കോഴിക്കോട്: ഗാലറിയുടെ പകുതിയിലേറെ നിറച്ച ആരാധകരെ അവസാന നിമിഷം മുള്‍മുനയില്‍ നിര്‍ത്തിയ യൂറോപ്യന്‍ ഷോയിലൂടെ സേട്ട് നാഗ്ജി ഫുട്ബാളില്‍ റാപിഡ് ബുകുറസ്തി-എഫ്.സി വോളിന്‍ ലറ്റ്സ്ക് മത്സരത്തിന് ആവേശകരമായ സമനില (1-1). ഇരു നിരയിലും ഓരോ തവണയാണ് വലകുലുങ്ങിയതെങ്കിലും ആരാധകരെ സിമന്‍റുപടവുകളില്‍നിന്ന് എഴുന്നേല്‍പിച്ചുനിര്‍ത്തിയ ഒരു ഡസനോളം ഗോളവസരങ്ങളും, വീറും വാശിയും കൈയാങ്കളിയിലും പരുക്കനടവുകളിലുമത്തെിച്ച നീക്കങ്ങളുമായി നിറഞ്ഞുനിന്നു 90 മിനിറ്റ് സമയം. യുക്രെയ്ന്‍ ക്ളബ് വോളി ലറ്റ്സ്കിന്‍െറ ആക്രമണത്തിലൂടെയാണ് കളമുണര്‍ന്നതെങ്കിലും 12ാം മിനിറ്റിലെ പ്രത്യാക്രമണം ഡോറന്‍ ജോര്‍ജ് ഗോളാക്കി മാറ്റി റുമേനിയന്‍ ക്ളബ് എഫ്.സി ബുകറഫ്തിക്ക് ലീഡ് നല്‍കി. രണ്ടാം പകുതിയിലെ 58ാം മിനിറ്റിലായിരുന്നു ടൂര്‍ണമെന്‍റിലെ സുന്ദരമായ ഗോളെന്ന് വിശേഷിപ്പിക്കാവുന്ന സ്കോറിങ്ങിലൂടെ ലറ്റ്സ്കിന്‍െറ സമനില. ഒമ്പതാം നമ്പറുകാരന്‍ മെമഷേവ് റെഡ്വാനിലൂടെ സമനില നേടിയവര്‍ പിന്നീട് പൊരുതിക്കളിച്ചെങ്കിലും നിര്‍ഭാഗ്യവും ബുകറഫ്തി നായകന്‍ നികോളെ വാസിലെ നയിച്ച പ്രതിരോധക്കോട്ടയും വിലങ്ങുതടിയായി. വിങ്ങിലൂടെ കിട്ടിയ അവസരങ്ങളിലെല്ലാം മിന്നുന്ന പ്രകടനം കാഴ്ചവെച്ച റെഡ്വാന്‍ തന്നെയായിരുന്നു കളിയിലെ കേമനും.
ഇരുടീമിലെയും താരങ്ങള്‍ പലതവണ ഏറ്റുമുട്ടിയ മത്സരത്തില്‍ മത്സരം നിയന്ത്രിച്ച കോയമ്പത്തൂരുകാരന്‍ റഫറി സി.ആര്‍. ശ്രീകൃഷ്ണക്ക് ഏഴു തവണയാണ് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നത്. ഒന്നാം പകുതി പിരിയുംമുമ്പേ നാലു തവണ റഫറി താക്കീത്കാര്‍ഡ് പുറത്തെടുത്തപ്പോള്‍ മൂന്നും ബുകറഫ്തിയുടെ താരങ്ങള്‍ക്കെതിരായിരുന്നു. ലോങ് വിസിലാവുമ്പോഴേക്കും അവര്‍ വാങ്ങിക്കൂട്ടിയ കാര്‍ഡുകളുടെ എണ്ണം അഞ്ചായി. കളിയുടെ നാലാം മിനിറ്റില്‍ മെമഷേവ് റെഡ്വാന്‍െറ ഹെഡറിലൂടെ ലുറ്റ്സ്ക് എതിര്‍ ഗോള്‍മുഖത്ത് ആദ്യ പരിഭ്രാന്തി വിതച്ചെങ്കിലും ഗോളി ഡ്രാഗിയ വെര്‍ജിലിന്‍െറ കൈകളില്‍ എല്ലാം ഭദ്രമായി. ആദ്യ 10 മിനിറ്റിനകം നാലു തവണയാണ് യുക്രെയ്ന്‍ ചെമ്പട റുമേനിയന്‍ ഗോള്‍മുഖത്തേക്ക് റെയ്ഡ് നടത്തിയത്. നായകന്‍ നികോളെ വാസിലി നയിച്ച