സാഫ് കപ്പ്: ഇന്ത്യ ഫൈനലിൽ

തിരുവനന്തപുരം: വര്‍ഷാന്ത്യത്തിലെ സായാഹ്നത്തില്‍ മാലദ്വീപിനെ 3-2ന് വീഴ്ത്തി ഇന്ത്യന്‍ ഫുട്ബാളിന്‍െറ ന്യൂ ഇയര്‍ ആഘോഷം. പുതുവര്‍ഷത്തിന് കിരീടനേട്ടത്തിന്‍െറ മോടിയേകാന്‍ ഇനി ഒരു ജയം ദൂരവും. സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ കലാശപ്പോരാട്ടത്തില്‍ ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്താനാണ് എതിരാളി. രണ്ടാം സെമിയില്‍ ശ്രീലങ്കയെ 5-0ത്തിന് കീഴടക്കിയാണ് അഫ്ഗാന്‍െറ ഫൈനല്‍പ്രവേശം.
ഗോളടിക്കുന്നതില്‍ പിശുക്കും വഴങ്ങുന്നതില്‍ ധാരാളിത്തവും കാണിച്ചായിരുന്നു  ഇന്ത്യയുടെ മാലദ്വീപ് ദഹനം. ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതെപോയ ദ്വീപുകാര്‍ക്കെതിരെ വ്യക്തമായ മേധാവിത്വം നേടിയായിരുന്നു ആതിഥേയരുടെ പുതുവത്സരാഘോഷം. ഇന്ത്യക്കുവേണ്ടി ജെജെ ലാല്‍പെഖ്ലുവ രണ്ടും ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഒരു ഗോളും നേടി. നാഷിദ് അഹമ്മദും അലി അംദാനുമാണ് ദ്വീപുകാരുടെ സ്കോറര്‍മാര്‍. ഇടവേളയില്‍ 2-1ന് ഇന്ത്യ മുന്നിലായിരുന്നു. സാഫ് കപ്പില്‍ ആറു തവണ ജേതാക്കളായ ഇന്ത്യയുടെ പത്താം ഫൈനല്‍ പ്രവേശമാണിത്.

ആവേശത്തിന്‍െറ തീപ്പൊരി പാറുമെന്ന് പ്രതീക്ഷിച്ചത്തെിയ കാണികള്‍ക്ക് കളിയില്‍ ആശിച്ചതൊന്നും നല്‍കാന്‍ തുടക്കത്തില്‍ കഴിയാതിരുന്ന ഇന്ത്യ പതിയെ കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. പക്ഷേ, സ്കോര്‍ബോര്‍ഡില്‍ മേധാവിത്വം പ്രതിഫലിച്ചില്ല. അരഡസന്‍ അവസരങ്ങള്‍ തുലച്ച ആതിഥേയര്‍ക്ക് പ്രതിരോധത്തിലെ പിടിപ്പുകേടില്‍ രണ്ടു ഗോള്‍ വഴങ്ങേണ്ടിയും വന്നു. അഫ്ഗാനോട് പിണഞ്ഞ തോല്‍വിയുടെ ആഘാതവുമായി കളിക്കാനിറങ്ങിയ ദ്വീപുകാര്‍ ആദ്യ പകുതിയുടെ തുടക്കത്തില്‍ മാത്രമാണ് അല്‍പമെങ്കിലും അധ്വാനിച്ചുകളിച്ചത്. പിന്നീടങ്ങോട്ട് ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ തടയാനുള്ള തത്രപ്പാടിലായിരുന്നു. മുന്‍നിരയില്‍ നായകന്‍ ഛേത്രിക്കൊപ്പം  ജെജെയും ഹാലിചരണ്‍ നര്‍സാരിയെയും പരീക്ഷിച്ചവര്‍ തുടക്കത്തില്‍ എതിര്‍പ്രതിരോധത്തില്‍ ആക്രമിച്ചുകയറാന്‍ മടിച്ചുനിന്നു. ചടുലമായ ആസൂത്രിത നീക്കങ്ങള്‍ ഇല്ലാതെപോയ ആദ്യ മിനിറ്റുകളില്‍ പന്ത് ആദ്യം ഗോള്‍മുഖത്തത്തെിച്ചത് മാലദ്വീപുകാരായിരുന്നു. ക്യാപ്റ്റന്‍ അഷ്ഫാഖ് അലിയുമായി പന്ത് കൈമാറിയത്തെിയ അസദുല്ലക്ക് ലക്ഷ്യം പിഴച്ചു. പന്ത് മൈതാനത്ത് വട്ടംകറങ്ങുന്നതിനിടെ ഒരിക്കല്‍ അര്‍ണബ് മൊണ്ഡല്‍ പന്ത് മാലദ്വീപ് വലയില്‍ നിക്ഷേപിച്ചെങ്കിലും ഗാലറി ഉണരുംമുമ്പേ റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നാലെ നര്‍സാരിയും ഛേത്രിയും ചേര്‍ന്ന് നടത്തിയ നീക്കവും എങ്ങുമത്തെിയില്ല. ഗോളടിക്കുക എന്നതിനപ്പുറം ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളിലൂടെ ഇന്ത്യന്‍ പ്രതിരോധം ഭേദിക്കാനായിരുന്നു മാലദ്വീപുകാരുടെ ശ്രമം. ഇടക്ക് അഷ്ഫാഖ് അലിയുടെ നല്ളൊരു ശ്രമം ബാറിന് കീഴില്‍ ഗുര്‍പ്രീത് നിഷ്ഫലമാക്കി.

