പൂണെയെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ

കൊച്ചി: നിര്‍ണായക പോരില്‍ എതിരില്ലാത്ത രണ്ട് ഗോളിന് പുണെ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി കൊമ്പന്മാരുടെ കൊലവെറി. എട്ടു ദിവസങ്ങള്‍ക്കപ്പുറം പുണെയിലേറ്റ തോല്‍വിക്ക് സ്വന്തം മണ്ണില്‍ കണക്കുതീര്‍ത്ത് കേരള ബ്ളാസ്റ്റേഴ്സ്  ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള തിരിച്ചുവരവറിയിച്ചു. ആദ്യവസാനം ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ആദ്യ പകുതിയുടെ അധികസമയത്ത് ക്രിസ് ഡഗ്നലും 60ാം മിനിറ്റില്‍ സാഞ്ചസ് വാട്ടും ബ്ളാസ്റ്റേഴ്സിനായി ഗോള്‍ നേടി. പോയന്‍റ് പട്ടികയിലെ ഒന്നാമന്‍ എന്ന ഗമയിലത്തെിയ പുണെ പ്രതിരോധത്തെ തച്ചുടച്ച് നേടിയ മൂന്ന് പോയന്‍റുമായി ഒരു സ്ഥാനം മെച്ചപ്പെടുത്തി മഞ്ഞപ്പട ഏഴാമതായി.

 മാറ്റങ്ങളില്ലാതെ ബ്ളാസ്റ്റേഴ്സ്
ടെറി ഫെലാന് കീഴിലത്തെിയിട്ടും ചെന്നൈയിനെതിരെ പിന്തുടര്‍ന്ന ഫോര്‍മേഷനില്‍തന്നെ അണിനിരന്നത് ടീമിന്‍െറ ഒത്തിണക്കത്തിന് ഗുണംചെയ്തു. 4-3-1-2 ശൈലിയില്‍ ക്രിസ് ഡഗ്നലിനും മുഹമ്മദ് റാഫിക്കുമായിരുന്നു ആക്രമണത്തിന്‍െറ ചുമതല. അറ്റാക്കിങ് മിഡ്ഫീല്‍ഡറായി സാഞ്ചെസ് വാട്ട്. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് വാങ്ങിയ ബ്രൂണോ പെറോണിനു പകരം ഹൊസു പ്രിറ്റോ ആദ്യ ഇലവനില്‍ ഇടം കണ്ടത്തെി. പ്രിയ്റ്റോ, കൊയിംബ്ര, മെഹ്താബ് ഹുസൈന്‍ സഖ്യത്തിനായിരുന്നു മധ്യനിരയുടെ ചുമതല.
കഴിഞ്ഞ മത്സരത്തില്‍നിന്ന് പുണെ എഫ്.സി രണ്ട് മാറ്റങ്ങള്‍ വരുത്തി. മധ്യനിരയില്‍ ബികാഷ് ജെയ്റുവിനു പകരം ജാക്കിചന്ദും പ്രതിരോധത്തില്‍ ഗുര്‍മാംഗി സിങ്ങിന് പകരം പ്രീതം കൊട്ടാലും കളത്തിലിറങ്ങി. 4-4-1-1 എന്ന ഫോര്‍മേഷനില്‍ ടീം ടോപ്സ്കോറര്‍മാരായ കാലു ഉച്ചെയെയും തുന്‍കെ സാന്‍ലിയെയും ആക്രമണത്തില്‍ സ്വതന്ത്രരാക്കി.

