നാഗ്ജി: അത് ലറ്റികോ പരാനെൻസ് ഫൈനലിൽ

കോഴിക്കോട്: നാഗ്ജി കപ്പ് ബ്രസീലിയന്‍ മണ്ണിലേക്ക് കടത്താന്‍ അത്ലറ്റികോ പരാനെന്‍സിന് ഒരു ജയം മാത്രം ദൂരം. കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പച്ചപ്പുല്‍ത്തകിടിയെ സുന്ദരഫുട്ബാള്‍കൊണ്ട് വിസ്മയിപ്പിച്ച ബ്രസീലുകാര്‍ ഒരു ഗോളില്‍ ഐറിഷുകാരായ ഷംറോക് റോവേഴ്സിനെ വീഴ്ത്തി നാഗ്ജി ഫുട്ബാളിന്‍െറ കലാശപ്പോരാട്ടത്തിന് ഇടമുറപ്പിച്ചു. കളിയുടെ 62ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിനു പുറത്ത് എതിര്‍ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി ലോങ്റേഞ്ചിലൂടെ യാഗോ സീസര്‍ നേടിയ ഗോളിലൂടെയായിരുന്നു  സെമിപ്രവേശം. പന്തടക്കത്തിലും മികച്ച അവസരങ്ങള്‍ ഒരുക്കുന്നതിലും മുന്നില്‍നിന്ന പരാനെന്‍സിനുതന്നെയായിരുന്നു കളിയിലെ സമ്പൂര്‍ണ ആധിപത്യം. പക്ഷേ, വീണുകിട്ടിയ മുഹൂര്‍ത്തങ്ങളില്‍ ബ്രസീലിയന്‍ പോസ്റ്റിലേക്ക് കുതിച്ച ഷംറോക് പരാനെന്‍സ് സീനിയര്‍ ടീം താരംകൂടിയായ ഗോളി ലൂകാസ് മകന്‍ഹാനെ പരീക്ഷിച്ചെങ്കിലും ഇക്കുറി ഭാഗ്യം ഐറിഷുകാരില്‍നിന്ന് അകന്നുനിന്നു.

 ഗ്രൂപ് റൗണ്ടിലുടനീളം ഭാഗ്യത്തിന്‍െറ അകമ്പടിയില്‍ കളിപിടിച്ച ഷംറോക്കിന്‍െറ മൂന്ന് ഗോളവസരങ്ങള്‍ക്കു മുന്നിലാണ് ക്രോസ്ബാര്‍ വില്ലന്‍വേഷമണിഞ്ഞത്. വിജയഗോള്‍ കുറിക്കുകയും മികച്ച മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത യാഗോ സീസര്‍ തന്നെയാണ് കളിയിലെ താരവും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അര്‍ജന്‍റീനയെ നേരിട്ട സംഘത്തില്‍നിന്ന് ആറ് മാറ്റങ്ങളുമായാണ് കോച്ച് പാട്രിക് ഫെന്‍ലോണ്‍ ഷംറോക് പ്ളെയിങ് ഇലവനെ ഇറക്കിയത്.
പരാനെന്‍സ് നിരയില്‍ പരിക്കേറ്റ ലൂയി സോറസ് ബെഞ്ചില്‍നിന്നുതന്നെ പുറത്തായി. പ്രതിരോധത്തില്‍ കോട്ടഭദ്രമാക്കി വീണുകിട്ടുന്ന ഇടവേളയില്‍ പന്തുമായി എതിര്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തുകയായിരുന്നു ഐറിഷുകാരുടെ തന്ത്രം. എന്നാല്‍, പന്ത് കൈവശംവെച്ചും ഇടതുവിങ്ങില്‍ പിറക്കുന്ന ഉജ്ജ്വലമായ നീക്കങ്ങളിലൂടെയും പരാനെന്‍സ് ഒന്നാംപകുതി തങ്ങളുടേതാക്കിമാറ്റി. 45 മിനിറ്റ് അവസാനിച്ചപ്പോള്‍ ഗോളിലേക്ക് പായിച്ച ഷോട്ടുകളിലും പന്തടക്കത്തിലും (60 ശതമാനം) പരാനെന്‍സിനായിരുന്നു മുന്‍തൂക്കം.

രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്‍െറ ഒത്തിണക്കം കൂടുതല്‍ പ്രകടമായത്. മധ്യനിരയില്‍നിന്ന് കയോ ഫെര്‍ണാണ്ടോയും യാഗോ സീസറും സൃഷ്ടിക്കുന്ന അവസരങ്ങളെ പത്താംനമ്പറുകാരായ ജൊവോ പെഡ്രോയും വെസ്ലി ലിമ സില്‍വയും ചേര്‍ന്ന് എതിര്‍ഗോള്‍മുഖത്തെ വെടിയുണ്ടകളാക്കിമാറ്റി. പലപ്പോഴും ഷംറോക് പ്രതിരോധത്തിന്‍െറ കൂട്ടക്കശാപ്പില്‍ പന്തുകള്‍ വഴിമാറി. ഹൈബാളും കുറിയ ക്രോസുകളും ഇരുവിങ്ങുകളിലൂടെ പരീക്ഷിച്ചിട്ടും ഗോള്‍ മാത്രം അകന്നുനിന്നു.

ഒടുവില്‍ സീസറുടെ ബൂട്ടിന് വേഗവും കൃത്യതയും അഴകും ഒന്നിച്ച 62ാം മിനിറ്റില്‍ സമനിലക്കെട്ട് പൊട്ടുകയും ചെയ്തു. അവസാന മിനിറ്റുകളില്‍ എങ്ങനെയും ഗോളടിക്കാനായി ഷംറോക്കിന്‍െറ ശ്രമം. ഇരുവിങ്ങിലൂടെയും ഇരച്ചത്തെിയ ഗാരി ഷോയും ബ്രണ്ടന്‍ മീലിയും അവസരങ്ങളുടെ സൂനാമി ഒരുക്കിയപ്പോള്‍ എട്ടുപേരെയും പെനാല്‍റ്റിബോക്സില്‍ അണിനിരത്തിയാണ് പരാനെന്‍സ് പ്രതിരോധിച്ചത്. 86ാം മിനിറ്റില്‍ ബ്രണ്ടന്‍ മീലിയുടെ അറ്റകൈപ്രയോഗം തലനാരിഴവ്യത്യാസത്തില്‍ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ ഗ്രൗണ്ടും മഞ്ഞക്കുപ്പായമണിഞ്ഞ ഗാലറിയും ആശ്വസിച്ചു. ഇഞ്ചുറി ടൈമില്‍ ഏതു നിമിഷവും മറുപടി ഗോള്‍ വീണേക്കാമെന്നതായിരുന്നു അവസ്ഥ. പക്ഷേ, 25,000ത്തോളം വരുന്ന ആരാധകരുടെ പിന്തുണപോലെ ബ്രസീലുകാര്‍ ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.