?????? ????????? ??????? ?????????? ??.???.?? 1860 ??????????? ?????????? ?????????? ??????

മോശം റഫറിയിങ് വിധിയെഴുതി

അമ്പയറിങ്ങിലെ ചെറിയൊരു പിഴവുപോലും ഒരു രാജ്യാന്തര ഫുട്ബാള്‍ മത്സരത്തിന്‍െറ, അതും തുല്യശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്‍െറ ഗതിതന്നെ മാറ്റിമറിക്കുമെന്നതിന് സേട്ട് നാഗ്ജി ഫുട്ബാളില്‍ അയര്‍ലന്‍ഡില്‍നിന്നുള്ള ഷംറോക് റോവേഴ്സും ജര്‍മന്‍ ടീം ടി.എസ്.വി 1860 മ്യൂണിക്കും തമ്മിലുള്ള അവസാന സ്കോര്‍ബോര്‍ഡ് തന്നെ ഉദാഹരണം. ഓഫ്സൈഡാണെന്ന് നൂറുശതമാനവും ഉറപ്പായിട്ടും റഫറിമാർ കണ്ടില്ളെന്നുനടിച്ചത് അതുവരെ രണ്ടു തവണ ലീഡ് കണ്ടത്തെി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ജര്‍മന്‍ ടീമിനാണ് വിനയായത്. റഫറി അനുവദിച്ച ‘ഓഫ്സൈഡ്’ ഗോളോടെ 2-2 സമനില പിടിച്ച ഷംറോക് ലോങ്വിസില്‍ മുഴങ്ങുമ്പോള്‍ 3-2ന്‍െറ മുന്‍തൂക്കത്തില്‍ ജേതാക്കളായി ജയിച്ചുകയറി. വിവാദമായ ഓഫ്സൈഡ് ഗോളിന് പുറമെ മത്സരത്തില്‍ അനുവദിച്ച മൂന്ന് പെനാല്‍റ്റികളില്‍ സംശയമുയര്‍ത്തിയ ഒരു സ്പോട്ട് വിസിലും ചേര്‍ന്ന് ആവേശകരമായ പരിസമാപ്തിയിലേക്ക് നീങ്ങേണ്ടിയിരുന്ന മത്സരച്ചൂടിനുമേല്‍ വെള്ളം കോരിയൊഴിക്കുകയായിരുന്നു.
 

യുക്രെയ്നില്‍നിന്നുള്ള നിപ്രോ എഫ്.സിയോട് ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടിവന്നതിനാല്‍ ഷംറോക്കിന് ടി.എസ്.വിക്കെതിരെ ജയം അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ നിപ്രോക്കെതിരെ കളിച്ച ആറു താരങ്ങളെ റിസര്‍വ് ബെഞ്ചിലിരുത്തി പുതിയ ക്യാപ്റ്റന് കീഴില്‍ ആറുപേര്‍ക്ക് ഫസ്റ്റ് ഇലവനില്‍ സ്ഥാനം നല്‍കി വന്‍ അഴിച്ചുപണിയോടെയാണ് കോച്ച് ഗ്ളെന്‍ ക്രോണിന്‍ ടി.എസ്.വിയെ നേരിടാന്‍ ടീമിനെ ഇറക്കിയത്. അര്‍ജന്‍റീന അണ്ടര്‍ 23നെ കീഴടക്കിയത്തെിയ ടി.എസ്.വിക്കാകട്ടെ ജയിച്ചാല്‍ ടൂര്‍ണമെന്‍റില്‍ സെമി ബെര്‍ത്ത് ഏതാണ്ട് ഉറപ്പാക്കാമായിരുന്നു.

ഗതിവേഗമാര്‍ന്ന നീക്കങ്ങളും മികച്ച ഡ്രിബ്ളിങ് പാടവവുമായി എതിര്‍ ബോക്സിലേക്ക് നിരന്തരം പന്തത്തെിച്ചുകൊണ്ടിരുന്ന ടി.എസ്.വിയുടെ ‘കൊച്ചുപയ്യന്‍’ നിക്കോളാസ് ഹെല്‍മ്ബ്രട്ടായിരുന്നു ജര്‍മന്‍ മുന്നേറ്റങ്ങളുടെ ചുക്കാന്‍പിടിച്ചത്. അയര്‍ലന്‍ഡ് പ്രതിരോധനിരക്കാര്‍ക്ക് ഈ 23ാം നമ്പര്‍ ജഴ്സിക്കാരനെ പിടിച്ചുകെട്ടാന്‍ ഏറെ പാടുപെടേണ്ടിയും വന്നു. 14ാം മിനിറ്റില്‍തന്നെ പെനാല്‍റ്റി കിക്കിലൂടെ ജര്‍മന്‍ ടീം മുന്നിലത്തെിയതിന് പിന്നിലും ഹെല്‍മ്ബ്രട്ടിന്‍െറ സംഭാവനയുണ്ടായിരുന്നു. തടിമിടുക്കുള്ള താരങ്ങളുമായി ഇറങ്ങിയ ഷംറോക് ലോങ് പാസുകളിലൂടെയാണ് മറുഭാഗത്ത് ജര്‍മന്‍ ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ മെനഞ്ഞത്. സ്ട്രൈക്കര്‍ ഡാനിനോര്‍ത്താണ് ആക്രമണങ്ങളുടെ കുന്തമുനയായത്. ഗോള്‍ തിരിച്ചടിച്ച് 1-1 സമനിലയായതോടെ മത്സരത്തിനും ചൂടുപിടിച്ചു. ഇരു ഗോള്‍മുഖങ്ങളിലേക്കും പന്ത് കയറിയിറങ്ങുന്നതിനും ഇത് വഴിയൊരുക്കി.
 

