നിരാശരാക്കി മറഡോണയുടെയും മെസ്സിയുടെയും പിന്‍ഗാമികള്‍

മറഡോണയും മെസ്സിയുമെല്ലാം ബ്രാന്‍ഡ് അംബാസഡര്‍മാരായുള്ള അര്‍ജന്‍റീനന്‍ ഫുട്ബാളിലെ ഭാവിവാഗ്ദാനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചത്തെിയവര്‍ മുഴുവന്‍ നിരാശരായി മടങ്ങുന്നതായിരുന്നു സേട്ട് നാഗ്ജി ഫുട്ബാള്‍ ടൂര്‍ണമെന്‍റിലെ രണ്ടാം ദിനത്തിന്‍െറ കാഴ്ച. മികച്ച ഗെയിം പ്ലാനോടെയും ഒത്തിണക്കത്തോടെയും കളിക്കളത്തില്‍ അണിനിരന്ന ടീം തന്നെ അര്‍ഹതപ്പെട്ട ജയം കരസ്ഥമാക്കി. ജര്‍മ്മന്‍ ബുണ്ടസ് ലിഗയില്‍ നിന്നുള്ള ടി.എസ്.വി 1860 മ്യൂനിക് ടീമിന്‍െറ അര്‍ജന്‍റീന അണ്ടര്‍ 23 ടീമിനെതിരെയുള്ള മറുപടിയില്ലാത്ത മൂന്ന് ഗോള്‍ വിജയത്തെ വിശേഷിപ്പിക്കാന്‍ മറ്റ് കാരണങ്ങള്‍ തേടേണ്ടതില്ല. 1986ലെ മെക്സിക്കോ ലോകകപ്പില്‍ ജര്‍മനിയെ തോല്‍പ്പിച്ച് അര്‍ജന്‍റീന കപ്പുയര്‍ത്തുമ്പോള്‍ മറഡോണയുടെ സഹകളിക്കാരനായിരുന്ന വിശ്വസ്ത ഡിഫന്‍റര്‍ ജൂലിയോ ഒലാര്‍ട്ടിക്കോഷ്യ പരിശീലകനായുള്ള ടീമില്‍നിന്നും ഏറെ പ്രതീക്ഷിക്കുക സ്വാഭാവികം. വരാനിരിക്കുന്ന റിയോ ഒളിമ്പിക്സില്‍ അര്‍ജന്‍റീനന്‍ ദേശീയ ടീമിലേക്ക് യുവരക്തങ്ങളെ കണ്ടത്തൊനുള്ള റിക്രൂട്ട്മെന്‍റ് ടൂര്‍ണമെന്‍റായാണ് നാഗ്ജി അന്താരാഷ്ട്ര ടൂര്‍ണമെന്‍റിനെ ഒലാര്‍ട്ടിക്കോഷ്യയും സംഘവും നോക്കികാണുന്നത്. അതുകൊണ്ട് തന്നെ യുവതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു കണക്കുകൂട്ടലുകളും. ഗ്യാലറികളില്‍ അര്‍ജന്‍റീന ആരാധകര്‍ നിറയാനും ഇതുതന്നെയായിരുന്നു കാരണം. പക്ഷെ കളിക്കളത്തില്‍ പരിചയ സമ്പത്താണ് മുന്‍തൂക്കമെന്ന് വിളിച്ചോതുന്ന പ്രകടനമാണ് മ്യൂണിക് ടീം പുറത്തെടുത്തത്. പ്രതിരോധ നിരയില്‍ ശക്തി ദുര്‍ഗമായി കോട്ട കെട്ടിയ 30കാരന്‍ മൈക്കല്‍ കൊക്കോസിന്‍സ്കിയുടെ പ്രകടനം ക്യാപ്റ്റന്‍ സ്ഥാനത്തോട് നൂറുശതമാനവും നീതി പുലര്‍ത്തുന്നതായിരുന്നു.