കുറ്റിയുറപ്പുള്ള പ്രതിരോധക്കോട്ടയില്‍ എല്ലാം തട്ടിത്തെറിച്ചു. പ്രതിരോധനിര മുറിച്ചുകടന്ന പന്തുകളാവട്ടെ നിര്‍ഭാഗ്യംകൊണ്ട് വഴിമാറിപ്പോവുകയും ചെയ്തു. ലറ്റ്സ്ക് പതുക്കെ കളി കൈയടക്കുന്നതിനിടെയാണ് ബുകറഫ്തിയുടെ വരുതിയിലേക്ക് നയിച്ച ലീഡ് പിറന്നത്. പെനാല്‍റ്റി ബോക്സിനു പുറത്തുനിന്ന് യുക്രെയ്ന്‍ ഗോളിയെയും പ്രതിരോധനിരയെയും കബളിപ്പിച്ച് ഗോളിലേക്ക് ക്രോസ് നല്‍കിയ മാര്‍ട്ടിന്‍ മഡാലിന്‍െറ നീക്കത്തിനായിരുന്നു കൈയടി. അപ്രതീക്ഷിതമായി വഴങ്ങിയ ഗോളില്‍ യുക്രെയ്നുകാര്‍ പകച്ചുപോയി. അതുവരെ കാണിച്ച ഒത്തിണക്കവും പന്തടക്കവും വിങ്ങിലൂടെ മൂര്‍ച്ചയും വേഗവുമേറിയ മുന്നേറ്റങ്ങളുമെല്ലാം ഒരുനിമിഷത്തില്‍ തകര്‍ന്നപോലെയായി. അതേസമയം, പ്രതിരോധത്തില്‍നിന്ന് ലീഡ് നേടിയ ബുകറഫ്തിയുടെ ബൂട്ടുകളിലേക്ക് കളിമാറാന്‍ അധികസമയവും വേണ്ടിവന്നില്ല. ഇരുനിരയുടെയും വീറും വാശിയും കൂടിയതോടെയാണ് കളി പരുക്കനിലേക്ക് നീങ്ങിയത്. 90 മിനിറ്റ് പൂര്‍ത്തിയാകുന്നതിനിടെ മൂന്നു തവണയെങ്കിലും ഗ്രൗണ്ടിലെ കൂട്ടത്തല്ല് പരിഹരിക്കാന്‍ ലൈന്‍ റഫറിമാര്‍ക്കും ഇടപെടേണ്ടിവന്നു. രണ്ടാം പകുതിയില്‍ പന്ത് ഇരു ഗോള്‍പോസ്റ്റും ലക്ഷ്യമിട്ട് നിരവധി തവണയാണ് കയറിയിറങ്ങിയത്. നിര്‍ഭാഗ്യം രണ്ടു പക്ഷത്തും വേഷമണിഞ്ഞപ്പോള്‍ ഫലം ഒപ്പത്തിനൊപ്പമായി.
ഗോള്‍...1-0 (12ാം മിനിറ്റ്)
കളിയൊഴുക്കിന് വിപരീതമായി റുമേനിയന്‍ ക്ളബിന് ലീഡ് സമ്മാനിച്ചുകൊണ്ട് ആദ്യ ഗോള്‍. പ്രത്യാക്രമണത്തില്‍നിന്നത്തെിയ പന്ത് പെനാല്‍റ്റി ബോക്സിന് മുന്നില്‍ യുക്രെയ്ന്‍ പ്രതിരോധത്തെ വകഞ്ഞുമാറ്റി 8ാം നമ്പറുകാരന്‍ മാര്‍ട്ടിന്‍ മഡാലിന്‍ മാര്‍ക്ക് ചെയ്യാതെ കിടന്ന ടുഡോറന്‍ ജോര്‍ജിന് ക്രോസ് നല്‍കിയപ്പോള്‍ ഗാലറിയെയും നിശ്ശബ്ദമാക്കിയ ഗോളിലേക്കുള്ള വഴിയായി.
ഗോള്‍... 1-1 (58ാം മിനിറ്റ്)
പരുക്കന്‍ കളിക്കൊടുവില്‍ യുക്രെയ്ന്‍ സംഘത്തിന് ആശ്വാസമായി ഉജ്ജ്വല ഗോള്‍. ബോക്സിന് പുറത്തുനിന്ന് എതിര്‍ ഡിഫന്‍ഡര്‍മാരുടെ തലക്കുമുകളിലൂടെ നായകന്‍ റാവ്ഷെങ്കോ സെര്‍ജി ഉയര്‍ത്തി നല്‍കിയ ക്രോസ് മെമഷേവ് റെഡ്വാന്‍െറ ഡൈവിങ് ഹെഡറിലൂടെ വലയുടെ ഇടതു മൂലയിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.