വ്യത്യസ്ത ശൈലികളുടെ ആവേശം വിതറിയ മാറ്റുരക്കല്‍

ആറടിയിലേറെ ഉയരകൂടുതലുള്ള കളിക്കാര്‍, തടിമിടുക്കിലും മുന്‍തൂക്കം, മികച്ച പന്തടക്കത്തോടെ ഗതിവേഗമാര്‍ന്ന് കളിക്കാനുള്ള പാടവം, ഇടക്കിടെ കേളീശൈലിയും തന്ത്രങ്ങളും മാറ്റി ആക്രമണങ്ങള്‍ ആസൂത്രിതം ചെയ്യാനുള്ള കഴിവ്. ഈ സവിശേഷതകളുമായി യുക്രെയ്നില്‍നിന്നുള്ള വോളിന്‍ ലുട്സ്ക് എഫ്.സി നടത്തിയ ശക്തമായ തിരിച്ചുവരവ്, ശാസ്ത്രീയ ഫുട്ബാളിന്‍െറ മികവ് സ്വന്തമായുള്ള ബ്രസീല്‍ ടീം അത്ലറ്റികോ പരാനെന്‍സായതുകൊണ്ട് മാത്രമാണ് സമനിലയിലെങ്കിലും തളച്ചിടാനായത്. ആദ്യപകുതിയില്‍ ബ്രസീല്‍ ടീമിനായിരുന്നു നേരിയ മുന്‍തൂക്കമെങ്കില്‍ രണ്ടാംപകുതി യുക്രെയ്ന്‍ ടീമിന്‍െറതായിരുന്നു. 2-1ന്‍െറ മുന്‍തൂക്കത്തില്‍ ജയിച്ചുകയറാമെന്ന വോളിന്‍ കളിക്കാരുടെ ഉറച്ച വിശ്വാസം ലോങ് വിസിലിന് തൊട്ടുമുമ്പ് നേടിയ ക്ളാസ് ഗോളിലൂടെ അട്ടിമറിക്കാനായതൊഴിച്ചാല്‍ കീഴടങ്ങിയവരുടെ ശരീരഭാഷയോടെയായിരുന്നു പരാനെന്‍സ് കളിക്കാരുടെ രണ്ടാം പകുതിയിലെ പ്രകടനം.

കിക്കോഫിന് അണിനിരക്കുമ്പോള്‍ ബ്രസീല്‍ ടീമിന് ഇംഗ്ളണ്ടില്‍നിന്നുള്ള വാറ്റ്ഫോഡ് എഫ്.സിയെ കീഴടക്കിയ മൂന്നു പോയന്‍റും വോളി ടീമിന് റുമാനിയന്‍ ടീം റാപ്പിഡ് ബുക്കാറെസ്റ്റിയുമായി സമനിലയില്‍ വഴികിട്ടിയ ഒരു പോയന്‍റുമായിരുന്നു സമ്പാദ്യം. വോളിനെതിരെ ജയിക്കാനായാല്‍ ബ്രസീല്‍ ടീമിന് ഏതാണ്ട് സെമി ബെര്‍ത്ത് ഉറപ്പാകും. മറുഭാഗത്ത് ബ്രസീലിനെ തോല്‍പിച്ചെങ്കില്‍മാത്രമേ സെമി പ്രതീക്ഷ നിലനിര്‍ത്താനാകൂവെന്ന നിലയിലായിരുന്നു വോളിന്‍ എഫ്.സി.

ഇരുടീമുകളുടെയും ശക്തിദൗര്‍ബല്യങ്ങള്‍ അളന്നുമുറിച്ച് പഠിച്ചുള്ള നീക്കങ്ങളായിരുന്നു പന്ത് ടച്ച് ചെയ്തതുമുതല്‍ ഇരുടീമുകളും അവലംബിച്ചത്. മാന്‍ടു മാര്‍ക്കിങ്ങോടെയുള്ള കളി ഒരുവേള വിരസതയിലേക്ക് നീങ്ങുമെന്ന് കണക്കുകൂട്ടിയിടത്തുനിന്നാണ് പൊടുന്നനെ അറ്റാക്കിങ് ഗെയിമിലേക്ക് വഴിമാറിയത്. മത്സരഗതി മാറ്റിയതിന്‍െറ ക്രെഡിറ്റ് വോളിന്‍ എഫ്.സിക്ക് അവകാശപ്പെട്ടതാണ്. ഉയരക്കൂടുതലിന്‍െറ ആനുകൂല്യം മുതലാക്കി ഹൈബാളുകളെ ആശ്രയിച്ചുള്ള നീക്കങ്ങളായിരുന്നു അവരുടേത്. അതിവേഗത്തില്‍ ലോങ് പാസുകളുമായി ബ്രസീല്‍ ബോക്സിലേക്ക് തുടരെ പന്തത്തെിച്ച് ആക്രമിക്കുകയായിരുന്നു ക്യാപ്റ്റന്‍ സെര്‍ജി ക്രാവ്ചെങ്കോയുടെ നായകതത്വത്തിലിറങ്ങിയ വോളിന്‍ എഫ്.സി പരീക്ഷിച്ചത്.