ആദ്യ രണ്ടു ഗോളുകള്‍ക്കും പിന്നാലെ മൂന്നാമത്തേതും പെനാല്‍റ്റി ഗോളായിരുന്നു. സംശയമുയര്‍ത്തുന്നതായിരുന്നു റഫറിയുടെ ഈ പെനാല്‍റ്റി വിസില്‍. ടി.എസ്.വി വീണ്ടും മുന്നിലത്തെുന്നതിന് ഇത് വഴിയൊരുക്കി. രാജ്യാന്തര നിലവാരമുള്ള കിക്കുകളായിരുന്നു മൂന്ന് പെനാല്‍റ്റികളിലും പിറവിയെടുത്തത്.
ഷംറോക് താരങ്ങളെപ്പോലും അദ്ഭുതപ്പെടുത്തുന്നതായിരുന്നു സ്കോര്‍ബോര്‍ഡില്‍ 2-2 സമനില എഴുതിച്ചേര്‍ത്ത അവരുടെ അടുത്ത ഗോള്‍. സ്ട്രൈക്കര്‍ ഡാനിനോര്‍ത്ത് നടത്തിയ സോളോ അറ്റാക് ടി.എസ്.വി ഗോളി ഫ്രിറ്റ്സില്‍ തട്ടി മടങ്ങി. പന്ത് വീണ്ടും ഷംറോക് മിഡ്ഫീല്‍ഡ് എതിര്‍ ഗോള്‍മുഖത്തേക്ക് ചത്തെിയിറക്കുമ്പോള്‍ ഡാനിനോര്‍ത്ത് വ്യക്തമായ ഓഫ്സൈഡ് പൊസിഷനില്‍. എതിര്‍ കസ്റ്റോഡിയനെ മുന്നില്‍ നിര്‍ത്തി കിട്ടിയ അവസരം ഇത്തവണ സാനിനോര്‍ത്ത് വലക്കുള്ളിലേക്ക് ലോബ് ചെയ്തിട്ടു. ടി.എസ്.വി താരങ്ങളൊന്നടങ്കം ഓഫ്സൈഡ് വാദം ഉന്നയിച്ചെങ്കിലും ലൈന്‍ റഫറിയുടെ ഫ്ളാഗ് അനുകൂലമായി ചലിച്ചില്ല. ഇന്ത്യന്‍ റഫറി എം.ബി. സന്തോഷ്കുമാറിന് മുന്നിലേക്ക് ജര്‍മന്‍ താരങ്ങളൊന്നടങ്കം നീങ്ങിയെങ്കിലും അസി. റഫറി ഓഫ് ഫ്ളാഗ് ഉയര്‍ത്താത്തതിനാല്‍ അനുവദിക്കാന്‍ അദ്ദേഹവും തയാറായില്ല. ഈ മോശം അമ്പയറിങ് തുടര്‍ന്നങ്ങോട്ടുള്ള ടി.എസ്.വി പ്രകടനത്തെയും ബാധിച്ചു. ഷംറോക് ടീം ഒരു ഗോള്‍ കൂടി നേടിയതോടെ ടി.എസ്.വിയുടെ പതനം പൂര്‍ണവുമായി.
 

ഓഫ്സൈഡ് അനുവദിക്കാഞ്ഞതിനെതിരെ ജര്‍മന്‍ കോച്ച് ഡാനിയല്‍ ബയ്റോഫ്ക മത്സരാനന്തരം രൂക്ഷമായി പ്രതികരിച്ചു. ടി.എസ്.വി ഡിഫന്‍റര്‍മാര്‍ക്കപ്പുറം വ്യക്തമായ ഗ്യാപ്പില്‍ ഡാനിനോര്‍ത്ത് ഓഫ്സൈഡ് പൊസിഷനില്‍ ഉണ്ടായിട്ടും റഫറി കാണാതെ പോയത് ടീമിനെ പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഷംറോക് റോവേഴ്സ് കോച്ച് ഗ്ളെന്‍ ക്രോണിന്‍ പോലും ഈ ഗോളിനെ ന്യായീകരിക്കാന്‍ തയാറായില്ളെന്നതും മോശം റഫറിയിങ്ങിൻെറ തെളിവായി നില്‍ക്കുന്നു. ഇന്ത്യക്കാരായ സമര്‍പാല്‍, അസിത് സര്‍കാര്‍ എന്നിവരായിരുന്നു അസി. റഫറിമാരായി ലൈനില്‍ മത്സരം നിയന്ത്രിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.