ഇറ്റലിയില്‍ യുവന്‍റസ് തന്നെ രാജാവ്

ഫിയോറന്‍റിന: ഇറ്റാലിയന്‍ സീരി എയില്‍ മൂന്ന് കളി ബാക്കിനില്‍ക്കെ യുവന്‍റസിന് തുടര്‍ച്ചയായ അഞ്ചാം കിരീടം. ഫിയോറന്‍റിനയെ 2-1ന് മറികടന്ന് യുവന്‍റസ് 12 പോയന്‍റ് ലീഡുമായാണ് സീരി ‘എ’യില്‍ മുത്തമിട്ടത്. 35 കളികളില്‍നിന്ന് 85 പോയന്‍റുമായാണ് ‘ഓള്‍ഡ് ലേഡി’ എന്ന വിളിപ്പേരുള്ള യുവന്‍റസ്  കുതിച്ചത്. 35 കളികളില്‍നിന്ന് 73 പോയന്‍റുമായി നാപോളിയാണ് രണ്ടാമത്. 32ാം കിരീടത്തിലേക്കാണ് യുവന്‍റസ് കുതിക്കുന്നത്. ഫിയോറന്‍റിനക്കെതിരെ 39ാം മിനിറ്റില്‍ മരിയോ മാന്‍സുകിച്ചിലൂടെ യുവെയാണ് ലീഡ് നേടിയത്. നികോള കാലിനിസിച്ച് 81ാം മിനിറ്റില്‍ ആതിഥേയരെ ഒപ്പമത്തെിച്ചു. 

രണ്ട് മിനിറ്റിന് ശേഷം അല്‍വാരോ മൊറാറ്റയുടെ ഗോളാണ് യുവന്‍റസിനെ മറ്റൊരു കിരീടനേടത്തിനരികിലത്തെിച്ചത്. 90ാം മിനിറ്റില്‍ ഫിയോറന്‍റിനക്ക് കിട്ടിയ പെനാല്‍റ്റി കാലിനിസിച്ച് പാഴാക്കി. പരിചയസമ്പന്നനായ യുവന്‍റസ് ഗോളി ജിയാന്‍ ലൂയിജി ബഫണ്‍ കിക്ക് തടുത്തിടുകയായിരുന്നു. ലീഗില്‍ തുടക്കത്തില്‍ തപ്പിത്തടഞ്ഞ യുവന്‍റസ് കഴിഞ്ഞ 25 കളികളില്‍ 24 ജയവും ഒരു സമനിലയും നേടി. കളിയുടെ തുടക്കത്തില്‍ യുവന്‍റസ് ക്യാപ്റ്റന്‍ ബഫണിന്‍െറ മികവിനുമുന്നില്‍ ആതിഥേയരുടെ ആക്രമണത്തിന്‍െറ മുന പലപ്പോഴും ഇടിഞ്ഞു. ഇലിസിച്ചിന്‍െറ ഷോട്ട് ബഫണ്‍ വിഫലമാക്കിയതിന് പിന്നാലെ യുവന്‍റസ് താരം സമി ഖദീര വലകുലുക്കിയെങ്കിലും ഓഫ്സൈഡ് കൊടിയുയര്‍ന്നു. 39ാം മിനിറ്റില്‍ ഖദീറയില്‍നിന്ന് പന്ത് സ്വീകരിച്ച പോള്‍ പോഗ്ബ യുവന്‍റസിന്‍െറ ആദ്യഗോളിന് വിത്തുപാകി. പോഗ്ബ ഹെഡ് ചെയ്ത പന്ത് ക്രൊയേഷ്യന്‍ താരം മാന്‍സുകിച്ച് ഉജ്ജ്വലമായ ഇടങ്കാലന്‍ വോളിയിലൂടെ ഗോളാക്കി മാറ്റി. യുവന്‍റസ് പ്രതിരോധക്കാരന്‍ ബൊനുച്ചിയുടെ പിഴവ് മുതലെടുത്ത സരാറ്റയുടെ പാസാണ് കാലിനിസിച്ച് സമനില ഗോളിലേക്ക് തിരിച്ചുവിട്ടത്. 

തിരിച്ചടിയില്‍ തളരാതെ രണ്ട് മിനിറ്റിനകം യുവന്‍റസ് മൊറാറ്റയിലൂടെ ലീഡ് തിരിച്ചെടുത്തു. ചെല്‍സിയില്‍നിന്ന് വായ്പാ അടിസ്ഥാനത്തില്‍ യുവന്‍റസില്‍ കളിക്കുന്ന യുവാന്‍ ക്വാഡ്രാഡോയുടെ പരുക്കന്‍ കളിയാണ് അവസാനനിമിഷം ഫിയോറന്‍റിനക്ക് പെനാല്‍റ്റി കിക്ക് നേടിക്കൊടുത്തത്. എന്നാല്‍, ബഫണിനെ കീഴടക്കാന്‍ കാലിനിസിച്ചിന് കഴിഞ്ഞില്ല. മുഖ്യ എതിരാളിയായ നാപോളിയെ എ.എസ് റോമ 1-0ത്തിന് തോല്‍പിച്ചതോടെയാണ് യുവന്‍റസിന്‍െറ കിരീട നേട്ടം എളുപ്പമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.