നിപ്രോ എഫ്.സി നാഗ്ജി ജേതാക്കള്‍

കോഴിക്കോട്: കളത്തിലെ എതിരാളികളായ ബ്രസീലിന്‍െറ അത്ലറ്റികോ പരാനെന്‍സിനെയും, ഗാലറിയില്‍ അവര്‍ക്ക് പിന്തുണയുമായത്തെിയ അരലക്ഷത്തോളം ആരാധകരെയും സാക്ഷിയാക്കി നാഗ്ജി കിരീടവുമായി നിപ്രൊ നിപ്രൊപെട്രോസ്ക യുക്രെയ്നിലേക്ക്. ഗാലറിയുടെ ആരവം മുഴുവന്‍ എതിരാളികള്‍ക്കായി മാറിയ കലാശപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിനായിരുന്നു നിപ്രൊയുടെ ജയം. ഇതോടെ 21 വര്‍ഷത്തിനുശേഷം തിരിച്ചത്തെിയ അരനൂറ്റാണ്ടിന്‍െറ പാരമ്പര്യമുള്ള നാഗ്ജി കിരീടം യൂറോപ്പിന്‍െറ മണ്ണിലേക്ക്.കളിയുടെ 41ാം മിനിറ്റില്‍ ഇഹൊര്‍ കൊഹുതും 62ാം മിനിറ്റില്‍ ഡെനിസ് ബ്ളാനിയുകും 85ാം മിനിറ്റില്‍ യൂറി വകുല്‍കോയുമാണ് നിപ്രൊക്കുവേണ്ടി വലകുലുക്കിയത്. തിരിച്ചടിക്കാന്‍ ബ്രസീലുകാര്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും നായകന്‍ അലക്സാണ്ടര്‍ സ്വറ്റോക്കും മാക്സി ലോപിറോണകും നയിച്ച പ്രതിരോധക്കോട്ട പിളര്‍ക്കാന്‍ കഴിഞ്ഞില്ല. വല്ലപ്പോഴും പെനാല്‍റ്റി ബോക്സിലത്തെുന്ന പന്തുകള്‍ക്കുമേല്‍ ഗോള്‍കീപ്പര്‍ ഡെനിസ് ഷെലികോവും ചാടിവീണു. ഒരിക്കല്‍പോലും വലകുലുങ്ങാത്തവരെന്ന പെരുമയുമായാണ് 36ാമത് നാഗ്ജി ഫുട്ബാള്‍ കിരീടവുമായി നിപ്രൊ യുക്രെയ്നിലേക്ക് പറക്കുന്നത്. ചാമ്പ്യന്മാര്‍ക്ക് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നാഗ്ജി ട്രോഫി സമ്മാനിച്ചു. 21 ലക്ഷം രൂപയാണ് സമ്മാനത്തുക. റണ്ണേഴ്സ് അപ്പിന് 10.5 ലക്ഷം രൂപയും.