അധികസമയത്തത്തെിയ ആധിപത്യം
ആദ്യ ടച്ചില്‍ തുടങ്ങിയ പുണെയുടെ ആക്രമണത്തിന് രണ്ടാം മിനിറ്റുവരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. ബ്ളാസ്റ്റേഴ്സ് ബോക്സില്‍ പന്തത്തെിച്ച പുണെയുടെ മുന്നേറ്റത്തിന്‍െറ മുനയൊടിച്ചത് ക്യാപ്റ്റന്‍ പീറ്റര്‍ റാമേജ്. പിന്നീടങ്ങോട്ട് കളി നയിച്ചത് ബ്ളാസ്റ്റേഴ്സായിരുന്നു. മികച്ച മുന്നേറ്റങ്ങള്‍ നെയ്ത് അരങ്ങുവാണെങ്കിലും ഫിനിഷിങ്ങില്‍ താളംകണ്ടത്തൊന്‍  ബ്ളാസ്റ്റേഴ്സിനായില്ല. സാഞ്ചസ് വാട്ട്, ഹൊസു, റാഫി, ഡഗ്നല്‍, ജിങ്കാന്‍... ഗോളെന്നുറച്ച അവസരങ്ങള്‍ തുലച്ച് താരങ്ങള്‍ മത്സരിച്ചു. മൂന്നാം മിനിറ്റില്‍തന്നെ തകര്‍പ്പന്‍ അവസരം പിറന്നു. പന്തുമായി മുന്നേറിയ കൊയിംബ്ര അത് രാഹുല്‍ ഭേകെക്ക് നല്‍കി. വലതുമൂലയില്‍നിന്ന് ബോക്സിലേക്ക് അളന്നുമുറിച്ച ക്രോസ്. റാഫി ഉയര്‍ന്നുചാടി തലവെച്ചെങ്കിലും പന്ത് ബാറിനു മുകളിലൂടെ പുറത്തേക്ക്. തൊട്ടുപിന്നാലെ റാഫിയുടെ അപകടകരമായ ക്രോസ് ഷോറെ ക്ളിയര്‍ ചെയ്തു. 10, 12, 15, 21, 22, 25, 27 മിനിറ്റുകളില്‍ ലഭിച്ച മികച്ച അവസരങ്ങളും വലയിലത്തെിക്കാന്‍ ബ്ളാസ്റ്റേഴ്സ് താരങ്ങള്‍ക്കായില്ല. 28ാം മിനിറ്റിലെ ഗോളെന്നുറച്ച ഷോട്ടില്‍ പുണെ ഗോളി സിമെന്‍സണ്‍ രക്ഷകനായി. 30ാം മിനിറ്റിലെ കോര്‍ണറും പാഴാക്കി. ഇതിനിടെ പുണെയുടെ ആക്രമണം. ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയ നിക്കി ഷോറെ  നല്‍കിയ ക്രോസ് ജിങ്കാന്‍ ഹെഡറിലൂടെ കോര്‍ണറിന് വഴങ്ങി. ഷോറെ എടുത്ത കോര്‍ണര്‍ ഭേകെ ഹെഡ് ചെയ്ത് ക്ളിയര്‍ ചെയ്തെങ്കിലും വീണ്ടും പുണെക്ക് അനുകൂലമായി കോര്‍ണര്‍. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബ്ളാസ്റ്റേഴ്സ് ഗോള്‍ ശ്രമം. പുണെ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ആദ്യം ഹൊസുവിന്‍െറയും പിന്നീട് വാട്ടിന്‍െറയും അതിനുശേഷം റാഫിയുടെയും ഷോട്ടുകള്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. പ്രതീക്ഷകള്‍ അവസാനിച്ചെന്നു കരുതിയ അധികസമയത്തില്‍ ഡഗ്നലിന്‍െറ ബൂട്ടിലൂടെ ബ്ളാസ്റ്റേഴ്സ് ജയത്തിലേക്ക് വഴിവെട്ടി. രാഹുല്‍ ഭേകെയുടെ ക്രോസ് തടഞ്ഞ റോജര്‍ ജോണ്‍സണിന്‍െറ ഹെഡര്‍ ഡഗ്നലിലേക്ക്. ഡഗ്നലിന്‍െറ ഇടങ്കാലന്‍ ഷോട്ട് സിമെന്‍സണിനെ നിഷ്പ്രഭനാക്കി വലയിലേക്ക്. തൊട്ടുപിന്നാലെ ആദ്യപകുതിക്ക് വിസില്‍.

നിര്‍ത്തിയയിടത്തു തുടങ്ങി ബ്ളാസ്റ്റേഴ്സ്
രണ്ടാം പകുതിയിലും കളംവാണത് ബ്ളാസ്റ്റേഴ്സ്. പുണെ ബോക്സിലേക്ക് നിരന്തരം ആക്രമിച്ചുകയറി ബ്ളാസ്റ്റേഴ്സ് നിലപാടറിയിച്ചു. 53, 54 മിനിറ്റുകളില്‍ ഇടതു വിങ്ങില്‍നിന്ന് ഡഗ്നല്‍ നല്‍കിയ തകര്‍പ്പന്‍ പാസുകള്‍ റാഫിക്കും വാട്ടിനും കണക്ട് ചെയ്യാനായില്ല.  55ാം മിനിറ്റില്‍ ഹൊസുവിന്‍െറ ഇടങ്കാലന്‍ ഷോട്ട് നേരെ സിമെന്‍സണ്‍ കൈയിലൊതുക്കി. എന്നാല്‍, പിന്തിരിയാതിരുന്ന ബ്ളാസ്റ്റേഴ്സ് ആക്രമണത്തിന്‍െറ ഫലം 60ാം മിനിറ്റില്‍ പിറന്നു. ആരാധകരെ ആവേശത്തിന്‍െറ കൊടുമുടിയേറ്റി വല കുലുക്കിയത് സാഞ്ചസ് വാട്ട്. ഡഗ്നല്‍ നല്‍കിയ പാസ് സ്വീകരിച്ച വാട്ടിന്‍െറ ഷോട്ട് നോക്കിനില്‍ക്കാനേ സിമെണ്‍സിനായുള്ളൂ. ലീഡ് ഉയര്‍ത്താന്‍ 64ാം മിനിറ്റില്‍ ലഭിച്ച അവസരം ബ്ളാസ്റ്റേഴ്സ് നഷ്ടമാക്കി. കൊയിംബ്രക്കു പകരം ഇഷ്ഫാഖ് അഹ്മദും റാഫിക്കു പകരം അന്‍േറാണിയോ ജര്‍മനും കളത്തിലത്തെി. അവസാന മിനിറ്റുകളില്‍ നാലോളം അവസരങ്ങള്‍ ലഭിച്ചെങ്കിലും ലീഡ് ഉയര്‍ത്താനായില്ല. ഫൈനല്‍ വിസിലിനുശേഷം ഡഗ്നലും പുണെയും ദിദിയര്‍ സകോറയും തമ്മിലുള്ള കൈയാങ്കളി കോച്ചും റഫറിമാരും ടീമംഗങ്ങളും ഇടപെട്ട് അവസാനിപ്പിച്ചതോടെ കൊച്ചിയിലെ കളി പൂര്‍ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.