ഫൈനല്‍ ഇന്ന്; ബ്രസീലോ യുക്രെയ്നോ?

കോഴിക്കോട്: മലയാളി ഫുട്ബാള്‍ പ്രേമികളുടെ അഭിമാനമായ നാഗ്ജി പോരാട്ടത്തിന് ഞായറാഴ്ച ചരിത്ര നിമിഷം. ബ്രസീലിയന്‍ ക്ളബ് അത്ലറ്റികോ പരാനെന്‍സും യുക്രെയ്നില്‍നിന്നുള്ള നിപ്രൊ പെട്രോസ്കും മാറ്റുരക്കുന്ന കലാശപ്പോരാട്ടത്തില്‍ കിരീടം ആരുയര്‍ത്തിയാലും 64 വര്‍ഷത്തെ നാഗ്ജി പാരമ്പര്യത്തിന് പുതിയൊരു വഴിത്തിരിവായിരിക്കും. മൂന്നുതവണ മാത്രം ഇന്ത്യന്‍ അതിര്‍ത്തി കടന്ന കിരീടം ഇതാദ്യമായാണ് ഏഷ്യന്‍വന്‍കരക്ക് പുറത്തേക്ക് പറക്കാനൊരുങ്ങുന്നത്. 1952ല്‍ ആരംഭിച്ച നാഗ്ജിയുടെ ചരിത്രത്തില്‍ 1955, 56 വര്‍ഷങ്ങളില്‍ പാകിസ്താനില്‍നിന്നുള്ള കറാച്ചി കിക്കേഴ്സും ബംഗ്ളാദേശില്‍നിന്നുള്ള അബഹാനി ക്രിരചക്രയും (1989) മാത്രമേ ഇന്ത്യക്ക് പുറത്തുനിന്നത്തെി കിരീടവുമായി കടന്നിട്ടുള്ളൂ.

21 വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും പന്തുരുണ്ട് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ച എട്ടു ടീമും വിദേശികളെന്ന പ്രത്യേകതയുണ്ട്. ആറു ടീമുകള്‍ യൂറോപ്പില്‍നിന്നും രണ്ടുപേര്‍ ലാറ്റിനമേരിക്കയില്‍നിന്നും. ഗ്രൂപ് ‘എ’ ചാമ്പ്യന്മാരായ പരാനെന്‍സ് സെമിയില്‍ ഷംറോക് റോവേഴ്സിനെ തോല്‍പിച്ചപ്പോള്‍, ‘ബി’ ജേതാക്കളായ നിപ്രൊ, വാറ്റ്ഫോഡ് എഫ്.സിയെ വീഴ്ത്തിയാണ് കലാശപ്പോരാട്ടത്തിന് ഇടംനേടിയത്.

യൂറോപ്യന്‍ പ്രതീക്ഷയില്‍ നിപ്രൊ
സെമിയില്‍ 120 മിനിറ്റ് കളിച്ചിട്ടും തങ്ങള്‍ പൂര്‍ണ ഫിറ്റാണെന്നാണ് കോച്ച് ദിമിത്രോയുടെ അവകാശവാദം. പരിക്കിന്‍െറ ഭീഷണിയൊന്നും ടീമിനില്ല. ഇതുവരെ ഗോള്‍ വഴങ്ങിയിട്ടില്ളെന്ന പെരുമകാക്കാനാവും കലാശപ്പോരാട്ടത്തിനുമിറങ്ങുക. പ്രതിരോധവും വിങ്ങുകള്‍ മാറിയുള്ള ആക്രമണവുമായി ബ്രസീലിനെ വെള്ളംകുടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിപ്രൊ. ശ്രദ്ധേയ താരങ്ങള്‍ (നമ്പര്‍): 4 അലക്സാണ്ടര്‍ സ്വറ്റോക്, 3 മക്സിം ലോപിറോങ്ക്, 27 അലക്സാണ്ടര്‍ വാസിലേവ്, 10 വ്ളാഡിസ്ളാവ് കൊഷര്‍ജിന്‍, 7 യൂറി വകുല്‍കോ, 17 ഡെനിസ് ബ്ളാനിയുക്, 5 മക്സിം ലുനോവ്, 11 ബൊഹ്ദന്‍ ലെഡ്നീവ്.

