‘ഈ മണ്ണിനും വായുവിനും ഫുട്ബാള്‍ ആവേശം’

ബ്രസീല്‍ ടോപ് ഡിവിഷന്‍ ടീം അത്ലറ്റികോ പരാനെന്‍സ്് ഇന്‍റര്‍നാഷനല്‍ ടൂര്‍ ഡയറക്ടറായ ലൂയിസ് ഹെന്‍റിക് ഗ്രീകോവിന് ഇന്ത്യന്‍ ഫുട്ബാള്‍ അപരിചിതമല്ല. അമേരിക്ക, ജപ്പാന്‍, മെക്സികോ, ജര്‍മനി തുടങ്ങി ലോകത്തിന്‍െറ വിവിധകോണില്‍ 35 വര്‍ഷത്തിലേറെയായി ഫുട്ബാളുമായി ഗ്രീകോയുണ്ട്. 2007ല്‍ കൊല്‍ക്കത്തയില്‍ മോഹന്‍ബഗാന്‍ ഫുട്ബാള്‍ അക്കാദമിക്ക് കളിപകര്‍ന്നുനല്‍കാന്‍ ഗ്രീകോ എത്തിയിരുന്നു. നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാനെന്‍സിന്‍െറ യൂത്ത് ടീമുമായി കോഴിക്കോട്ടത്തെിയ ഗ്രീകോ ഫുട്ബാളിനെ കുറിച്ച് വാചാലനാവുന്നു.

ഫുട്ബാളുമായുള്ള ലോകപര്യടനം
ഏതൊരു ബ്രസീലുകാരനെയുംപോലെ പന്തുകള്‍ക്കിടയിലായിരുന്നു എന്‍െറ ജനനവും വളര്‍ച്ചയും. ഫുട്സാലായിരുന്നു കളിച്ചത്. ബ്രസീലിലെ ഒട്ടുമിക്ക ഫുട്ബാള്‍ താരങ്ങളും ഫുട്സാല്‍ കളിച്ചാണ് ലോകോത്തര താരങ്ങളായത്. കളിക്കാരനായി പേരെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, ഗ്രാസ് റൂട്ട് ഫുട്ബാളുമായി ബന്ധപ്പെട്ട് ബ്രസീല്‍ മുഴുവന്‍ ചുറ്റി. അമേരിക്ക, ജപ്പാന്‍, മെക്സികോ, ജര്‍മനി, ഇന്ത്യ, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. 2011ല്‍ സെപ്റ്റിന്‍െറ പരിശീലനഭാഗമായി കോഴിക്കോട്ടും വന്നിരുന്നു.

ഇന്ത്യന്‍ ഫുട്ബാളിനെക്കുറിച്ച്
ബ്രസീലിനെപോലെ ഫുട്ബാളിനെ അതിരറ്റ് പ്രണയിക്കുന്ന മണ്ണാണ് ഇന്ത്യയെന്നാണ് എന്‍െറ വിലയിരുത്തല്‍. കൊല്‍ക്കത്തയില്‍ ബഗാനൊപ്പം പ്രവര്‍ത്തിച്ച നാളില്‍ ഇക്കാര്യം നന്നായി ബോധ്യപ്പെട്ടിരുന്നു. പക്ഷേ, കൊല്‍ക്കത്തയെക്കാള്‍ കേരളത്തിനാണ് ഫുട്ബാള്‍ ആവേശം. ഇവിടെ ഒട്ടനവധി ഫുട്ബാള്‍ ഗ്രൗണ്ടുകളും പ്രാദേശിക ടൂര്‍ണമെന്‍റുകളുമുണ്ട്. ഫുട്ബാള്‍ ഇവിടത്തെ മണ്ണിലും വായുവിലുമുണ്ട്. അത് പാകപ്പെടുത്തുകയെന്നതാണ് വെല്ലുവിളി.
ഇന്ത്യന്‍ ഫുട്ബാളിന്‍െറ വളര്‍ച്ചക്കുള്ള നിര്‍ദേശങ്ങള്‍
രണ്ടുഘടകങ്ങളില്‍ ശ്രദ്ധനല്‍കണം. താഴത്തെട്ടില്‍നിന്നും (ഗ്രാസ്റൂട്ട്) കുട്ടികളെ കണ്ടത്തെി വളര്‍ത്തിയെടുക്കണം. അവര്‍ക്ക് മികച്ച പരിശീലന സാഹചര്യവും അവസരവും നല്‍കണം. ഇതിന് ബോധവത്കരണം അനിവാര്യമാണ്. മികച്ച നിലവാരത്തിലുള്ള പരിശീലകരാണ് രണ്ടാമത്തെ ഘടകം. ഫിഫയുടെ വിവിധ പദ്ധതികളെ ഉപയോഗപ്പെടുത്തി ഇത് പരിഹരിച്ചാല്‍ ബ്രസീലും അര്‍ജന്‍റീനയുംപോലെ ഇന്ത്യയുമൊരു ഫുട്ബാള്‍ നഴ്സറിയാവുന്ന കാലം വിദൂരമല്ല.