ക്രമേണ ബ്രസീല്‍ ടീം മത്സരത്തില്‍ താളം കണ്ടത്തെിയതോടെ ഇരു ഗോള്‍മുഖങ്ങളിലേക്കും മാറിമാറി ആക്രമണങ്ങള്‍ അരങ്ങേറി. ആക്രമണത്തിലും മധ്യനിരയിലും തിളങ്ങിയ ഏഴും എട്ടും നമ്പര്‍ ജഴ്സിയണിഞ്ഞ കയോ ഫെര്‍നാണ്ടോ ഡാ സില്‍വയും വെസ്ലി ഡാ സില്‍വയും ആക്രമണങ്ങളുടെ കുന്തമുനയായ ജോ പെഡ്രോസിന്‍വയുമായിരുന്നു ലോക ഫുട്ബാളിനുള്ള ഭാവി താരങ്ങളാണെന്ന് പ്രകടമാക്കുന്ന നീക്കങ്ങളോടെ വോളിന്‍ എഫ്.സി ഗോള്‍മുഖത്തേക്ക് നടത്തിയ ബ്രസീല്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ക്രോസ് ബാറിനുകീഴില്‍ ക്യാപ്റ്റന്‍ കൂടിയായ ലുകാസ് മകാനന്‍ ഫെറേറിയയും മികച്ച ഗോള്‍ സേവിങ് എഫര്‍ട്ടുകളുമായി ബ്രസീലിന്‍െറ വിശ്വസ്തതാരമായി.

ലാറ്റിനമേരിക്കന്‍ കളിത്തൊട്ടിലിലാണ് പിറവിയെടുത്തതെങ്കിലും ആക്രമണാത്മകതയുടെ യൂറോപ്യന്‍ ഫുട്ബാള്‍ ശൈലികൂടി ആവാഹിച്ചുള്ള പ്രകടനമായിരുന്നു പരാനെന്‍സ് താരങ്ങള്‍ വോളിന്‍ എഫ്.സിക്കെതിരെ കാഴ്ചവെച്ചത്. തന്‍െറ  കളിമിടുക്ക് അടിവരയിട്ട് വ്യക്തമാക്കുന്ന വെസ്ലി ഡാസില്‍വയുടെ ഗോളിലൂടെ പരാനെന്‍സാണ് ആദ്യം മുന്നിലത്തെിയത്. എട്ടു മിനിറ്റ് കഴിയുമ്പോഴേക്ക് സെര്‍ജി ലോഗിനേവിലൂടെ വോളിന്‍ എഫ്.സി മത്സരത്തില്‍ തിരിച്ചത്തെി.
ഗോളിയെമാത്രം സ്വന്തം ഹാഫില്‍ നിര്‍ത്തി എതിര്‍ഗോള്‍മുഖത്തേക്ക് ആക്രമണമഴിച്ചുവിട്ട വോളിന്‍ എഫ്.സി തന്ത്രത്തിനേറ്റ പിഴവായിരുന്നു ബ്രസീല്‍ ടീമിന്‍െറ ആദ്യ ഗോളിന് വഴിവെച്ചതെങ്കില്‍ കൂട്ട ആക്രമണത്തിനൊടുവില്‍ കിട്ടിയ ഫ്ളാഗ് കിക്കാണ് അവരുടെ സമനില ഗോളിന് വഴിയൊരുക്കിയത്.
ആക്രമണത്തിലും പ്രതിരോധത്തിലും മധ്യനിരയിലും കയറിയുമിറങ്ങിയും മൈതാനം മുഴുവന്‍ നിറഞ്ഞുകളിച്ച 13ാം നമ്പര്‍ ജഴ്സിക്കാരന്‍ ഷബാനോവ് ആര്‍ടേമിന് അവകാശപ്പെട്ടതാണ് വോളിന്‍ എഫ്.സി പോരാട്ട വീര്യത്തിന്‍െറ ക്രെഡിറ്റ്. ജെറാസ്യുമുക് ഒലേഗ്, ദിനെങ്കോ അനാതോളി, ബൊഗ്ദാനോവ് ആന്‍ദ്രി എന്നീ ഉയരക്കൂടുതലുള്ള കളിക്കാര്‍കൂടി ഓവര്‍ലാപ് ചെയ്ത് കളിക്കാനാരംഭിച്ചതോടെ രണ്ടാം പകുതി ബ്രസീല്‍ ഹാഫില്‍ കളി തളച്ചിടുന്നതിന് കാരണമായി. 63ാം മിനിറ്റില്‍ മെഷേവ് റെദ്വാനാണ് വോളിന്‍ എഫ്.സിയെ മുന്നിലത്തെിച്ച ഗോളിനുടമയായത്. കളി യുക്രെയ്ന്‍ ടീമിന് അനുകൂലമാവുകയാണെന്ന് ഉറപ്പിച്ചിടത്തുനിന്നാണ് 90ാം മിനിറ്റില്‍ ഗാലറികളില്‍ ഉണര്‍വുപകര്‍ന്ന ബ്രസീല്‍ ടീമിന്‍െറ സമനിലഗോള്‍ പിറവിയെടുത്തത്.

ആവേശകരമായ ഫുട്ബാള്‍ കാഴ്ചവെച്ചതിന് ഇരുടുമുകളോടും നന്ദി പറയാം. നാലു ഗോളുകളും അതിലേറെ ഗോളവസരങ്ങളും പിറവിയെടുത്ത പോരാട്ടം. സെമിയില്‍ കടന്നാലും ഇല്ളെങ്കിലും രണ്ട് വ്യത്യസ്ത ശൈലികളിലൂടെ ആക്രമണാത്മക ഫുട്ബാള്‍ കാഴ്ചവെച്ച വോളിന്‍ എഫ്.സിയും അത്ലറ്റികോ പരാനെന്‍സും രണ്ടു മത്സരങ്ങള്‍ കഴിഞ്ഞതോടെ ഏത് എതിരാളികളെയും നേരിടാന്‍ കെല്‍പുള്ള ടീമുകളായി മാറിക്കഴിഞ്ഞിരിക്കുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.