ബ്ലാക്മെയിലിങ് കേസ്: യൂറോ കപ്പിനുള്ള ഫ്രാൻസ് ടീമിൽ നിന്നും ബെന്‍സേമ പുറത്ത് 

പാരിസ്: സ്വന്തം മണ്ണില്‍ നടക്കുന്ന യൂറോ കപ്പ് പോരാട്ടത്തിന് ഫ്രഞ്ച് നിരയില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ കരിം ബെന്‍സേമയില്ല. റയല്‍ മഡ്രിഡില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ബെന്‍സേമക്ക് യൂറോ കപ്പ് ടീമില്‍ ഇടംനല്‍കേണ്ടെന്ന് ഫ്രഞ്ച് ഫുട്ബാള്‍ ഫെഡറേഷനും കോച്ച് ദിദിയര്‍ ദെഷാംസും അന്തിമമായി തീരുമാനിച്ചു. 
ദേശീയ ടീമിലെ സഹതാരം മാത്യു വല്‍ബുവേനയെ അശ്ളീല വിഡിയോ ടേപ്പിന്‍െറ പേരില്‍ ബ്ളാക്മെയില്‍ ചെയ്ത് പണംതട്ടാന്‍ ശ്രമിച്ചെന്ന കേസ് കോടതി കയറിയതോടെയാണ് സ്റ്റാര്‍ സ്ട്രൈക്കറുടെ ദേശീയ ടീമിലെ ഇടം നഷ്ടമായത്. കോടതിയുടെ പരിഗണനയിലുള്ള കേസ് തീര്‍പ്പായാല്‍ യൂറോ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു  ഫ്രഞ്ച് ഫുട്ബാള്‍ ഫെഡറേഷന്‍െറ നേരത്തെയുള്ള നിലപാട്. എന്നാല്‍, അച്ചടക്കത്തിന്‍െറ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ളെന്ന് ഫെഡറേഷന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചതോടെ റയലില്‍ ഗോളടിച്ചുകൂട്ടുന്ന ബെന്‍സേമയുടെ യൂറോ മോഹം അസ്തമിച്ചു. 2015 ഒക്ടോബറില്‍ നടന്ന സംഭവത്തിനു പിന്നാലെ നവംബര്‍ നാലിന് ബെന്‍സേമയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ്ചെയ്ത് വിട്ടയച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ദേശീയ ടീമില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ബെന്‍സേമക്കെതിരെ ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സും രംഗത്തത്തെി. ‘രാജ്യത്തെ കുട്ടികളും യുവാക്കളും ആരാധനയോടെ കാണുന്ന അത്ലറ്റുകള്‍ മാതൃകാ വ്യക്തികളാവണം. അല്ലാത്തവര്‍ക്ക് ഫ്രാന്‍സ് ടീമില്‍ സ്ഥാനമുണ്ടായിരിക്കില്ല’ -മാനുവല്‍ തുറന്നടിച്ചു. 

ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ബെന്‍സേമയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ‘കളി മാത്രമല്ല, ടീമിനകത്തും പുറത്തും ഐക്യം പ്രധാനമാണ്. മാതൃകാ സ്വഭാവവും കളിക്കാര്‍ക്ക് അനിവാര്യമാണ്’ -ഫെഡറേഷന്‍ തീരുമാനമറിയിച്ച് പ്രസിഡന്‍റ് നോവല്‍ ലെ ഗ്രെയ്തും കോച്ച് ദെഷാംപ്സും വ്യക്തമാക്കി. ടീമില്‍നിന്ന് ഒഴിവാക്കിയതിലെ നിരാശ ബെന്‍സേമ ട്വിറ്റര്‍-ഫേസ്ബുക് പേജുകളിലൂടെ പങ്കുവെച്ചു. ഫെഡറേഷന്‍ തീരുമാനത്തെ വിമര്‍ശിച്ച് റയല്‍ മഡ്രിഡ് കോച്ചും മുന്‍ ഫ്രഞ്ച് നായകനുമായ സിനദിന്‍ സിദാനും രംഗത്തത്തെി. കേസില്‍ കുറ്റക്കാരനെന്നു കണ്ടത്തെിയാല്‍ ബെന്‍സേമ അഞ്ചുവര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.