കോഴിക്കോട്: കേരളത്തിന്‍െറ ഫുട്ബാള്‍ ആവേശമായിരുന്ന നാഗ്ജി ചാമ്പ്യന്‍ഷിപ് 21 വര്‍ഷം മുമ്പ് കണ്ണടക്കുമ്പോള്‍ വെള്ളിയാഴ്ച കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പന്തുതട്ടാനിറങ്ങുന്നവരില്‍ ഭൂരിപക്ഷവും പിറന്നിട്ടുപോലുമില്ലായിരുന്നു. മലയാളി കാല്‍പന്ത് ആരാധകരുടെ മനസ്സില്‍ അണയാതെ ജ്വലിച്ചുനിന്ന നാഗ്ജി വീണ്ടും യാഥാര്‍ഥ്യമാവുമ്പോള്‍ കോഴിക്കോടിന് ഫുട്ബാള്‍ ആവേശം തിരിച്ചത്തെുന്നത് ലോകത്തിന്‍െറ പലകോണില്‍നിന്ന് പറന്നത്തെുന്ന കൗമാരതലമുറയിലൂടെ. ഇന്‍റര്‍നാഷനല്‍ ഫുട്ബാളായി മുഖംമാറിയത്തെിയപ്പോള്‍ കളിക്കളമുണര്‍ത്തുന്നത് മലയാളി ഫുട്ബാള്‍പ്രേമികളുടെ ജീവശ്വാസമായ ബ്രസീലിന്‍െറയും അര്‍ജന്‍റീനയുടെയുമൊക്കെ ഭാവിതാരങ്ങള്‍. മറഡോണയും ലയണല്‍ മെസ്സിയും സെര്‍ജിയോ ബാറ്റിസ്റ്റയുമെല്ലാം ലോകംവാണ അണ്ടര്‍ 23 ടീമുമായാണ് അര്‍ജന്‍റീനയത്തെിയത്. ബ്രസീലിയന്‍ ഫുട്ബാള്‍ നഴ്സറികളിലൊന്നായ പരാനെന്‍സാണ് ലാറ്റിനമേരിക്കയില്‍നിന്നുള്ള രണ്ടാം ടീം. യൂറോപ്യന്‍ പ്രതിനിധികളായി ജര്‍മനി, യുക്രെയ്ന്‍, അയര്‍ലന്‍ഡ്, ഇംഗ്ളണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള ക്ളബുകളുമുണ്ട്.

ടൂര്‍ണമെന്‍റിന്‍െറ ഉദ്ഘാടനം ആറു മണിക്ക് എം.എ. യൂസുഫലി നിര്‍വഹിക്കും. ഏഴുമണിക്കാണ് കിക്കോഫ്. നിയോ പ്രൈമും കപ്പാ ടി.വിയും മത്സരം സംപ്രേഷണം ചെയ്യും. വൈകീട്ട് നാലുമുതല്‍ കാണികളെ സ്റ്റേഡിയത്തിലെ 16 ഗേറ്റുകള്‍ വഴി കടത്തിവിടുമെന്ന് സംഘാടകര്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷനും മോണ്ടിയാല്‍ സ്പോര്‍ട്സ് മാനേജ്മെന്‍റും ചേര്‍ന്നാണ് ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നത്.

പരാനെന്‍സ് എന്ന ബ്രസീലിയന്‍ നഴ്സറി
ബ്രസീലിയന്‍ ദേശീയ ടീമിന്‍െറയും യൂറോപ്യന്‍ ക്ളബുകളുടെയും നഴ്സറിയായ പരാനെന്‍സ് പുതുവര്‍ഷത്തില്‍ കിരീടവുമായി തുടങ്ങാന്‍ ലക്ഷ്യമിട്ടാണ് കോഴിക്കോട്ടത്തെിയത്. ബ്രസീലിയന്‍ ടോപ് ഡിവിഷന്‍ ലീഗായ സീരി ‘എ’യില്‍ കഴിഞ സീസണില്‍ പത്താം സ്ഥാനക്കാരും 2001ലെ ചാമ്പ്യന്മാരുമായ പരാനെന്‍സ് അണ്ടര്‍ 22 താരങ്ങളുമായാണ് നാഗ്ജി കപ്പില്‍ പന്തുതട്ടാനത്തെിയത്. നിലവിലെ ബ്രസീലിയന്‍ ടീമംഗവും മാഞ്ചസ്റ്റര്‍ സിറ്റി താരവുമായ ഫെര്‍ണാണ്ടീന്യോ, ബ്രസീല്‍-യുവന്‍റസ് താരം അലക്സ് സാന്ദ്രോ, മുന്‍ ദേശീയതാരം ജാഡ്സന്‍ തുടങ്ങിയ യുവപ്രതികള്‍ പരാനെന്‍സ് അക്കാദമിയില്‍നിന്നും കളിയുടെ ബാലപാഠങ്ങള്‍ പഠിച്ചെടുത്ത് ലോകഫുട്ബാളില്‍ മേല്‍വിലാസമറിയിച്ച ഏറ്റവും പുതിയ താരങ്ങള്‍മാത്രം.
പരാനെന്‍സ് സീനിയര്‍ ടീം ഗോളി കൂടിയായ 21 കാരന്‍ ലൂകാസ് മകന്‍ഹാന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഒന്നാം ഡിവിഷനിലും മത്സരിച്ച താരങ്ങള്‍.
17 മുതല്‍ 22 വരെ പ്രായമുള്ള 18 താരങ്ങളാണ് ടീമിലുള്ളത്. ലൂകാസാണ് ടീം ക്യാപ്റ്റന്‍. മാഴ്സലോണ വില്‍ഹെന സില്‍വയാണ് പരിശീലകന്‍.

