?????????????? ?????? ????? ?????????? ???????? ????? ?????????? ??????? _??. ?????????

സാഫ് കപ്പ്: നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

തിരുവനന്തപുരം: ഗൂര്‍ഖകള്‍ കാവല്‍നിന്ന ഗോള്‍മുഖത്ത് ഗോള്‍മഴ തീര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ് ചാമ്പ്യന്മാരായി സെമിയിലേക്ക്. ഒരു ഗോളിന് പിന്നില്‍നിന്നശേഷം നാല് ഗോളുകള്‍ അടിച്ചുകയറ്റിയായിരുന്നു സുനില്‍ ഛേത്രിയുടെ സംഘത്തിന്‍െറ ആധികാരിക ജയം. സൂപ്പര്‍ ലീഗിലെ സൂപ്പര്‍ താരങ്ങള്‍ പന്തുതട്ടാനിറങ്ങിയിട്ടും നീലക്കടുവകളുടെ സൂപ്പര്‍താരമായത് മിസോറമുകാരനായ കൗമാരക്കാരന്‍ ലാലിയന്‍ സുവാല ചാങ്തേ. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങി, രണ്ട് മിന്നുന്ന ഗോളുമായാണ് 18കാരന്‍ ചാങ്തേ ഇന്ത്യന്‍ വിജയത്തിലെ സൂപ്പര്‍ താരമായി ഉദിച്ചുയര്‍ന്നത്. ഇന്ത്യന്‍ ദേശീയ കുപ്പായത്തില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ചാങ്തേ മാറി. ബൈച്യുങ് ബൂട്ടിയയുടെ റെക്കോഡാണ് തന്‍െറ രണ്ടാം മത്സരത്തില്‍ മിസോറമുകാരന്‍ തിരുത്തിയെഴുതിയത്. കളിയുടെ 81, 90 മിനിറ്റിലായിരുന്നു ചാങ്തേ പ്രതിഭയുടെ കൈയൊപ്പുചാര്‍ത്തിയ ഇരട്ട ഗോളടിച്ചത്. മൂന്നാം മിനിറ്റില്‍ ബിമല്‍ മഗാറിന്‍െറ ഗോളിലൂടെ നേപ്പാളാണ് മുന്നിട്ടുനിന്നത്. തിരിച്ചടിക്കായി ദാഹിച്ച നീലപ്പട 26ാം മിനിറ്റില്‍ റൗളിങ് ബോര്‍ജെയിലൂടെയാണ് ഒപ്പമത്തെിയത്. 68ാം മിനിറ്റില്‍ സുനില്‍ ഛേത്രി ലീഡ് നല്‍കിയശേഷമാണ് ചാങ്തേ ഷോയില്‍ ഗ്രീന്‍ഫീല്‍ഡ് പുളകമണിഞ്ഞത്.

രണ്ട് തോല്‍വിയുമായി നേപ്പാള്‍ പുറത്തായി. ഉദ്ഘാടനമത്സരത്തിലെ ജയവുമായി ശ്രീലങ്ക ഗ്രൂപ് ‘എ’യില്‍നിന്ന് രണ്ടാമതായി സെമിയില്‍ പ്രവേശിച്ചു. ഗ്രൂപ് ‘ബി’യിലെ രണ്ടാം സ്ഥാനക്കാരാവും സെമിയില്‍ ഇന്ത്യയുടെ എതിരാളി. ഇന്ന് വൈകീട്ട് നടക്കുന്ന  അഫ്ഗാനിസ്താന്‍-മാലദ്വീപ് മത്സരം ‘ബി’യിലെ ഒന്നും രണ്ടും സ്ഥാനക്കാരെ നിര്‍ണയിക്കും.

