?????? ??????

സേട്ട് നാഗ്ജിയുടെ സമ്മാനം

കോഴിക്കോട്: വാസ്കോഡഗാമ സാമൂതിരി മണ്ണില്‍ കാലുകുത്തി നാലു നൂറ്റാണ്ടിനുശേഷമാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ മാണ്ഡ്വിയില്‍നിന്ന് നാഗ്ജി, പുരുഷോത്തം എന്നീ സഹോദരന്മാര്‍ കച്ചവടത്തിനായി ഇവിടെയത്തെിയത്. മലബാറിലെ കുരുമുളകിലും കശുവണ്ടിയിലുമായിരുന്നു നോട്ടമെങ്കിലും ക്രമേണ കോഴിക്കോട്ടുകാരായി ഈ സേട്ടുമാര്‍. മലബാറിന്‍െറ കളിക്കമ്പത്തില്‍ ലയിച്ച അവര്‍ സമ്മാനിച്ചതായിരുന്നു സേട്ട് നാഗ്ജി അമര്‍സി ഫുട്ബാള്‍. ആറു പതിറ്റാണ്ടുമുമ്പ് നാഗ്ജിയുടെ മകന്‍ ജയാനന്ദ് നാഗ്ജിയുടെ ആവേശത്തില്‍ മാനാഞ്ചിറ മൈതാനിയില്‍ ഉരുണ്ടുതുടങ്ങിയ പന്താണ് നാളെ മുതല്‍ ലോകതാരങ്ങളുടെ കാലില്‍ തൊടാന്‍ വെമ്പുന്നത്.

കച്ചവടക്കാര്‍ക്കിടയില്‍ വ്യത്യസ്തനാണ് സേട്ട് നാഗ്ജിയും കുടുംബവും. 1880ല്‍ കോഴിക്കോട്ടത്തെിയ ഇവര്‍ സണ്‍ കുടകളുടെയും സോപ്പിന്‍െറയും ഫാക്ടറി വലിയങ്ങാടിയില്‍ സ്ഥാപിച്ചു. മഹാത്മ ഗാന്ധി മലബാറിലത്തെിയാല്‍ തങ്ങിയിരുന്നത് വെള്ളിമാട്കുന്നിലെ സേട്ട് നാഗ്ജിയുടെ ബംഗ്ളാവിലായിരുന്നു.
ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം ആ ബംഗ്ളാവ് സര്‍ക്കാറിന് നല്‍കി. സേട്ട് നാഗ്ജി സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ 5001 രൂപ സ്വീകരിച്ച് ഗാന്ധിജി സ്വന്തം കൈപ്പടയില്‍ എഴുതിയ പോസ്റ്റ് കാര്‍ഡും ഗാന്ധിജി ഒപ്പിട്ട ഫോട്ടോയും നാഗ്ജി കുടുംബം ഇന്നും നിധിപോലെ സൂക്ഷിക്കുന്നു.
തിരിച്ചുവരുന്ന നാഗ്ജി ഫുട്ബാളിന് കപ്പുകള്‍ നല്‍കുന്നത് തങ്ങളുടെ അവകാശമായ നാഗ്ജി കുടുംബത്തിന്‍െറ നാലാം തലമുറയില്‍പെട്ട സന്ദീപ് മത്തേയും നിമേഷ് മത്തേയും ഇന്നും വ്യാപാരികളായി കോഴിക്കോട്ടുണ്ട്. 1952ല്‍ നാഗ്ജിയുടെ മകന്‍ ജയാനന്ദിന്‍െറ നേതൃത്വത്തില്‍ മാനാഞ്ചിറ മൈതാനിയില്‍ ആദ്യമായി കളി തുടങ്ങുമ്പോള്‍ സീസണ്‍ ടിക്കറ്റിന് 100 രൂപ ഈടാക്കിയിരുന്നു. സാമ്പത്തികപ്രയാസമൊന്നുമില്ലാതെ കളി പൂര്‍ത്തിയാക്കാനായാല്‍ പണം തിരിച്ചുനല്‍കാമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. ടൂര്‍ണമെന്‍റ് വിജയകരമായി പൂര്‍ത്തിയാക്കി കാണികള്‍ക്കുള്ള പണം തിരികെ നല്‍കാന്‍ നോക്കിയപ്പോള്‍ കോഴിക്കോട്ടെ കായികപ്രേമികള്‍ പണം തിരിച്ചുവാങ്ങിയില്ല. പണം വേണ്ട, അടുത്ത കൊല്ലവും ഈ ടൂര്‍ണമെന്‍റ് നടത്തണമെന്നായിരുന്നു കാണികള്‍ അന്ന് നാഗ്ജി കുടുംബത്തോട് ആവശ്യപ്പെട്ടത്.