ഒരേയൊരു നിപ്രൊ
പരിചയസമ്പത്തും കൗമാരനിരയുമായത്തെിയ നിപ്രൊയുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിനുള്ള സമ്മാനംകൂടിയായിരുന്നു കലാശപ്പോരാട്ടത്തിലെ ഫലം. പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയായിരുന്നു പടയൊരുക്കം. മുന്‍നിരയില്‍ മാക്സിം ലുനോവിനെയും ഡെനിസ് ബ്ളാനിയുകിനെയും നിര്‍ത്തി വിങ്ങിലൂടെ ആരംഭിച്ച മുന്നേറ്റത്തില്‍ രണ്ടാം മിനിറ്റില്‍തന്നെ ബ്രസീല്‍ ഗോള്‍മുഖം വിറകൊണ്ടുതുടങ്ങി. എന്നാല്‍, ഗുസ്താവോ കസ്കാര്‍ഡോ അസിസും ജോസ് ഇവാല്‍ഡോയും നയിച്ച ബ്രസീലിയന്‍ പ്രതിരോധത്തെ കീറിമുറിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു. രണ്ടാം മിനിറ്റില്‍  ഇടതുവിങ്ങിലൂടെ കുതിച്ച മാക്സിം ലുനോവിന്‍െറ മുന്നേറ്റത്തിലൂടെതന്നെ കളിയുടെ ഗതിയും ഏതാണ്ട് വ്യക്തമായിരുന്നു. പിന്നെ തുടരന്‍ ആക്രമണങ്ങള്‍. ഇരു വിങ്ങിലേക്കും പന്ത് മാറിമറിച്ചു നല്‍കിയായിരുന്നു യുക്രെയ്ന്‍െറ മുന്നേറ്റം. 17ാം മിനിറ്റില്‍ മാത്രമേ ബ്രസീലിന് നിപ്രൊ ബോക്സില്‍ പന്തത്തെിച്ച് ഒരു മുന്നേറ്റത്തിന് അവസരമൊരുക്കാന്‍ കഴിഞ്ഞുള്ളൂ. 32ാം മിനിറ്റില്‍ 64 ശതമാനവും പന്തടക്കം നിപ്രൊക്കൊപ്പമായിരുന്നു. 10 മിനിറ്റ് കൂടി കഴിയുമ്പോഴേക്കും നിപ്രൊക്ക് ലീഡ് സമ്മാനിച്ച ഗോളത്തെി. ഫ്രീകിക്കിലൂടെയത്തെിയ അര്‍ധാവസരം ഗോളാക്കിയാണ് ഇഹൊര്‍ കൊഹുത് നീലപ്പടയെ മുന്നിലത്തെിച്ചത്. ഗോള്‍ നേടിയതോടെ നിപ്രൊ ഉണരുകയായിരുന്നു. ബ്രസീലുകാര്‍ ഭയപ്പാടോടെ പിന്‍വലിയുന്നതും കണ്ടു.
 


രണ്ടാം പകുതിയില്‍ കൂടുതല്‍ കരുതലോടെ ഇറങ്ങിയ പരാനെന്‍സ് മികച്ച ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍വല കുലുക്കാന്‍ കഴിഞ്ഞില്ല. 40, 70 മിനിറ്റുകളില്‍ പരാനെന്‍സ് ഗോള്‍മടക്കാനുള്ള അവസരം അനാവശ്യതാമസത്തിലൂടെ നഷ്ടപ്പെടുത്തി. ഇതിനിടെ, രണ്ട് ഗോളുകള്‍കൂടി നിപ്രൊ നേടിയതോടെ കളി കൈവിട്ട മൂഡിലേക്ക് പരാനെന്‍സ് മാറിയിരുന്നു. ഇത് ചിലപ്പോള്‍ കൈയാങ്കളിയിലേക്കും നീങ്ങി.

50ാം മിനിട്ടിൽ നിപ്രോയുടെ യൂരി വാകുൽകോയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി. 62ാം മിനിട്ടിൽ നിപ്രോ രണ്ടാം ഗോൾ നേടി. ഡെനിസ് ബലാനിയികാണ് നിപ്രോയുടെ ലീഡുയർത്തിയത് . 25 മിനിട്ടിനിടെ രണ്ടാം ഗോളുകൾ വീണതോടെ ബ്രസീൽ സമ്മർദത്തിലായി. 78ാം മിനിട്ടിൽ ബ്രസീലിന് ലഭിച്ച കിക്കോഫ് മുതലാക്കാനായില്ല. ദുർബലമായ ഷോട്ടുകളാണ് മത്സരത്തിൽ ബ്രസീൽ മുന്നേറ്റ നിര ഉതിർത്തത്. 85ാം മിനിട്ടിൽ  മോർസിയോ പെഡ്രോയിലൂടെ നിപ്രോ മൂന്നാം ഗോൾ നേടി. പിന്നീട് പരാനെന്‍സ് കളിച്ചത് പ്രതീക്ഷ നഷ്ടപ്പെട്ട രീതിയിലായിരുന്നു. അവസാന നിമിഷങ്ങളിൽ ബ്രസീൽ ഗോൾമുഖത്ത് നിപ്രോ മുന്നേറ്റനിരയുടെ ആക്രമണ്മുണ്ടായെങ്കിലും നാലാം ഗോൾ  വീണില്ല. ഒരു ഗോളെങ്കിലും നേടാനായി ബ്രസീൽ സംഘം കഠിന പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നിപ്രോയുടെ ഡെനി ഷെലിക്കോവിനെ ടൂർണമെൻറിലെ മികച്ച ഗോൾ കീപ്പറായും ഒലെക് സാന്ദർ സാവ്തോകിനെ മികച്ച പ്രതിരോധ താരമായും തെരഞ്ഞെടുത്തു. ടൂർണമെൻറിൽ പത്ത് ഗോൾ നേടിയ നിപ്രോ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.


