സാള്‍ട്ട്‌ലേക്കില്‍ ഗോവന്‍ വധം (4-0)

കൊല്‍ക്കത്ത: മുംബൈ സിറ്റി എഫ്.സിയെ ഏഴു ഗോളുകള്‍ക്ക് മുക്കി പുലികളായ എഫ്.സി. ഗോവ സാള്‍ട്ട്ലേക്കില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ മുന്നില്‍ എലികളായി. തുറന്നു കിടന്ന പ്രതിരോധത്തിലൂടെ നാലു ഗോളുകള്‍ കൈനീട്ടി വാങ്ങിയ ഗോവ ഒന്നും തിരിച്ചുനല്‍കാതെ തലകുനിച്ചു മടങ്ങി. മറുവശത്ത് കൊല്‍ക്കത്ത 20 പോയന്‍റുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ദക്ഷിണാഫ്രിക്കന്‍ താരം സമീഹ് ദൗതിയുടെ ഇരട്ടപ്രഹരത്തിനൊപ്പം ബോര്‍യ ഫെര്‍ണാണ്ടസും പെനാല്‍റ്റി ലക്ഷ്യത്തിലത്തെിച്ച് ഇയാന്‍ ഹ്യൂമും കൊല്‍ക്കത്തയുടെ 4-0 ജയത്തില്‍ പങ്കാളികളായി. ദൗതിയുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു സാള്‍ട്ട്ലേക്കിനെ കോരിത്തരിപ്പിച്ചത്.

ചെന്നൈയിന്‍ എഫ്.സിക്കെതിരെ 2-1 ന് ജയം നേടിയ മത്സരത്തില്‍ നിന്ന് വിഭിന്നമായി സമ്പൂര്‍ണാധിപത്യത്തോടെയാണ് കൊല്‍ക്കത്ത സീക്കോയുടെ ഗോവയെ നേരിട്ടത്. രണ്ടു വ്യത്യാസങ്ങള്‍ മാത്രമാണ് അന്‍േറാണിയോ ഹബാസ് കൊല്‍ക്കത്ത ടീമില്‍ വരുത്തിയത്. സീകോയും രണ്ടു മാറ്റങ്ങളില്‍ ഒതുങ്ങി. ഗോവയുടെ ആക്രമണത്തോടെയായിരുന്നു തുടക്കം. എന്നാല്‍, കൊല്‍ക്കത്ത ക്രമേണ പിടിമുറുക്കി. 20ാം മിനിറ്റില്‍ ഒരു ത്രോ ഇന്നില്‍ നിന്നായിരുന്നു ദൗതിയുടെ ഗോള്‍ വഴിതുറന്നത്. ഗയ്വിലന്‍െറ പാസ് ദൗതി കുറ്റമറ്റ രീതിയില്‍ വലയിലത്തെിച്ചു. ഗോവ പതറിയതോടെ രണ്ടു മിനിറ്റിനപ്പുറം അടുത്ത ഗോള്‍ ബോര്‍യയുടെ ബൂട്ടില്‍നിന്ന് പിറന്നു. ഗയ്വിലന്‍െറ കോര്‍ണറിന്‍െറ തുടര്‍ച്ചയായുണ്ടായ ആക്രമണത്തില്‍ ദൗതിയുടെ പാസില്‍നിന്ന് കട്ടിമണിയെ നിസ്സഹായനാക്കി ബോര്‍യ ലക്ഷ്യം കണ്ടു.

നിരവധി ചാന്‍സുകള്‍ പിറന്ന ഒന്നാം പകുതിയില്‍ പിന്നീട് ഗോളുകള്‍ ഏറ്റുവാങ്ങാതിരുന്നത് ഗോവയുടെ ഭാഗ്യംകൊണ്ടു മാത്രം. 68ാം മിനിറ്റിലാണ് തുടര്‍ന്ന് അവരുടെ വലകുലുങ്ങിയത്. അതിനും നിമിത്തമായത് ദൗതി. ദൗതിയെ കൊലാകോ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി, ഹ്യൂമിന്‍െറ വിശ്വസ്ത ബൂട്ടുകള്‍ കൃത്യമായി വലയിലാക്കി. 78ാം മിനിറ്റില്‍ ഒഫെന്‍സെ നാറ്റോയുടെ സഹായത്താല്‍, ദൗതി രണ്ടാമതും വലകുലുക്കിയപ്പോള്‍ ഗോവന്‍ പതനം പൂര്‍ത്തിയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.