കളി മുറുകുന്നതിനിടെ ഇന്ത്യന്‍ മധ്യനിരയില്‍ ബികാഷ് ജൊറുവും യൂജിന്‍സണ്‍ ലിങ്ദോയും റൗളിന്‍ ബോര്‍ഗസും കൂടുതല്‍ ഒത്തിണക്കം കാട്ടിത്തുടങ്ങിയതോടെ മുന്നേറ്റങ്ങള്‍ക്ക് വേഗം കൈവന്നു. 24ാം മിനിറ്റില്‍ ഗാലറി കാത്തിരുന്ന ആദ്യ ഗോള്‍ പിറന്നു. വലത് പാര്‍ശ്വത്തില്‍ കളം നിറഞ്ഞുനിന്ന നര്‍സാരി ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് തകര്‍പ്പനൊരു ഹെഡറിലൂടെ ഛേത്രി വലക്കകത്താക്കി. ഗോളടിച്ചതോടെ കളി പൂര്‍ണമായി ഇന്ത്യക്കാരുടെ കൈയിലായി. ഒന്നിനു പിറകെ മറ്റൊന്നായി ഗോളിലേക്ക് ഇരച്ചത്തെിയ ഇന്ത്യക്കു മുന്നില്‍ പലപ്പോഴും തടസ്സംനിന്നത് മാലദ്വീപ് ഗോളി മുഹമ്മദ് ഇംറാന്‍െറ ഇടപെടലുകളായിരുന്നു. പിന്‍നിരയില്‍നിന്ന് പന്തുമായി കയറിവന്ന കോടാലും ഛേത്രിയും കൈമാറിയ പന്ത് ജെജെ ഗോളിലേക്ക് തിരിച്ചുവിട്ടത് ഇംറാന്‍ നിഷ്ഫലമാക്കി. പിന്നാലെ ഇന്ത്യ ലീഡ് ഉയര്‍ത്തി. ഇത്തവണയും ഗോളിന്‍െറ ആസൂത്രകന്‍ നര്‍സാരി തന്നെ.  ദ്വീപ് പ്രതിരോധം പിളര്‍ന്നുകയറിയ നര്‍സാരി നല്‍കിയ പന്ത് ഒപ്പമോടിയ രണ്ടുപേരെ വെട്ടിച്ച് ജെജെ വലക്കകത്താക്കി.

കളിയില്‍ പൂര്‍ണ മേധാവിത്വവുമായി ഇടവേളക്ക് പിരിയാനിരിക്കെയാണ്  ഇന്ത്യന്‍വലയില്‍ പന്തത്തെിയത്. ഇഞ്ച്വറി സമയത്ത് പിന്‍നിരയില്‍ അലസമായി നിന്ന ഇന്ത്യക്കാരെ അമ്പരപ്പിച്ച്  നാഷിദ് അഹമ്മദാണ് ഗോളടിച്ചത്. മാലദ്വീപിന് തിരിച്ചുവരവിന് ഒരു അവസരവും നല്‍കാതെയാണ് ഛേത്രിയും കൂട്ടരും രണ്ടാം പകുതിയില്‍ കളിച്ചത്. മാലദ്വീപ് പ്രതിരോധത്തെ നിരന്തരം സമ്മര്‍ദത്തിലാക്കി ഛേത്രിയും നര്‍സാരിയും ജെജെയും ഗോള്‍മുഖത്ത് തമ്പടിച്ചുനിന്നെങ്കിലും തുറന്നെടുത്ത  അവസരങ്ങള്‍ ഒന്നൊന്നായി തുലക്കുന്നതിലാണ് അവര്‍ മത്സരിച്ചത്. 65ാം മിനിറ്റില്‍ ദ്വീപ് വലയം ഭേദിച്ചത്തെിയ ഛേത്രി നല്‍കിയ പന്ത് അതിമനോഹരമായി ജെജെ ഗോളിലേക്ക് വഴിതിരിച്ചുവിട്ടപ്പോള്‍ ആതിഥേയര്‍ മത്സരം ഉറപ്പിച്ചു. ആ നിമിഷം ഛേത്രിയെ പിന്‍വലിച്ച്  കഴിഞ്ഞ മത്സരത്തിലെ ഹീറോ ചാങ്തേയെ ഇറക്കാന്‍ കോച്ച് കോണ്‍സ്റ്റന്‍ൈറനെ പ്രേരിപ്പിച്ചതും കളംനിറഞ്ഞ കളി പകര്‍ന്ന ആത്മവിശ്വാസമായിരുന്നു. പക്ഷേ,  വീണുകിട്ടിയ മറ്റൊരവസരം മുതലാക്കി മാലദ്വീപുകാര്‍ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. 75ാം മിനിറ്റില്‍  ഒറ്റപ്പെട്ട പ്രത്യാക്രമണത്തിനിടെ ദ്വീപുകാര്‍ക്ക്  ലഭിച്ച കോര്‍ണര്‍ കിക്ക് ബോക്സിലേക്ക് വന്നപ്പോള്‍ ഗോളടിക്കാന്‍ പാകത്തില്‍ നിന്ന അംദാനെ തടയാന്‍ ആരുമുണ്ടായിരുന്നില്ല. ലീഡിന് കനംകുറഞ്ഞ ഇന്ത്യ പിന്നെയും ആക്രമണങ്ങള്‍ മെനഞ്ഞെടുത്തെങ്കിലും ഒന്നും ഗോളിലത്തെിയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.