ചെന്നൈ: കോരിച്ചൊരിഞ്ഞ മഴക്കും ഭീഷണിയുയര്‍ത്തിയ ഇടിമിന്നലിനും ഇടയില്‍ ചെന്നൈ ഹൃദയം തകര്‍ത്ത് നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലെ നാലാം ജയം കുറിച്ചു. ഒരു ഗോളിന് പിന്നിലായതിനുശേഷം കരുത്തോടെ കുതിച്ച ‘ഹൈലാന്‍ഡേഴ്സ്’ 2-1നാണ് ചെന്നൈയിന്‍ എഫ്.സിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്തത്. സീസണിലെ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈയിന്‍, പോയന്‍റ് പട്ടികയില്‍ കേരള ബ്ളാസ്റ്റേഴ്സിന് തൊട്ടുമുകളില്‍ ഏഴാം സ്ഥാനക്കാരായി. എലാനോ ബ്ളൂമറിന്‍െറ 33ാം മിനിറ്റ് ഗോളിലൂടെ മുന്നില്‍ കടന്ന ചെന്നൈയെ ആദ്യ പകുതിയില്‍തന്നെ ഡിയോമന്‍സി കമാറയിലൂടെ ഒപ്പംപിടിച്ച നോര്‍ത് ഈസ്റ്റ്, രണ്ടാം പകുതിയില്‍ സിലസിന്‍െറ തകര്‍പ്പന്‍ ഗോളിലൂടെയാണ് വിജയം വരിച്ചത്.
കനത്ത മഴക്കിടയിലും മുന്നേറിയ മത്സരം 25 മിനിറ്റ് പിന്നിടവേ ഇടിമിന്നല്‍ രൂക്ഷമായതോടെ നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. മത്സരം തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന നിലയിലായിരുന്നു മിന്നല്‍. എന്നാല്‍, കാത്തിരുന്ന ആരാധകരെ നിരാശരാക്കാതെ അരമണിക്കൂര്‍ കഴിഞ്ഞ് മത്സരം പുനരാരംഭിച്ചു. അധികം വൈകാതെ ആതിഥേയര്‍ മുന്നില്‍ കടക്കുകയും ചെയ്തു. മധ്യവരയില്‍നിന്ന് മെഹ്റാജുദ്ദീന്‍ വാഡു ബോക്സില്‍ നിന്ന സ്റ്റീവന്‍ മെന്‍ഡോസയെ ലക്ഷ്യമിട്ട് നല്‍കിയ ക്രോസ് ഡിഫന്‍ഡര്‍ ലോപസ് ഹെഡ് ചെയ്ത് അപകടമൊഴിവാക്കി. എന്നാല്‍, ബോക്സിന് പുറത്തുനിന്ന എലാനോക്ക് പന്തു കിട്ടിയതോടെ നോര്‍ത് ഈസ്റ്റുകാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായില്ല. മലയാളി ഗോള്‍കീപ്പര്‍ ടി.പി. രഹിനേഷ് അപകടം മണത്തപ്പോഴേക്കും എലാനോ ചെന്നൈയിനെ മുന്നിലത്തെിച്ചിരുന്നു.
ചെന്നൈയുടെ ആക്രമണങ്ങള്‍ക്ക് കൃത്യമായ പ്രത്യാക്രമണം രചിച്ച നോര്‍ത് ഈസ്റ്റ് മുന്നേറ്റത്തിന് സമനില പിടിക്കാന്‍ 11 മിനിറ്റുകൂടിയേ പിന്നീട് കാത്തിരിക്കേണ്ടിവന്നുള്ളൂ. വലതു വിങ്ങില്‍നിന്ന് കിട്ടിയ ക്രോസ് ബോക്സിന്‍െറ ഇടത്തേ മൂലയില്‍നിന്ന് വലയിലേക്ക് കോരിയിടാനുള്ള കമാറയുടെ ശ്രമം കീപ്പര്‍ ഏദെല്‍ ഒരിക്കല്‍ നിഷ്പ്രഭമാക്കി. എന്നാല്‍, റീബൗണ്ടില്‍ പന്ത് വലയിലത്തെിക്കാന്‍ കമാറക്ക് മുന്നില്‍ തടസ്സമൊന്നുമുണ്ടായില്ല. 72ാം മിനിറ്റിലാണ് നോര്‍ത്തിന്‍െറ വിജയഗോളത്തെിയത്. 71ാം മിനിറ്റില്‍ കളത്തിലത്തെിയ സിലസ്, തൊട്ടടുത്ത മിനിറ്റില്‍ ബോക്സിന് മുന്നില്‍ കമാറ നീട്ടിനല്‍കിയ പാസ് ഗോളിലേക്ക് അനായാസം പറത്തിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.