?????????-????? ?????????? ??????

വാറ്റ്ഫോഡ് സെമിയില്‍; സമനിലയോടെ ലുറ്റ്സ്ക് പുറത്ത്

കോഴിക്കോട്: ഈ സെമി ടിക്കറ്റിന് ഇംഗ്ളീഷുകാരായ വാറ്റ്ഫോഡ് എഫ്.സി മലയാളി റഫറി സന്തോഷ്കുമാറിനോട് നന്ദിപറയണം. സെമിപ്രവേശത്തിന് സമനിലയെങ്കിലും അനിവാര്യമായ വാറ്റ്ഫോഡുകാര്‍ 90ാം മിനിറ്റിലെ പെനാല്‍റ്റി ഗോളിലൂടെ യുക്രെയ്നില്‍നിന്നുള്ള വോളിന്‍ ലുറ്റ്സ്ക് എഫ്.സിയെ 1-1ന് പിടിച്ചുകെട്ടി ഗ്രൂപ് ‘എ’യില്‍നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിഫൈനലിലേക്ക് ടിക്കറ്റ് നേടി. ബ്രസീലുകാരായ അത്ലറ്റികോ പരാനെന്‍സ് ഗ്രൂപ് ജേതാക്കളായി നേരത്തേ സെമിയിലത്തെി.

കളിയുടെ 10ാം മിനിറ്റില്‍ ഗാലറിയെ ത്രസിപ്പിച്ച ഉജ്ജ്വല ഗോളിലൂടെ ലുറ്റ്സ്കാണ് മുന്നിലത്തെിയത്. കോര്‍ണര്‍കിക്കില്‍ വഴിമാറിയത്തെിയ പന്ത് പെനാല്‍റ്റി ബോക്സിന് പുറത്തുനിന്ന് നായകന്‍ സെര്‍ജി ക്രാവ്ഷെങ്കോ വെടിയുണ്ടകണക്കെ വലയിലേക്ക് തൊടുക്കുമ്പോള്‍ തടയാന്‍ ആരുമുണ്ടായിരുന്നില്ല. ലീഡിനു പിന്നാലെ പ്രതിരോധം ശക്തമാക്കി, ആവശ്യത്തിന് ആക്രമണവുമായി കളംകൈയടക്കിയ യുക്രെയ്നുകാരെ കണ്ണീരണിയിക്കുന്നതായിരുന്നു 90ാം മിനിറ്റിലത്തെിയ പെനാല്‍റ്റി ദുരന്തം. ഒറ്റനോട്ടത്തില്‍ നിരുപദ്രവകരമായ ഫൗള്‍. ഫ്രീകിക്കിലത്തെിയ പന്ത് ഹെഡ്ചെയ്യാന്‍ ചാടിയ വാറ്റ്ഫോഡ് താരത്തെ യുക്രെയ്ന്‍ ഡിഫന്‍ഡര്‍ തട്ടിയിടുമ്പോഴേക്കും പന്ത് കടന്നുപോയിരുന്നു. പക്ഷേ, റഫറിയുടെ വിധി പെനാല്‍റ്റിയായി. യുക്രെയ്ന്‍ താരങ്ങള്‍ കളത്തിലും ഒഫീഷ്യലുകള്‍ കുമ്മായവരക്ക് പുറത്തും ബഹളംവെച്ചെങ്കിലും വിധി ഇംഗ്ളീഷുകാര്‍ക്കൊപ്പമായിരുന്നു. പ്രതീക്ഷകള്‍ നഷ്ടമായി മുങ്ങിത്താഴുന്നിടത്ത് ലഭിച്ച പിടിവള്ളിയായി വാറ്റ്ഫോഡിന് റഫറിയുടെ തീരുമാനം. കൗമാരതാരം അലക്സ് യാകുബിയാക് കിക്കെടുക്കുംമുമ്പേ ഉമ്മവെച്ചും കെട്ടിപ്പിടിച്ചും ആഘോഷമാരംഭിച്ച ഇംഗ്ളീഷുകാര്‍ കൊതിച്ചപോലെതന്നെ പന്ത് വലയിലത്തെി. ഒപ്പം ആദ്യ കളിയില്‍ തോല്‍ക്കുകയും രണ്ടാം കളിയില്‍ ജയിക്കുകയും ചെയ്ത വാറ്റ്ഫോഡിന് സെമി ടിക്കറ്റും.

