കിങ്സ് കപ്പില്‍ ബാഴ്സ ഫൈനലില്‍, ജര്‍മന്‍ കപ്പില്‍ ബയേണ്‍ സെമിയില്‍, ഫ്രഞ്ച് കപ്പില്‍ പി.എസ്.ജി ക്വാര്‍ട്ടറില്‍

മഡ്രിഡ്: യൂറോപ്പില്‍ തോല്‍വിയറിയാതെ പ്രമുഖ ടീമുകള്‍ കുതിക്കുന്നു. കോപ ഡെല്‍ റെ (കിങ്സ് കപ്പ്) സെമിഫൈനലിന്‍െറ രണ്ടാം പാദത്തില്‍ വലന്‍സിയക്കെതിരെ ഓരോ ഗോളടിച്ച് ബാഴ്സ സമനില വഴങ്ങി, മൊത്തം 8-1ന്‍െറ കൂറ്റന്‍ അഗ്രഗേറ്റില്‍ ഫൈനലിലേക്ക് പ്രവേശിച്ചു. ജര്‍മനിയില്‍ ലെവന്‍ഡോസ്കിയുടെ ഇരട്ടഗോള്‍ മികവില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വി.എഫ്.എല്‍ ബോച്ചമിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക് ജര്‍മന്‍ കപ്പ് സെമിയില്‍ പ്രവേശിച്ചു. ഫ്രാന്‍സില്‍ കരുത്തരായ പാരീസ് സെന്‍റ് ജെര്‍മെയ്ന്‍ ഒളിമ്പിക് ലിയോണിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോല്‍പിച്ച് ഫ്രഞ്ച് കപ്പ് ക്വാര്‍ട്ടറിലും സ്ഥാനമുറപ്പിച്ചു.

വലന്‍സിയക്കെതിരെ ആദ്യപാദത്തില്‍ ഏഴുഗോളിന്‍െറ കൂറ്റന്‍ ലീഡില്‍ വിജയമുറപ്പിച്ച ബാഴ്സ പ്രമുഖരില്ലാതെയാണ് കളത്തിലിറങ്ങിയത്. മെസ്സിക്കൊപ്പം സൂപ്പര്‍ താരങ്ങളായ ലൂയി സുവാരസ്, നെയ്മര്‍, ആന്ദ്രെ ഇനിയേസ്റ്റ എന്നിവര്‍ക്കും കോച്ച് വിശ്രമമനുവദിച്ചു. 39ാം മിനിറ്റില്‍ വലന്‍സിയക്കു വേണ്ടി നെഗ്രെഡോ ഗോള്‍ നേടി. ബാഴ്സലോണ തോല്‍വിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ പകരക്കാരനായി എത്തിയ കൗമാരതാരം വില്‍ഫ്രഡ് കാപ്റ്റും സമനില ഗോള്‍ നേടി. ബാഴ്സക്കുവേണ്ടി കാപ്റ്റുമിന്‍െറ ആദ്യ ഗോളായിരുന്നു ഇത്. മേയ് 21നായിരിക്കും ഫൈനല്‍.

ബൗച്ചമിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മ്യൂണിക്കിന്‍െറ ജയം. 38, 90 മിനിറ്റുകളില്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി വലകുലുക്കിയപ്പോള്‍ 61ാം മിനിറ്റില്‍ തിയാഗോ അല്‍കാന്‍താരയുടെ വകയായിരുന്നു ഒരു ഗോള്‍. 16ാം മിനിറ്റില്‍ ആര്യന്‍ റോബനെ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് തോമസ് മ്യൂളര്‍ പാഴാക്കി. 10 പേരുമായാണ് ബൗച്ചം കളിച്ചത്. സൂപ്പര്‍ താരം സ്ളാറ്റന്‍ ഇബ്രാഹിമോവിച്ച് രണ്ടു വട്ടം വലകുലുക്കിയ മത്സരത്തില്‍ സമഗ്രാധിപത്യത്തോടെയായിരുന്നു ഒളിമ്പിക് ലിയോണിനെതിരെ പി.എസ്.ജിയുടെ വിജയം. 62, 67 മിനിറ്റുകളിലായിരുന്നു ഇബ്രയുടെ ഗോളുകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.