മോണ്ട വിഡിയോ: 2018 ലോകകപ്പ് യോഗ്യതക്കായുള്ള ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളില്‍ കരുത്തരായ ബ്രസീലിനും അര്‍ജന്‍റീനക്കും നിര്‍ണായക ജയം. കോപ അമേരിക്കന്‍ ചാമ്പ്യന്മാരായ ചിലി ഉറുഗ്വായിയോട് തകര്‍ന്നു. ആദ്യ മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ടു പോയന്‍റ് മാത്രം സമ്പാദ്യമുള്ള അര്‍ജന്‍റീന ലുകാസ് ബിഗ്ലിയ നേടിയ ഏക ഗോളിന് കൊളംബിയയെ മറികടന്നപ്പോള്‍ ബയേണ്‍ മ്യൂണിക് താരം ഡഗ്ളസ് കോസ്റ്റയുടെ മികവില്‍ സാംബാ ടീം പെറുവിനെ മൂന്നു ഗോളുകള്‍ക്ക് മുക്കി. ഉറുഗ്വായിക്കു മുന്നില്‍ ഏകപക്ഷീയമായ കാല്‍ഡസന്‍ ഗോളുകള്‍ക്കായിരുന്നു ചിലിയുടെ വീഴ്ച. വെനിസ്വേലക്കെതിരെ 3-1ന്‍െറ ജയം കുറിച്ച് എക്വഡോര്‍ ഒന്നാം സ്ഥാനത്ത് നില ഭദ്രമാക്കി. 12 പോയന്‍റുള്ള എക്വഡോറിനു പിന്നില്‍ മൂന്നു ജയവുമായി ഉറുഗ്വായ് ആണ് രണ്ടാമത്. ഏഴ് പോയന്‍റുമായി ബ്രസീല്‍ മൂന്നാമതും അര്‍ജന്‍റീന ആറാമതുമാണ്.
വിജയവഴിയില്‍ അര്‍ജന്‍റീന
പരിക്കേറ്റ് പുറത്തിരിക്കുന്ന ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ് എന്നീ കൊമ്പന്മാരില്ലാതെ ഇറങ്ങിയ അര്‍ജന്‍റീനക്ക് വരും കളികളില്‍ പുതിയ ഊര്‍ജം പകരുന്നതാണ് ബുധനാഴ്ച നേടിയ കന്നിവിജയം. 19ാം മിനിറ്റില്‍ എസകീല്‍ ലവേസിയുടെ ക്രോസ് ഗോളാക്കിമാറ്റി ലാസിയോ മിഡ്ഫീല്‍ഡര്‍ ബിഗ്ലിയോയാണ് അര്‍ജന്‍റീനക്ക് വിലപ്പെട്ട മൂന്നു പോയന്‍റ് നല്‍കിയത്. മാര്‍ച്ചില്‍ നടക്കുന്ന അടുത്തഘട്ട പോരാട്ടങ്ങളില്‍ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോക്കുമേല്‍ സമ്മര്‍ദം കുറയും.
അനായാസം ബ്രസീല്‍
മിന്നും പ്രകടനവുമായി ആദ്യവസാനം കളംനിറഞ്ഞ കോസ്റ്റയോട് ബ്രസീല്‍ ടീം നന്ദിപറയണം. 22ാം മിനിറ്റില്‍ ക്ളോസ് റേഞ്ചില്‍ വില്യന്‍ നല്‍കിയ ക്രോസ് ഗോളാക്കിമാറ്റി തേരോട്ടം തുടങ്ങിയ ഡഗ്ളസ് അടുത്ത രണ്ടു ഗോളുകള്‍ക്കും പന്തത്തെിച്ചുനല്‍കുകയും ചെയ്തു. രണ്ടാം പകുതിയുടെ 12ാം മിനിറ്റില്‍ അഗസ്റ്റോയാണ് ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്. തൊട്ടുപിറകെ നെയ്മര്‍ പന്ത് വലയിലത്തെിച്ചെങ്കിലും ഓഫ്സൈഡ് കെണിയില്‍ കുരുങ്ങി. 75ാം മിനിറ്റില്‍ ഫിലിപ് ലൂയിസാണ് പട്ടിക തികച്ചത്.
നാണംകെട്ട് ചിലി
കോപയിലെ മികവിന്‍െറ ഓര്‍മകളുമായി എത്തിയ ചിലിയെ നിലംതൊടീക്കാതെയാണ് ഉറുഗ്വായ് ബുധനാഴ്ച ഏകപക്ഷീയ ജയത്തില്‍ മുത്തമിട്ടത്. 23ാം മിനിറ്റില്‍ ഡീഗോ ഗോഡിന്‍ തുടക്കമിട്ട ഗോള്‍വേട്ട 61ാം മിനിറ്റില്‍ മാക്സിമിലിയാനോ പെരേരയും രണ്ടു മിനിറ്റ് കഴിഞ്ഞ് അല്‍വാരോ പെരേരയും പൂര്‍ത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ പിറകിലായശേഷം തിരിച്ചുവന്ന പരഗ്വേ ഒന്നിനെതിരെ രണ്ടു ഗോളിന് ബൊളീവിയയെ മറികടന്നു. പട്ടികയില്‍ ഒന്നാമതുള്ള എക്വഡോര്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വെനിസ്വേലയെ തോല്‍പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.