നിപ്രോ vs ഷംറോക്; ഇന്ന് സൂപ്പർ പോരാട്ടം

കോഴിക്കോട്: സേട്ട് നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് ഗ്രൂപ് ‘ബി’യില്‍ അയര്‍ലന്‍ഡിന്‍െറ ഷംറോക് റോവേഴ്സും യുക്രെയ്ന്‍ പ്രീമിയര്‍ ലീഗ് ടോപ് ഡിവിഷനിലെ കരുത്തരായ നിപ്രോ നിപ്രോ പെട്രോസ്കും തമ്മില്‍ തീപാറും പോരാട്ടം.


നമ്പര്‍ വണ്‍ നിപ്രോ
യുക്രെയ്ന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ കരുത്തരായ ഡൈനാമോ കിയവിനും ഷാക്തര്‍ ഡൊണസ്കിനും പിന്നില്‍ മൂന്നാം സ്ഥാനക്കാരായിരുന്ന നിപ്രോ നടപ്പു സീസണില്‍ നാലാം സ്ഥാനക്കാരായാണ് കോഴിക്കോട്ടത്തെിയത്. 2015-16 സീസണിലെ ഇടവേളയില്‍ പുതുസീസണിലേക്കുള്ള സന്നാഹപ്പോരാട്ടം കൂടിയാണ് ടീമിന്. നാഗ്ജി ചാമ്പ്യന്‍ഷിപ്പിലെ ഇതര ക്ളബുകള്‍ അമച്വര്‍ ടീമുമായോ മൂന്നാം ഡിവിഷന്‍ താരങ്ങളുമായോ ആണ് കോഴിക്കോട്ടത്തെിയതെങ്കില്‍ ടോപ് ഡിവിഷന്‍ ടീമുമായാണ് നിപ്രോയുടെ വരവ്. 20 അംഗ സംഘത്തില്‍ അഞ്ചു പേര്‍ സീനിയര്‍ ടീമിലെ താരങ്ങള്‍. ഇക്കുറി ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്കൊരുങ്ങുന്ന നിപ്രോക്ക് രണ്ടാംഘട്ട പോരാട്ടങ്ങള്‍ മാര്‍ച്ച് അഞ്ചിന് തുടങ്ങാനിരിക്കെയാണ് ടീമിന്‍െറ കോഴിക്കോടന്‍ യാത്ര. സീസണ്‍ രണ്ടാം ഘട്ടത്തിനൊരുങ്ങുന്നതിന്‍െറ ഭാഗമായാണ് ടീമിന്‍െറ ഇന്ത്യന്‍ പര്യടനമെന്ന് യൂത്ത് ടീം കോച്ചും മുന്‍ യുക്രെയ്ന്‍ ദേശീയ ടീം താരവുമായ ദിമിത്രോ മിഖായെലം വ്യക്തമാക്കുന്നു.
ടീമിലെ ഗോള്‍കീപ്പര്‍മാരായ ഡെനിസ് ഷെലഖോവും ഇഹോര്‍ വാര്‍തസാബയും ദീര്‍ഘകാലമായി നിപ്രോക്കൊപ്പമുള്ളവര്‍. ഇടക്കുള്ള സീസണുകളില്‍ വായ്പാടിസ്ഥാനത്തില്‍ നാട്ടിലെ തന്നെ ക്ളബുകളുടെ വല കാത്താണ് ഇരുവരും നിപ്രോക്കൊപ്പം പുതു സീസണിനു മുമ്പായി ചേര്‍ന്നത്. പ്രതിരോധ നിരക്കാരന്‍ അലക്സാണ്ടര്‍ സ്വറ്റോക്, മധ്യനിരക്കാരന്‍ അലക്സാണ്ടര്‍ വാസലീവ്, ആക്രമണ നിരയിലെ ഡെനിസ് ബലൂനിച്ച് എന്നിവര്‍ ദേശീയ യൂത്ത് ടീമിലും നിപ്രോ സീനിയര്‍ ടീമിലും കളിച്ച് പരിചയിച്ചവര്‍. ശേഷിച്ചവരെല്ലാം 22നും 25നും മധ്യേ പ്രായമുള്ളവരും.
യുവതാരങ്ങള്‍ക്ക് ലോകോത്തര ക്ളബുകളുമായി ഇടപെടാന്‍ അവസരം ലഭിക്കുന്നുവെന്ന് കോച്ച് ദിമിത്രി മിഖായെലം പറഞ്ഞു.  

ഒന്നാം നിരയുമായി ഷംറോക്
അയര്‍ലന്‍ഡിലെ ഡബ്ളിനില്‍നിന്നുള്ള ഷംറോക് റോവേഴ്സ് അയര്‍ലന്‍ഡ് പ്രീമിയര്‍ ലീഗിലെ മൂന്നാം സ്ഥാനക്കാരും യൂറോപ ലീഗിന് യോഗ്യത ഉറപ്പിച്ചവരുമാണ്. പുതിയ സീസണിന് മാര്‍ച്ചില്‍ കിക്കോഫ് കുറിക്കാനിരിക്കെയാണ് ടീമിന്‍െറ വരവ്. ഓഫ് സീസണില്‍ ഒന്നാം നമ്പര്‍ ടീമുമായാണ് ഷംറോകിന്‍െറയും വരവ്. ഗോള്‍കീപ്പര്‍ 30കാരനായ ബാരി മര്‍ഫി 50 മത്സരങ്ങളില്‍ സീനിയര്‍ ടീമിന്‍െറ ഗ്ളൗസ് അണിഞ്ഞ താരം. ഡിഫന്‍ഡര്‍മാരായ ലൂക് ബയണ്‍, ഡേവിഡ് ഒ. കൊണര്‍, ഡേവിഡ് വെബ്സ്റ്റര്‍, മാക്സിമി ബ്ളന്‍ഷാഡ്, സൈമണ്‍ മാഡന്‍, മധ്യനിരയിലെ പാട്രിക് ക്രെഗ്, ഗാവിന്‍ ബ്രെണ്ണന്‍ തുടങ്ങിയ താരങ്ങളെല്ലാം ഐറിഷ് ടീമിന്‍െറ ഒന്നാം ഡിവിഷനിലെ കളിക്കാര്‍.
അയര്‍ലന്‍ഡ് ലീഗ് മത്സരങ്ങള്‍ക്ക് മുന്നോടിയായിയുള്ള നാഗ്ജി ചാമ്പ്യന്‍ഷിപ് ടീമിന് കൂടുതല്‍ ആത്മവിശ്വാസവും പരിചയസമ്പത്തും നല്‍കുമെന്ന് ഷാംറോക് റോവേഴ്സ് കോച്ച് സ്റ്റീഫന്‍ മക്ഫൈക് പറഞ്ഞു. ശനിയാഴ്ച അര്‍ജന്‍റീനക്കെതിരെ കളിച്ച ജര്‍മന്‍ ക്ളബ് ടി.എസ്.വി മ്യൂണിക്കിന്‍െറ പ്രകടനത്തെയും കോച്ച് അഭിനന്ദിച്ചു. ഇരു ടീമുകളും ആദ്യമായാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കളിക്കുന്നത്.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.