അടുത്ത കൊല്ലത്തെ ടൂര്‍ണമെന്‍റിലും വന്‍ സാമ്പത്തികനേട്ടമുണ്ടായതോടെ പൊതുജനങ്ങളുടെ പണം കൈയില്‍ വെക്കുന്നത് ശരിയല്ല എന്നായി നാഗ്ജി. ഇതോടെ ടൂര്‍ണമെന്‍റില്‍നിന്ന് അതുവരെ ലാഭമായി ലഭിച്ച ഒന്നര ലക്ഷം രൂപ കോര്‍പറേഷനെ ഏല്‍പിച്ച് നടത്തിപ്പിനുള്ള അധികാരം കൈമാറി. എവര്‍റോളിങ് ട്രോഫിയടക്കമുള്ള കപ്പുകള്‍ നല്‍കാനുള്ള അവകാശം തങ്ങള്‍ക്ക് വേണമെന്നതായിരുന്നു അവരുടെ ആവശ്യം. പിന്നീട് ജില്ലാ ഫുട്ബാള്‍ അസോസിയേഷനായി സംഘാടകര്‍.

നാഗ്ജിയുടെ കുടുംബം
 

അന്നു തുടങ്ങിയ ഫുട്ബാള്‍ ജൈത്രയാത്ര അതിന്‍െറ 35ാം അധ്യായത്തില്‍ 1995ല്‍ നിലച്ചുപോയി. രണ്ടു പതിറ്റാണ്ടിനുശേഷം പുതിയഭാവത്തില്‍ തിരിച്ചുവരുന്ന നാഗ്ജിയില്‍ ഇന്ത്യന്‍ ടീമുകളൊന്നുമില്ല. പകരം ഫുട്ബാള്‍ രാജാക്കന്മാരായ ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വന്‍കിട ക്ളബുകള്‍. അനന്തമായി നീണ്ട സ്റ്റേഡിയം നവീകരണവും മറ്റുമായി മുടങ്ങിയ കളി നടത്താന്‍ പിന്നീട് സാമ്പത്തികം പ്രതിസന്ധിയിലായി. കേരളത്തില്‍ കണ്ണൂര്‍ ശ്രീനാരായണ, കോട്ടയം മാമന്‍മാപ്പിള, തൃശൂര്‍ ചാക്കോള തുടങ്ങിയ എണ്ണപ്പെട്ട ടൂര്‍ണമെന്‍റുകളും നിലച്ചു. തിരുവനന്തപുരം ജി.വി. രാജ ടൂര്‍ണമെന്‍റ് രണ്ടുവര്‍ഷം മുമ്പ് പുനരാരംഭിച്ചു. അതിനിടെയാണ് കായികപ്രേമികളെ ഏറെ സന്തോഷിപ്പിച്ച് നാഗ്ജി ഫുട്ബാളിന്‍െറ തിരിച്ചുവരവ്.
ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മയാണ് മലയാളിക്ക് നാഗ്ജി ഫുട്ബാള്‍. ഇന്ത്യയില്‍ ഏറെ ശ്രദ്ധേയമായ ഈ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാത്ത പ്രശസ്ത ക്ളബുകളോ  കളിക്കാരോ ഇല്ല.

കൊല്‍ക്കത്താ ത്രിമൂര്‍ത്തികളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് എന്നിവയും  ബോംബെ ടാറ്റാസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രാസ്, ഓര്‍ക്കെ മില്‍സ്, ജെ.സി.ടി ഫഗ്വാര, എച്ച്.എ.എല്‍ ബംഗളൂരു, ആര്‍.ഇ.സി ബിക്കാനീര്‍, പഞ്ചാബ് പൊലീസ്, രാജസ്ഥാന്‍ പൊലീസ്, സാല്‍ഗോക്കര്‍ ഗോവ, ഡെംപോ ഗോവ, വാസ്കോ ഗോവ, ചര്‍ച്ചില്‍ ബ്രദേഴ്സ്, ജലന്ധര്‍ ലീഡേഴ്സ് തുടങ്ങിയവയും പുറമെ പാകിസ്താനില്‍നിന്നുള്ള കറാച്ചി കിക്കേഴ്സ്, ബംഗ്ളാദേശിലെ അബഹാനി ക്രീഡാ ചക്ര എന്നിവയും നാഗ്ജിയുടെ സുവര്‍ണ നാളുകളില്‍ കോഴിക്കോട്ടത്തെി ഫുട്ബാളിന്‍െറ മാസ്മരികത കെട്ടഴിച്ചുവിട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.