ഐ.എസ്.എല്ലും ഇന്ത്യന്‍ ഫുട്ബാളിന്‍െറ ഭാവിയും
പരിക്കും, പ്രായവുമായി കളി മതിയാക്കിയ റോബര്‍ട്ടോ കാര്‍ലോസും (അദ്ദേഹം എന്‍െറ നല്ല സുഹൃത്താണെന്നുപറഞ്ഞ് ചിരിക്കുന്നു), ഡെല്‍പിയറോയും അനല്‍ക്കയുമെല്ലാം വന്നുകളിച്ചതുകൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലൂടെ ഇന്ത്യന്‍ ഫുട്ബാളിന് ഒരു ഗുണവുമില്ല. തദ്ദേശീയ താരങ്ങള്‍ക്ക് അവസരം നല്‍കിയാലേ ഐ.എസ്.എല്ലിലൂടെ നേട്ടമുണ്ടാവൂ.മാത്രമല്ല, ഐ.ലീഗും ഐ.എസ്.എല്ലും ലയിപ്പിക്കേണ്ട സമയവും കഴിഞ്ഞു. ഒരു സീസണില്‍ രണ്ടു ലീഗില്‍, രണ്ടു ക്ളബുകളില്‍ രണ്ടു പരിശീലകര്‍ക്കുകീഴില്‍ കളിക്കുന്നത് ഒരു ഫുട്ബാളര്‍ക്ക് തിരിച്ചടിയാവും.

പരാനെന്‍സ് യൂത്ത് അക്കാദമിയുടെപ്രവര്‍ത്തനം
കഴിഞ്ഞ അഞ്ചുവര്‍ഷമായി ഞാന്‍ ബ്രസീല്‍ ടോപ് ഡിവിഷന്‍ ടീമായ പരാനെന്‍സിനൊപ്പമാണ്. പത്തുവയസ്സുമുതല്‍ ഞങ്ങള്‍ പ്രതിഭയുള്ള കുട്ടികളെ കണ്ടത്തെി അവരുടെ കളി പിന്തുടരും. 14ാം വയസ്സിലാണ് അക്കാദമിയിലേക്ക് പ്രവേശം. 125 കുട്ടികള്‍ വരെ ഒരേസമയം അക്കാദമിയിലുണ്ടാവും. ഇവരില്‍ നിന്നാണ് അണ്ടര്‍ 15, 17, 20, 23 ടീമുകള്‍ വികസിപ്പിക്കുന്നത്. ഇങ്ങനെ കളിച്ച് പേരെടുത്ത ഒട്ടനവധി താരങ്ങള്‍ ബ്രസീല്‍ ദേശീയ ടീമിലും വിവിധ യൂറോപ്യന്‍ ക്ളബുകളിലുമുണ്ട്.

നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനെക്കുറിച്ച്
ആവേശത്തോടെയാണ് സംഘാടകരുടെ ക്ഷണം സ്വീകരിച്ചത്. ബ്രസീല്‍ ആരാധകര്‍ ഏറെയുള്ള നാട്ടില്‍നിന്ന് കപ്പുമായി മടങ്ങാനാണ് ഞങ്ങളുടെ വരവ്. അര്‍ജന്‍റീന x ബ്രസീല്‍ ഫൈനല്‍ പ്രതീക്ഷിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.