയിച്ചുകഴിഞ്ഞു. 4–4–2 ശൈലിയിൽ കളിക്കുന്ന ടീമിനെ ഹോംഗ്രൗണ്ടിൽ 3–5–2ലേക്ക് മാറ്റി വിന്യസിക്കാൻ സീക്കോ ധൈര്യം കാട്ടിയിരുന്നു. ഡൽഹിക്കെതിരെ ആദ്യപാദ സെമിയിൽ 1–0ത്തിന് പിന്നിട്ടുനിന്നശേഷം രണ്ടാംപാദത്തിൽ ടീം 3–0ത്തിന് ജയിച്ചുകയറിയത് പ്രതിരോധത്തിൽ മൂന്നുപേരെമാത്രം അണിനിരത്തിയാണെന്നത് എതിരാളികളെപ്പോലും വിസ്​മയിപ്പിച്ചു. ഫൈനലിലും അറ്റാക്കിങ്ങിന് പ്രാമുഖ്യംനൽകിയുള്ള അതേ തന്ത്രം സീക്കോ അവലംബിച്ചേക്കും.
എന്നാൽ, കളി എതിരാളികളുടെ മണ്ണിലായതിനാൽ കൂടുതൽ ജാഗരൂകമായ സമീപനമായിരിക്കും മറ്റരാസിയുടേത്. മധ്യനിരയിൽ നാലുപേരെ അണിനിരത്തിയുള്ള പരമ്പരാഗത വിന്യാസത്തിനുപുറമെ ഡയമണ്ട് ഫോർമേഷനിലും ചെന്നൈ ഇക്കുറി കളം നിറഞ്ഞിട്ടുണ്ട്.
മെൻഡോസ x ലൂസിയോ
12 ഗോളുമായി ടോപ്സ്​കോറർ സ്​ഥാനത്തു നിൽക്കുന്ന സ്​റ്റീവൻ മെൻഡോസയെ തളക്കുകയെന്ന ദുഷ്കരമായ ദൗത്യത്തിന് ഗോവൻനിരയിൽ നേതൃത്വംനൽകുന്നത് ബ്രസീലിെൻറ മഞ്ഞക്കുപ്പായത്തിൽ ഒരുപാടു മത്സരങ്ങൾക്ക് കോട്ടകെട്ടിയ പരിചയസമ്പന്നനായ ലൂസിയോ ആണ്. ഗ്രിഗറി അർനോലിൻ അടക്കമുള്ളവർ ലൂസിയോയുടെ സഹായത്തിനുണ്ടാകും. പരിക്കു കാരണം രാജു ഗെയ്ക്ക്വാദ് ശനിയാഴ്ച കളിക്കില്ല. എലാനോയും ബ്രൂണോ പെലിസാരിയുമടങ്ങുന്ന ചെന്നൈ മധ്യനിരയും ഗോവക്ക് വെല്ലുവിളിയൊരുക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.