‘നിപ്രൊയുമായി ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ഫൈനല്‍ കടുത്തതാവും. മികച്ച എതിരാളികളാണ് അവര്‍. മുന്നേറ്റവും പ്രതിരോധവും ശക്തം. അതിനനുസരിച്ച ഗെയിം പ്ളാന്‍ ഒരുക്കിയാവും ടീം ഇറങ്ങുന്നത്. നിപ്രൊയുടെ ആക്രമണ നിരയെ മികച്ച പ്രതിരോധത്തിലൂടെ മാത്രമേ തടഞ്ഞുനിര്‍ത്താന്‍ സാധിക്കൂ.
ലൂയി സോറസിന്‍െറ പരിക്ക് മാറ്റിനിര്‍ത്തിയാല്‍ ടീം പൂര്‍ണ ഫിറ്റാണ്. യാഗോ സില്‍വ, ജൊവോ പെഡ്രോ, മൗറീസിയോ തുടങ്ങിയവരുടെ ഫോം ടീമിന് നിര്‍ണായകമാണ്. ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ നേടാനാവും ശ്രമം. ബ്രസീല്‍ ആരാധകര്‍ക്ക് മികച്ചൊരു മത്സരം സമ്മാനിക്കാനാണ് ടീമിന്‍െറ ഒരുക്കം’
-മാഴ്സലോ വില്‍ഹേന (കോച്ച്, പരാനെന്‍സ്)

കപ്പ് ബ്രസീലിലത്തെിക്കാന്‍
സെമിയില്‍ ഷംറോകിനെ അധികം കഷ്ടപ്പെടാതെ വീഴ്ത്തി രണ്ടു ദിവസത്തെ വിശ്രമവും കഴിഞ്ഞാണ് പരാനെന്‍സ് കലാശപ്പോരാട്ടത്തിനൊരുങ്ങുന്നത്. എതിരാളികളായ നിപ്രൊയെക്കാള്‍ മാനസിക മുന്‍തൂക്കം പരാനെന്‍സിനാണ്. ഫൈനലില്‍ ആദ്യ മിനിറ്റുകളില്‍ തന്നെ ഗോളടിച്ച് പ്രതിരോധം ശക്തമാക്കാനാവും പരാനെന്‍സിന്‍െറ നീക്കം. 4-3-3 ശൈലിയില്‍ പ്രതിരോധത്തിനും വിങ്ങിലെ മുന്നേറ്റത്തിനും പ്രാമുഖ്യം നല്‍കിയായിരുന്നു പരാനെന്‍സിന്‍െറ ഇതുവരെയുള്ള പ്രകടനം.
ഇന്ന് എതിരാളിയെക്കൂടി അറിഞ്ഞാവും തന്ത്രമൊരുക്കുകയെന്ന് കോച്ച് മാഴ്സലോ വില്‍ഹേന സൂചന നല്‍കി. കാര്യമായ മാറ്റങ്ങളില്ലാതെയായിരുന്നു പ്ളെയിങ് ഇലവന്‍. ഫൈനലിലും പുതു പരീക്ഷണത്തിന് തയാറാവില്ല. ക്യാപ്റ്റനും സീനിയര്‍ ടീം ഗോളിയുമായ ലൂകാസ് മകന്‍ഹാന്‍ നിറഞ്ഞുനില്‍ക്കുന്ന ഗോള്‍മുഖം സംരക്ഷിക്കുകയാവും പ്രധാന വെല്ലുവിളി. ശ്രദ്ധേയ താരങ്ങള്‍ (നമ്പര്‍): 2 ഗുസ്താവോ കസ്കാര്‍ഡോ, 3 വിക്ടര്‍ ഫ്രീറ്റാസ്, 8 വെസ്ലി സില്‍വ, 10 ജൊവോ പെഡ്രോ, 16 യാഗോ സീസര്‍ ഡിസില്‍വ, 9 മൗറീസിയോ പെഡ്രോ.

‘ഇന്ത്യ വേറിട്ടൊരനുഭവമാണ്. പ്രത്യേകിച്ച് കേരളത്തിന്‍െറ ഫുട്ബാള്‍ ആവേശം. ടീമിലെ മിക്ക താരങ്ങളും ആദ്യമായാണ് രാജ്യാന്തര ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഫൈനലിലെ എതിരാളികളായ അത്ലറ്റികോ പരാനെന്‍സ് മികച്ച ഫോമിലാണ്. ആക്രമണത്തോടൊപ്പം പ്രതിരോധത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. മത്സരത്തില്‍ ഇരു ടീമുകളും ആക്രമണശൈലി തുടക്കം മുതല്‍ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പരിക്കോ സസ്പെന്‍ഷനോ ഇല്ല. സെമി എക്സ്ട്രാടൈമിലേക്ക് നീങ്ങിയെങ്കിലും മികച്ച മാര്‍ജിനിലെ ജയം ടീമിന് ആത്മവിശ്വാസം നല്‍കുന്നു. ലോകത്തെവിടെ കളിച്ചാലും ബ്രസീലിന് ആരാധകരുണ്ടാവും. അവര്‍ക്കുള്ള അധിക പിന്തുണ ഞങ്ങളുടെ പ്രകടനത്തെ ബാധിക്കില്ല. കപ്പുമായി ഞങ്ങളുടെ മടങ്ങിവരവ് കാത്തിരിക്കുകയാണ് യുക്രെയ്നും സീനിയര്‍ ടീമും’
-ദിമിത്രോ മൈഖലാങ്കോ (കോച്ച്, എഫ്.സി നിപ്രൊ)

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.