നാഗ്ജി: വാറ്റ്ഫോഡ് എഫ്.സിക്ക് ആദ്യജയം

കോഴിക്കോട്: ആദ്യ കളിയിലെ തോല്‍വിയില്‍നിന്ന് പാഠമുള്‍കൊണ്ട് തിരിച്ചത്തെിയ വാറ്റ്ഫോഡിന് ജയത്തോടെ പുതുജീവന്‍. സേട്ട്നാഗ്ജി ഫുട്ബാള്‍ ഗ്രൂപ് എയിലെ രണ്ടാം മത്സരത്തില്‍ റുമേനിയന്‍ ക്ളബ് റാപിഡ് ബുകറെസ്തിയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയാണ് മുന്‍ ലിവര്‍പൂള്‍ താരം ഹാരികെവില്‍ പരിശീലിപ്പിക്കുന്ന ടീം തിരിച്ചത്തെിയത്. കോര്‍ണറുകളിലൂടെയത്തെിയ അവസരം 23ാം മിനിറ്റില്‍ അലക്സ് യാകുബിയാകും 57ാം മിനിറ്റില്‍ ബെര്‍ണാഡ് മെന്‍ഷായും ഗോളാക്കിമാറ്റി വാറ്റ്ഫോഡിന് ജയമൊരുക്കി.

നിര്‍ഭാഗ്യത്തിലും ചുവപ്പുകാര്‍ഡിലും കുരുങ്ങിയ റുമേനിയന്‍ ക്ളബ് ബുകറെസ്തിയുടെ സെമി പ്രതീക്ഷ മങ്ങിയപ്പോള്‍ രണ്ടുകളിയില്‍ മൂന്നു പോയന്‍റുമായി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീമിന്‍െറ യുവസംഘമായ വാറ്റ്ഫോഡ് അവസാന നാലിലേക്കുള്ള സാധ്യത ശക്തമാക്കി. മുന്നേറ്റനിരയിലെ പ്രധാനതാരം മാര്‍ട്ടിന്‍ മഡാലിന്‍ 69ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡുമായി പുറത്തായതോടെ അവസാന 25 മിനിറ്റോളം പടനായകനില്ലാതെയായിരുന്നു ബുകറെസ്തിയുടെ പോരാട്ടം. ചോര്‍ച്ചയില്ലാത്ത കൈകളുമായി ഗോള്‍കീപ്പര്‍ ലൂക് സിംപ്സന്‍ നിറഞ്ഞുനിന്നതോടെ വാറ്റ്ഫോഡ് ജയം കൈപിടിയിലൊതുക്കി. ഗോളെന്നുറപ്പിച്ച അരഡസന്‍ അവസരങ്ങളെങ്കിലും തട്ടിയകറ്റിയ സിംപ്സനാണ് മാന്‍ ഓഫ് ദ മാച്ച്.
 

കോഴിക്കോട് കോര്‍പറേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന നാഗ്ജി ഫുട്ബോളില്‍ റുമേനിയ എഫ്സി റേപിഡ് ബുക്കറെസ്തിയുടെ ഗോള്‍ ശ്രമം ഡൈവ് ചെയ്ത് തടയുന്ന ഇംഗ്ളണ്ട് വാറ്റ്ഫോര്‍ഡ് എഫ് സിയുടെ ഗോള്‍കീപ്പര്‍ ല്യൂക്ക് സിംസണ്‍
 