രണ്ടാം പകുതിയില്‍ കളിയുടെ ഗതിവേഗം തളര്‍ത്തിയിട്ട നിമിഷങ്ങളൊഴിച്ചാല്‍ അര്‍ജന്‍റീനയുടെ യുവതാരങ്ങള്‍ക്ക് ജര്‍മന്‍ ബോക്സില്‍ കാലെടുത്തുവെക്കാന്‍ കൂടി അപ്രാപ്യമാക്കിയ പ്രകടനത്തിന് ചുക്കാന്‍ പിടിച്ചതിന് പിന്നിലും പരിചയ സമ്പന്നനായ ഈ അഞ്ചാം നമ്പര്‍ ജഴ്സിക്കാരനായിരുന്നു. മൈനസ് താപനിലയില്‍നിന്നും ചൂടുള്ള കാലവസ്ഥയില്‍ കളിക്കാനിറങ്ങിയ ജര്‍മ്മന്‍ താരങ്ങളോട് രണ്ട് ഗോളുകളുടെ ലീഡ് നേടിയതിനെതുടര്‍ന്ന് ഗതിവേഗം കുറക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് മുഖ്യ പരിശീലകനായ മെക്കാറ്റ് അയ്മന്‍ തന്നെ തുറന്നു സമ്മതിക്കുന്നു. ഈ ഒരു നിമിഷങ്ങളിലാണ് അര്‍ജന്‍റീനക്ക് ജർമന്‍ ഗോള്‍ മുഖത്തേക്ക് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിഞ്ഞത്. കേള്‍വികേട്ട ലാറ്റിനമേരിക്കന്‍ ശൈലിയുടെ മിന്നലാട്ടം പോലും പക്ഷെ ഈ നിമിഷങ്ങളിലും ഒഴിഞ്ഞുനിന്നു. പകുതി അവസരങ്ങള്‍ പോലും ഗോളാക്കി മാറ്റാന്‍ കെല്‍പ്പുള്ള മറഡോണയുടെയും മെസ്സിയുടെയും ടെവസിന്‍െറയുമെല്ലാം വഴിയിലേക്ക് എത്തണമെങ്കില്‍ ഇനിയുമേറെ പഠിപ്പിക്കാനും പഠിക്കാനുമുണ്ടെന്ന തിരിച്ചറിവോടെയാണ് ഒലാര്‍ട്ടികോഷ്യയും ക്യാപ്റ്റന്‍ ഗാബ്രിയേല്‍ ബാര്‍ബിയേരിയും മുന്നേറ്റ നിരക്കാരായ മൗറോ ഒര്‍ട്ടിസും പെസ്രോ സോസയുമടങ്ങിയ അര്‍ജന്‍റീനന്‍ സംഘം കളിക്കളം വിട്ടിരിക്കുക. മികച്ച ഡ്രിബ്ളിങ്ങും വേഗതയാര്‍ന്ന നീക്കങ്ങളുമായി സോളോ പ്രകടനം പുറത്തെടുത്ത ഓര്‍ട്ടിസിന് പക്ഷെ ഫിനിഷിങ് പാടവം കാഴ്ചവെക്കാനായില്ല.

ഒത്ത പിന്തുണ നല്‍കാന്‍ തക്ക സഹകളിക്കാരുമില്ലാതെ പോയി. മിഡ്ഫീല്‍ഡിലെ മേധാവിത്വമായിരുന്നു സ്കോര്‍ സൂചിപ്പിക്കും വിധം കാര്യങ്ങള്‍ ജര്‍മ്മന്‍ ടീമിന് അനുകൂലമാക്കിയത്. എതിര്‍ഗോള്‍മുഖം തുടരെ തുറന്നുകിട്ടിയപ്പോള്‍ അവസരം മുതലാക്കാന്‍ കഴിവുള്ള ഫെലിക്സ് ബാക്ഷ്മിഡും ലുകാസ് ജന്‍കിങ്ങും ആന്‍ഡ്രിയാസ് ഷീഡ്ല്‍ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങളുടെ നീണ്ടനിര തന്നെ ജര്‍മനിക്കുണ്ടായിരുന്നു. ലോങ് പാസുകള്‍ കൈമാറി മൈതാനാ മധ്യത്തിലൂടെയും വിംഗുകളിലൂടെയും എതിര്‍ ബോക്സിനുള്ളിലേക്ക് പന്തത്തെിക്കും വിധം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ജര്‍മന്‍ മിഡ്ഫീല്‍ഡ് തീര്‍ത്തും വിജയിച്ചു. ഏഷ്യയില്‍ ആദ്യമായാണ് വരുന്നതെന്നും ടീമിന്‍െറ ആദ്യ വിദേശ ടൂര്‍ണമെന്‍റാണെന്നതും പ്രകടനത്തിലെ അരങ്ങേറ്റത്തെ ബാധിച്ചുവെന്ന് അര്‍ജന്‍റീന കോച്ച് തുറന്നു സമ്മതിക്കുന്നു. രാജ്യാന്തര മത്സര പരിചയമില്ലായ്മയും പോരായ്മയായി അദ്ദേഹം എടുത്തു കാട്ടുന്നു. എങ്കിലും അര്‍ജന്‍റീനന്‍ ഫുട്ബാളിന് ആരാധകരേറെയുള്ള നാട്ടില്‍ അടുത്ത മത്സരത്തില്‍ മികച്ച ഗെയിം പ്ലാനോടെ ശക്തമായി തിരിച്ചുവരുമെന്ന കോച്ച് ഒലാര്‍ട്ടിക്കോഷ്യ ആണയിടുമ്പോള്‍ ഫുട്ബാള്‍ പ്രേമികള്‍ക്കതില്‍ പ്രതീക്ഷ പുലര്‍ത്താമെന്ന് മാത്രം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.