അവസാന മിനിറ്റില്‍ ലുറ്റ്സ്കിനേല്‍ക്കുന്ന രണ്ടാം മുറിവാണിത്. പരാനെന്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലും 90ാം മിനിറ്റില്‍ വഴങ്ങിയ ഗോളാണ് യുക്രെയ്ന്‍ ടീമിന്‍െറ വിജയപ്രതീക്ഷകള്‍ തച്ചുടച്ചത്. ഗ്രൂപ്പില്‍തന്നെ പുറത്തായെങ്കിലും ഒരു കളിയും തോല്‍ക്കാതെയാണ് മടങ്ങുന്നതെന്ന് വോളിന് അഭിമാനിക്കാം. വാറ്റ്ഫോഡ്, ബുകറെസ്തിക്കെതിരെ ജയിച്ച ടീമില്‍ ഒരു മാറ്റവുമില്ലാതെയാണ് കളത്തിലിറങ്ങിയതെങ്കില്‍, പരാനെന്‍സിനെ നേരിട്ട ടീമില്‍ മൂന്ന് മാറ്റങ്ങള്‍ ലുറ്റ്സ്ക് നിരയിലുണ്ടായിരുന്നു. മധ്യനിരയില്‍ ക്രിയേറ്റിവ് റോളില്‍ നിറഞ്ഞുനിന്ന് നായകന്‍ ക്രാവ്ഷെങ്കോയും മുന്നേറ്റത്തില്‍ എതിര്‍പ്രതിരോധം വെട്ടിക്കീറിയ റെഡ്വാന്‍ മെമഷേവും ഒലഗ് ജെറാസിമിയുകും ചേര്‍ന്ന് ആദ്യ പകുതി ലുറ്റ്സ്കിന്‍െറ സ്വന്തമാക്കിമാറ്റി. ആദ്യ 20 മിനിറ്റില്‍ മാത്രം ആറ് കോര്‍ണര്‍ കിക്കുകള്‍ ഒപ്പിച്ചെടുത്ത അവര്‍ ഏതു നിമിഷവും ഇംഗ്ളീഷ് വല കുലുക്കുമെന്നനിലയിലായി. ഒരു കിക്ക് ഗോളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. അതേസമയം, വീണുകിട്ടിയ അവസരങ്ങളിലൂടെ ഇടതുവിങ്ങില്‍നിന്ന് വാറ്റ്ഫോഡ് പന്തുമായി മുന്നേറിയെങ്കിലും ആറടി ഉയരക്കാരുമായി കോട്ടകെട്ടിയ യുക്രെയ്ന്‍ പ്രതിരോധത്തില്‍ തട്ടി എല്ലാം വഴിതെറ്റി. പക്ഷേ, ഒന്നാം പകുതിയുടെ അവസാന ഭാഗങ്ങളില്‍ കളിയില്‍ തിരിച്ചത്തെിയ വാറ്റ്ഫോഡ് 46ാം മിനിറ്റില്‍ ഒലാജുവോണ്‍ അഡെയെമോയെ പിന്‍വലിച്ച് മഹ്ലോന്‍ഡോ മാര്‍ട്ടിനിലൂടെ ആക്രമണത്തിന് വേഗം നല്‍കി. രണ്ടാം പകുതിയില്‍ ഒട്ടനവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ ഏകോപനമില്ലായ്മ ഇംഗ്ളീഷുകാരില്‍നിന്ന് വിജയം തട്ടിത്തെറുപ്പിച്ചു. ഒടുവിലാണ് പെനാല്‍റ്റി രക്ഷകനായത്തെിയത്. ഇഞ്ചുറി ടൈമില്‍ യുക്രെയ്നുകാര്‍ വീണ്ടും അവസരമൊരുക്കിയെങ്കിലും ഒന്നും ഗോളായില്ല.

ഗോള്‍ നിമിഷങ്ങള്‍
0-1 വോളിന്‍ ലുറ്റ്സ്ക്
10ാം മിനിറ്റ്: കളമുണരുംമുമ്പേ യുക്രെയ്നുകാര്‍ക്ക് ലീഡ്. വാറ്റ്ഫോഡ് പോസ്റ്റിന് വലതുമൂലയില്‍ പിറന്ന കോര്‍ണര്‍കിക്ക് ഒലഗ് ജെറാസിമികിലൂടെ ഗോള്‍മുഖത്തത്തെുമ്പോള്‍ ഇംഗ്ളീഷ് ഡിഫന്‍ഡര്‍ ബ്രാന്‍ഡണ്‍ മാസന്‍െറ ഹെഡര്‍ പ്രതിരോധം തീര്‍ത്തു. പക്ഷേ, അകറ്റിയ പന്ത് നേരെ പതിച്ചത് പെനാല്‍റ്റിബോക്സിനു പുറത്ത് കാത്തിരുന്ന സെര്‍ജി ക്രാവ്ഷെങ്കോയുടെ ബൂട്ടിലേക്ക്. ഉഗ്രന്‍ ഷോട്ടിലൂടെ പന്ത് വലയിലേക്ക്.

1-1 വാറ്റ്ഫോഡ് എഫ്.സി
90ാം മിനിറ്റ്: ഇംഗ്ളീഷുകാര്‍ക്ക് സെമിടിക്കറ്റുമായി റഫറിയുടെ വക പെനാല്‍റ്റി. ലുറ്റ്സ്ക് ഗോള്‍മുഖത്തേക്ക് ഫ്രീകിക്കിലൂടെയത്തെിയ പന്ത് ഹെഡ്ചെയ്യാനുള്ള ശ്രമത്തിനിടെ നിരുപദ്രവകരമായ ഫൗളിന് കടുത്ത ശിക്ഷ. ആല്‍ഫിയങ് ഹെഡ് ചെയ്യുന്നതിനിടെ ലുറ്റ്സ്ക് ഡിഫന്‍ഡര്‍ പൊളോവി വോര്‍ഡിവറിന്‍െറ ഫൗളിനായിരുന്നു പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത അലക്സ് യാകുബിയാകിനും പിഴച്ചില്ല. പന്ത് വലയിലേക്ക്, വാറ്റ്ഫോഡ് സമനിലയോടെ സെമിയിലേക്ക്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.