വോളിന്‍ ലറ്റ്സ്കിനെ നേരിട്ട ടീമില്‍നിന്നും നാലു നിര്‍ണായക മാറ്റങ്ങളുമായിറങ്ങിയ റാപിഡ് ബുകറെസ്തിയുടെ മുന്നേറ്റങ്ങളോടെയാണ് കളിതുടങ്ങിയതെങ്കിലും 22ാം മിനിറ്റിലെ വാറ്റ്ഫോഡ് ഗോളോടെ ഗതിമാറി. ജോര്‍ജ് ഡോറനും മാര്‍ട്ടിന്‍ മഡാലിനും വിങ്ങില്‍നിന്ന് നയിച്ച മുന്നേറ്റത്തിലൂടെയായിരുന്നു റാപിഡിന്‍െറ ആക്രമണങ്ങള്‍. പ്രതിരോധത്തിലൂന്നി കളിച്ച വാറ്റ്ഫോഡുകള്‍ 22ാം മിനിറ്റില്‍ ഗാലറിയെ ഇളക്കിമറിച്ച ഗോളിലൂടെ പോരാട്ടം തങ്ങളുടെ വരുതിയിലാക്കി. 19കാരന്‍ യാകുബിയാകും മെന്‍ഷായും മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടിയപ്പോള്‍ പ്രതിരോധത്തില്‍ ജോഷ് ദോഹര്‍ട്ടിയും കാള്‍സ്റ്റുവര്‍ട്ടും ഏല്‍പിച്ച പണി ഭംഗിയാക്കി. എന്നിട്ടും വീണുകിട്ടിയ അവസരങ്ങളില്‍ ബുകറെസ്തി നടത്തിയ മുന്നേങ്ങള്‍ നിര്‍ഭാഗ്യംകൊണ്ടും ഗോളി ലൂക് സിംപ്സന്‍െറ മിടുക്കിലും വരകടക്കാതെ അകന്നുപോവുകയായിരുന്നു.

1-0 (23ാം മിനിറ്റ്)
ബുകറെസ്തിയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ വാറ്റ്ഫോഡിന്‍െറ മുന്നേറ്റം കോര്‍ണറില്‍ കലാശിച്ചു. കിക്കെടുത്ത എട്ടാം നമ്പറുകാരന്‍ ജോര്‍ജ് ബെയ്സിന്‍െറ ബൂട്ടില്‍നിന്നും പന്ത് ബോക്സിനകത്തേക്ക് പറന്നപ്പോള്‍ ഒരാള്‍പൊക്കത്തില്‍ ഉയര്‍ന്നുചാടിയ ബെര്‍ണാഡ് മെന്‍ഷായുടെ ഹെഡര്‍ ബുകറെസ്തി ഗോളി പോള്‍ ബൊട്ടാസ് ഒരുവിധം തടഞ്ഞിട്ടെങ്കിലും പന്തുവീണത് ക്രോസ്ബാറിനുതാഴെ അവസരം കാത്തിരുന്ന അലക്സ് യാകൂബിയാകിന്‍െറ കാലിലേക്ക്. വെട്ടിത്തിരിഞ്ഞ് നിമിഷവേഗത്തില്‍ യാകുബിയാക് തൊടുത്ത ഷോട്ടില്‍ ബുകറെസ്തിയുടെ വലകുലുങ്ങി.

2-0 (57ാം മിനിറ്റ്)
സമനിലക്കായുള്ള ബുകറെസ്തിയുടെ പോരാട്ടത്തിനിടെ ഇംഗ്ളീഷുകാര്‍ ലീഡുയര്‍ത്തി. ആദ്യ ഗോളിനു സമാനമായി കോര്‍ണറിലൂടെയാണ് വലകുലുങ്ങിയതെങ്കിലും റാപിഡിന്‍െറ പ്രതിരോധത്തിലെ വലിയ വീഴ്ചക്ക് നല്‍കിയ വിലയായി. ബോക്സ് കടന്നു പതിച്ച പന്തിനെ ദുര്‍ബലമായ ഷോട്ടിലൂടെ തട്ടിയിടേണ്ട ജോലിയേ പത്താം നമ്പറുകാരന്‍ ബെര്‍ണാഡ് മെന്‍ഷക്കുണ്ടായിരുന്നുള്ളൂ. ബാലന്‍സ് തെറ്റിയ ഗോളിയെയും മറികടന്ന് വലകുലുങ്ങിയതോടെ വാറ്റ്ഫോഡ് ലീഡുയര്‍ത്തി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.