 ലിസ്ബോവ ഒളിവേര, ഗുസ്താവോ കസ്കാര്‍ഡോ, ജേഴ്സന്‍ ഗാള്‍ഡിനോ സില്‍വ, ഒസ്കര്‍ എഡ്വേര്‍ഡോ സെഗുര, മൈക്കല്‍ ക്വിന്‍റാനില ഡിസില്‍വ, ജോസ് ഇവാല്‍ഡോ, നികളസ് വിഷിയാറ്റോ, കയ്യോ ഫെര്‍ണാണ്ടോ പന്‍െറലാവോ, വെസ്ലി ലിമ ഡിസില്‍വ, വിക്ടര്‍ ഫിറ്റോസ ഫ്രെയ്റ്റാസ്, ലൂകാസ് കോസ്റ്റ, ലിനാര്‍ഡോ പെരീര, ലൂകാസ് മകന്‍ഹാന്‍ ഫെരീര, വിക്ടര്‍ ഡി അല്‍മെയ്ഡ, ആന്ദ്രെ ലൂയിസ് കോസ്റ്റ, ഒലാവിയോ വിയേര, ബ്രൂണോ റാഫേല്‍.

ഇംഗ്ളീഷ് പ്രീമിയര്‍ലീഗ് ടച്ചില്‍ വാറ്റ്ഫോഡ്
മാഞ്ചസ്റ്റര്‍ ടീമുകളും ചെല്‍സിയും ആഴ്സനലും ലിവര്‍പൂളുമടങ്ങുന്ന കൊമ്പന്മാര്‍ അരങ്ങുവാഴുന്ന ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ സാന്നിധ്യമാണ് വാറ്റ്ഫോഡ് എഫ്.സി. ലീഗ് പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള വാറ്റ്ഫോഡിന്‍െറ യുവസംഘമാണ് നാഗ്ജിയിലെ ഇംഗ്ളീഷ് സാന്നിധ്യം. മുന്‍ ആസ്ട്രേലിയന്‍ ദേശീയ ടീമംഗവും ലിവര്‍പൂള്‍ താരവുമായ ഹാരി കെവിലിനു കീഴിലാണ് വാറ്റ്ഫോഡിന്‍െറ യുവസംഘം നാഗ്ജിയില്‍ പന്തുതട്ടുന്നത്. അണ്ടര്‍ 21 ടീമിന്‍െറ കോച്ചായി സ്ഥാനമേറ്റ ശേഷം ആദ്യ വിദേശപര്യടനമെന്ന നിലയില്‍ കിരീടവുമായി മടങ്ങാനാണ് ലക്ഷ്യമെന്ന് കെവില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മലയാളികള്‍ക്ക് സുപരിചിതനായ കേരള ബ്ളാസ്റ്റേഴ്സ് പ്രഥമ സീസണ്‍ മാര്‍ക്വീ താരം ഡേവിഡ് ജെയിംസിന്‍െറ ആദ്യ ക്ളബെന്ന പ്രത്യേകതയും വാറ്റ്ഫോഡിനുണ്ട്. അയര്‍ലന്‍ഡ് യൂത്ത് ടീമംഗവും വാറ്റ്ഫോഡിനായി 75 മത്സരവും കഴിഞ്ഞ സീസണില്‍ വിഗാന്‍ അത്ലറ്റികിനു വേണ്ടിയും കളിച്ച മിഡ്ഫീല്‍ഡര്‍ സീന്‍ മറെ, ഗോള്‍കീപ്പര്‍ ലൂക് സിംപ്സണ്‍, മിഡ്ഫീല്‍ഡര്‍ ഡെനന്‍ ലൂയിസ്, ഫേര്‍വേഡ് ബെര്‍ണാഡ് മെന്‍ഷാ തുടങ്ങിയവരാണ് വാറ്റ്ഫോഡിന്‍െറ കരുത്ത്.

ജോള്‍ജ് ബെയേഴ്സ്, ആഷ്ലി ചാള്‍സ്, ജോഷ് ഡോഹര്‍ടി, ആന്‍ഡ്ര്യൂ എലഫ്ത്രൂ, മൈകല്‍ ഫോളിവി, ക്രിസ്റ്റഫര്‍ ഹൈഗ്, അലക്സാണ്ടര്‍ ജാകുബിയാക്, ജോറല്‍ ജോണ്‍സണ്‍, ഡെനണ്‍ ലൂയിസ്, മഹ്ലോണ്‍ഡോ മാര്‍ട്ടിന്‍, ബ്രണ്‍ഡന്‍ മാസന്‍, ബെര്‍ണാഡ് മെന്‍ഷാ, ഒലാജുവന്‍ അഡിയേമൊ, ലൂക് സിംപ്സണ്‍, റെയ്ല്‍ ഒവന്‍ഡിന്‍, കാള്‍ സ്റ്റ്യൂവര്‍ട്ട്, ആല്‍ഫിയങ്, സീന്‍ മറെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.