നേപ്പാളിന്‍െറ ശക്തമായ മുന്നേറ്റം കണ്ടുകൊണ്ടാണ് ഗ്രീന്‍ഫീല്‍ഡിലെ കളിത്തട്ടുണര്‍ന്നത്. ആക്രമിച്ചുകളിച്ച നേപ്പാള്‍ മൂന്നാം മിനിറ്റില്‍ വലകുലുക്കുകയും ചെയ്തതോടെ ഗാലറിയിലെ പതിനായിരത്തോളം ആരാധകരും ഞെട്ടി. ഇന്ത്യന്‍ പ്രതിരോധതാരം പ്രിതം കോട്ടല്‍ വരുത്തിയ പിഴവില്‍നിന്നായിരുന്നു ഗോള്‍.  ഗോള്‍ വീണതോടെ താളം വീണ്ടെടുത്ത ഇന്ത്യന്‍നിര ഒന്നിനുപിറകെ ഒന്നായി നേപ്പാള്‍ ഗോള്‍മുഖത്ത് ഭീതിപരത്തി. തലനാരിഴക്കാണ് പല അവസരങ്ങളും ലക്ഷ്യം കാണാതെ പോയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ കെട്ടിയിടാന്‍ സാധിച്ച ഗൂര്‍ഖപ്പടക്ക് പക്ഷേ വലതുവിങ്ങില്‍നിന്ന് സഞ്ജു പ്രദാന്‍ ആസൂത്രണംചെയ്യുന്ന നീക്കങ്ങള്‍ തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു. അവസരങ്ങള്‍ ആവര്‍ത്തിച്ച് പാഴായതിനൊടുവില്‍ 26ാം മിനിറ്റില്‍ ഫലം കിട്ടി.

ഇടത് ഫുള്‍ബാക്കില്‍നിന്ന് നാരായണദാസ് നല്‍കിയ ക്രോസിലൂടെ ബോര്‍ജെ തൊടുത്ത ബുള്ളറ്റ് ഷോട്ട് വലകുലുക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ പ്രധാന് വിശ്രമം നല്‍കി യുവതാരം ലാലിയന്‍സുവാല ചാങ്തേ എത്തിയതോടെ ഛേത്രി കൂടുതല്‍ സ്വതന്ത്രനായി. ഛേത്രിയെ മറന്ന് ചാങ്തേക്കുപിന്നാലെ ഓടിയതിന് അവര്‍ക്ക് 68ാം മിനിറ്റില്‍ വലിയ വിലയും കൊടുക്കേണ്ടിവന്നു. വലതുവിങ്ങിലെ നീക്കം ഛേത്രിയുടെ വലംകാലന്‍ ഷോട്ടിലൂടെ ഗോളില്‍ കലാശിച്ചു.
ഭാവിതാരമെന്ന പ്രവചനങ്ങള്‍ ശരിവെച്ചായിരുന്നു ചാങ്തേയുടെ രണ്ടു ഗോളും. ആദ്യ ഗോള്‍, മൂന്ന് പ്രതിരോധതാരങ്ങളെയും കബളിപ്പിച്ചുകൊണ്ട് പെനാല്‍റ്റി ബോക്സിനു പുറത്തുനിന്ന് വെടിയുണ്ടകണക്കെ ഒരു ലോങ് റേഞ്ച്. നേപ്പാള്‍ ഗോളി കിരണ്‍കുമാര്‍ വെറും കാഴ്ചക്കാരന്‍.
90ാം മിനിറ്റില്‍ ബുദ്ധിയും വേഗവും ഒന്നിച്ച ഗോള്‍. ഹരി ചരണ്‍ നല്‍കിയ ക്രോസില്‍ ഗോളിയുടെ അഡ്വാന്‍സ് മുന്‍കൂട്ടികണ്ട് ചാങ്തേ തലവെച്ചപ്പോള്‍ പന്ത് വലയിലേക്ക്. ഗാലറികളെ പൊട്ടിത്തെറിപ്പിച്ചുകൊണ്ട് മുന്‍ ചാമ്പ്യന്മാരുടെ നാലാം ഗോള്‍.

ശ്രീലങ്കയുമായുള്ള മത്സരത്തിനിറങ്ങിയ ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ നേപ്പാളിനെതിരെ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പിയായ റോബിന്‍സിങ് പരിക്കിനെ തുടര്‍ന്ന് കളിക്കാനിറങ്ങിയില്ല. സെമിയില്‍ റോബിന് മൈതാനത്ത് ഇറങ്ങാന്‍ കഴിയുമെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.