നിലനില്‍പിനായി ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

കൊച്ചി: കേരള ബ്ളാസ്റ്റേഴ്സിനും സെമി മോഹങ്ങള്‍ക്കുമിടയില്‍ ഇന്ന് കൊച്ചിയില്‍ ഒരേയൊരാള്‍ വില്ലന്‍ വേഷത്തിലിറങ്ങും. കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയെ ഫൈനലിലത്തെിക്കാന്‍ വിയര്‍ത്തു കളിച്ച മലയാളിയുടെ സ്വന്തം ഹ്യൂമേട്ടന്‍. നിര്‍ണായക മത്സരത്തില്‍ ബ്ളാസ്റ്റേഴ്സ് അത്ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടുമ്പോള്‍ ഏറെ തലവേദന സൃഷ്ടിക്കുന്നതും കൊച്ചി ഏറെ സ്നേഹിക്കുന്ന ഈ കനേഡിയന്‍ സ്ട്രൈക്കര്‍ തന്നെ.
രണ്ടാം സീസണ്‍ അവസാനത്തോടടുക്കുമ്പോള്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താനാണ് പ്രഥമ സീസണിലെ ഫൈനലിസ്റ്റുകളായ ബ്ളാസ്റ്റേഴ്സിന്‍െറയും കൊല്‍ക്കത്തയുടെയും പോരാട്ടം. അവസാന മത്സരത്തില്‍ പുണെ സിറ്റിക്കെതിരെ നേടിയ വിജയത്തിന്‍െറ ആത്മവിശ്വാസത്തിലാണ് ബ്ളാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടില്‍ ഭാഗ്യം തേടുന്നത്. അതേസമയം, ഹോം ഗ്രൗണ്ടില്‍ പോയന്‍റ് പട്ടികയിലെ വാലറ്റക്കാരായ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനോട് ഒരു ഗോളിന് തോറ്റ ക്ഷീണത്തിലാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. സാള്‍ട്ട്ലേക്കില്‍ ബ്ളാസ്റ്റേഴ്സിനെ നേരിട്ടപ്പോള്‍ ജയം 2-1ന് കൊല്‍ക്കത്തക്കായിരുന്നു.

കോച്ച് ടെറി ഫെലാന്‍െറ കീഴില്‍ ടോട്ടല്‍ ഫുട്ബാളിന്‍െറ സ്വാതന്ത്ര്യത്തില്‍ പുണെക്കെതിരെ നേടിയ ഏകപക്ഷീയമായ രണ്ട് ഗോള്‍ വിജയത്തിന്‍െറ ഊര്‍ജവുമായാണ് ബ്ളാസ്റ്റേഴ്സ് നിര കളത്തിലിറങ്ങുന്നത്. വിജയം കണ്ട 4-3-1-2 ഫോര്‍മേഷനില്‍ തന്നെയാകും ഇന്നും കളിക്കുക. ക്രിസ് ഡഗ്നലും മുഹമ്മദ് റാഫിയും പതിവുപോലെ ആക്രമണത്തിന്‍െറ നേതൃത്വമേറ്റെടുക്കും. മുന്നേറ്റനിരയില്‍ സ്വതന്ത്രനായി സാഞ്ചസ് വാട്ടും കളിക്കും. കൊയിമ്പ്ര, മെഹ്താബ് ഹുസൈന്‍, ഹൊസു പ്രീറ്റോ സഖ്യത്തില്‍ മധ്യനിര ശക്തമാണ്. കഴിഞ്ഞ മത്സരങ്ങളില്‍ ഇല്ലാതിരുന്ന സി.കെ. വിനീതിന് ഇത്തവണ ആദ്യ ഇലവനില്‍ ഇടം ലഭിച്ചേക്കും. ക്യാപ്റ്റന്‍ പീറ്റര്‍ റാമേജ് തന്നെയാകും പ്രതിരോധ നിരയെ നയിക്കുക. ദേശീയ ക്യാമ്പിലായതിനാല്‍ സന്ദേശ് ജിങ്കാനും കാവിന്‍ ലോബോയും ഇല്ല. രാഹുല്‍ ഭെക്കെക്കയും സൗമിക് ഡേക്കുമൊപ്പം ബ്രൂണോ പെറോണോ മാര്‍കസ് വില്യംസോ പ്രതിരോധത്തിലത്തെും. കഴിഞ്ഞ മത്സരത്തിലെ കേളീ മികവ് ആവര്‍ത്തിക്കുകയും ഫിനിഷിങ്ങില്‍ കൃത്യത കണ്ടത്തെുകയും ചെയ്താല്‍ ബ്ളാസ്റ്റേഴ്സിന് ജയിക്കാം. പുണെക്കെതിരായ മത്സരത്തില്‍ ബ്ളാസ്റ്റേഴ്സ് താരങ്ങളുടെ മുപ്പതിലധികം ഷോട്ടുകളാണ് പാഴായത്.

കൊല്‍ക്കത്ത നിരയില്‍ ഇയാന്‍ ഹ്യൂമിനാണ് ഗോളടിയുടെ പ്രധാന ചുമതല. ഹാട്രിക് നേട്ടവുമായി ഗോളടിയില്‍ ഹ്യൂം താളം വീണ്ടെടുത്തിട്ടുണ്ട്. മുഹമ്മദ് റഫീഖ്, ജെയ്മി ഗാവിലന്‍, സമീഗ് ദൗതി എന്നിവരും മുന്നേറ്റനിരയിലുണ്ടാകും. അരാറ്റ ഇസുമിയാണ് മറ്റൊരു പ്രധാന സ്ട്രൈക്കര്‍. മാര്‍ക്വീ താരം പോസ്റ്റിഗ, ഹാവി ലാറ എന്നിവരുടെ പരിക്കും ടീമിനെ അലട്ടുന്നുണ്ട്. സീസണില്‍ ലഭിച്ച മികച്ച തുടക്കം പിന്നീടുള്ള മത്സരങ്ങളില്‍ മുതലാക്കാനാകായില്ളെന്ന ചീത്തപ്പേരുമായാണ് കൊല്‍ക്കത്തയത്തെുന്നത്. പട്ടികയില്‍ ആറാം സ്ഥാനത്താണ് ടീം. എട്ട് കളിയില്‍നിന്ന് 10 പോയന്‍റുള്ള കൊല്‍ക്കത്തക്ക് ഇന്ന് ജയിച്ചാല്‍ ആദ്യ നാലിലേക്ക് എളുപ്പം മാര്‍ച്ച് ചെയ്യാം. ഇന്നത്തെ പരാജയം ഇരുടീമിന്‍െറയും സെമി പ്രതീക്ഷകളെ തല്ലിക്കെടുത്തുമെന്ന സാഹചര്യത്തില്‍ മരിച്ച് കളിക്കുമ്പോള്‍ കൊച്ചിയിലെ കാണികള്‍ക്കത് ഉത്സവമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.