അടുത്ത വര്‍ഷവും കാണാം  
നാഗ്ജി ഫുട്ബാള്‍ അടുത്ത വര്‍ഷവും ആവേശവുമായത്തെുമെന്ന ഉറപ്പോടെ സംഘാടകര്‍. സമാപനച്ചടങ്ങില്‍ കിരീടസമ്മാനത്തിനിടെ മുഖ്യ സംഘാടകന്‍കൂടിയായ കെ.ഡി.എഫ്.എ പ്രസിഡന്‍റ് ഡോ. സിദ്ദീഖ് അഹമ്മദാണ് നാഗ്ജി പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചത്. കൈയടികളോടെയാണ്  ഗാലറി ഇത് സ്വീകരിച്ചത്. മേയര്‍ വി.കെ.സി. മമ്മദ് കോയ, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കെ.എഫ്.എ പ്രസിഡന്‍റ് കെ.എം.ഐ. മത്തേര്‍, പി.കെ ഗ്രൂപ് ചെയര്‍മാന്‍ പി.കെ. അഹമ്മദ്, കെ.എഫ്.എ സെക്രട്ടറി പി. ഹരിദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഗോള്‍

0-1 നിപ്രൊ (ഇഹൊര്‍ കൊഹുത്)
41ാം മിനിറ്റ്: ഗാലറിയിലെ ബ്രസീല്‍വാദ്യത്തെ നിശ്ശബ്ദമാക്കി നിപ്രൊയുടെ ലീഡ്. പോസ്റ്റിന് 35 വാര അകലെ ലഭിച്ച ഫ്രീകിക്ക് ഷോട്ടെടുത്ത യൂറി വകുല്‍കോയിലൂടെ മഴവില്ലുകണക്കെ ബോക്സിലേക്ക്. പന്ത് ഹെഡറിലൂടെ ഡെനിസ് ബ്ളാനിയുക് ഇറക്കിനല്‍കിയപ്പോള്‍ അടിതെറ്റിയ പരാനെന്‍സ് പ്രതിരോധക്കാര്‍ക്കിടയിലൂടെ ഇഹൊര്‍ കൊഹുത് ഗോള്‍വര കടത്തി.

0-2 നിപ്രൊ (ഡെനിസ് ബ്ളാനിയുക്)
62ാം മിനിറ്റ്: സ്വന്തം ഗോള്‍മുഖത്തെ അപകടം തട്ടിയകറ്റി നിപ്രൊയുടെ ലീഡ്. മധ്യനിരകടന്നത്തെിയ പന്തില്‍ കൊഷര്‍ജിന്‍ നല്‍കിയ അധികഊര്‍ജത്തോടെ ബ്രസീല്‍ ഗോള്‍മുഖത്തേക്ക്. പെനാല്‍റ്റിബോക്സിനു പുറത്ത് പരാനെന്‍സ് പ്രതിരോധക്കാരനും ഗോളി മകന്‍ഹാനുമിടയിലൂടെ ഡെനിസ് ബ്ളാനിയുകിന്‍െറ ഷോട്ട് വലയിലേക്ക്.

0-3 നിപ്രൊ (യുറി വകുല്‍കോ)
85ാം മിനിറ്റ്: നിപ്രൊ പോലും പ്രതീക്ഷിക്കാത്ത മൂന്നാം ഗോള്‍. ഇടതു വിങ്ങില്‍നിന്ന് വകുല്‍കോ നല്‍കിയ ദുര്‍ബല ക്രോസ് ഗോള്‍വലക്കുമുന്നില്‍ ഡിഫന്‍ഡ്ചെയ്യാന്‍ ശ്രമിച്ച പരാനെന്‍സ് താരം മൗറീസിയോ പെഡ്രോയുടെ ബൂട്ടില്‍ തട്ടി വലയിലേക്ക്. സെല്‍ഫ് സ്പര്‍ശമുള്ള ഗോളിന്‍െറ ക്രെഡിറ്റ് വകുല്‍കോക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.