തിരുവനന്തപുരം: നീലക്കടുവകളുടെ മടയില്‍ വിജയഗര്‍ജനം ആരുടേതാവും?... പുതുവത്സരാഘോഷത്തിമിര്‍പ്പില്‍ സാഫ് കപ്പ് ഫുട്ബാള്‍ കിരീടം തേടി ആതിഥേയരായ ഇന്ത്യ ഞായറാഴ്ച വൈകീട്ട് 6.30ന് നിലവിലെ ജേതാക്കളായ അഫ്ഗാനിസ്താനെ നേരിടുമ്പോള്‍ പച്ചപ്പാടത്ത് പോരിന്‍െറ കനല്‍ പരക്കും. 2013ല്‍ കാഠ്മണ്ഡുവില്‍ കുറിച്ച സ്വപ്നവിജയം ആവര്‍ത്തിച്ച് സാഫ് കപ്പിനോട് വിട ചൊല്ലാനൊരുങ്ങുന്ന അഫ്ഗാനോട് കണക്കുതീര്‍ത്ത് ദക്ഷിണേഷ്യയിലെ മേധാവിത്വം അരക്കിട്ടുറപ്പിക്കാനുള്ള പടപ്പുറപ്പാടിലാണ് സുനില്‍ ഛേത്രിയും കൂട്ടരും. എന്നാല്‍, സാഫ് കപ്പിലെ ആറുകിരീട വിജയങ്ങളുടെ ചരിത്രവുമായി പത്താം ഫൈനലിന് സ്വന്തം കാണികള്‍ക്കുമുന്നില്‍ ബൂട്ടുകെട്ടുന്ന ഇന്ത്യക്കുമുന്നില്‍ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ കളിക്കുന്ന അഫ്ഗാന്‍ അപകടമണി മുഴക്കുന്നു.
ഫിഫ റാങ്കിങ്ങിലെ മികവിനൊപ്പം ടൂര്‍ണമെന്‍റിലിതുവരെ നിറഞ്ഞു കളിച്ചാണ് അഫ്ഗാന്‍ കലാശപ്പോരിനത്തെുന്നത്. ആദ്യ മൂന്നുമത്സരങ്ങളിലെ തിളക്കംകുറഞ്ഞ പ്രകടനങ്ങളുമായി കടന്നുവരുന്ന ഇന്ത്യ ഗാലറികളിലുയരുന്ന ആരവങ്ങള്‍ക്കൊപ്പം വിജയത്തിലേക്ക് പന്തുതട്ടാമെന്ന കണക്കുകൂട്ടലിലാണ്.
സാഫ് കപ്പ് ഫൈനലില്‍ ആതിഥേയര്‍ തോറ്റിട്ടില്ളെന്ന ചരിത്രം കാത്തുസൂക്ഷിക്കാനാണ് ബ്രിട്ടീഷ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ ഇന്ത്യയുടെ തന്ത്രം ആവിഷ്കരിക്കുക. പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയോടും നേപ്പാളിനോടും കളിച്ചതില്‍നിന്ന് വ്യത്യസ്തമായി സെമിയില്‍ മാലദ്വീപിനോട് മധ്യനിരയും മുന്നേറ്റനിരയും ഏറെ ഒത്തിണക്കംകാട്ടിയത് എതിരാളികള്‍ ശക്തരാവുമ്പോള്‍ ടീം മെച്ചപ്പെടുമെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍, കൂടുതല്‍ ഗോളടിക്കുന്നതിലെ പോരായ്മക്കൊപ്പം പ്രതിരോധത്തിലെ ദൗര്‍ബല്യംകൂടി എടുത്തുകാണിക്കുന്നതായിരുന്നു സെമി പോരാട്ടം. അര്‍ണാബ് മണ്ഡല്‍ ഒഴികെ പിന്‍നിരയില്‍ മറ്റാര്‍ക്കും മത്സരപരിചയമില്ലാത്തതിന്‍െറ ക്ഷീണം എങ്ങനെ മറികടക്കുമെന്നതിനെ ആശ്രയിച്ചാവും ആതിഥേയരുടെ സാധ്യത. പതിഞ്ഞ തുടക്കത്തിനുശഷം എതിര്‍പ്രതിരോധത്തിലേക്ക് ആക്രമണത്തിന്‍െറ അലമാലകള്‍ തീര്‍ക്കുന്ന അഫ്ഗാന്‍ ശൈലി വിനാശകരമാണ്. പ്രതിരോധമല്ല, ആക്രമണമാണ് ഗോളിലേക്ക് എപ്പോഴും വഴിതുറക്കുന്നതെന്ന് വിശ്വസിക്കുന്ന ക്രൊയേഷ്യന്‍ വംശജനായ കോച്ച് പീറ്റര്‍ സെഗ്രട്ടിന്‍െറ മന്ത്രം കേട്ടാണ് അഫ്ഗാന്‍െറ യുവനിര കളത്തിലിറങ്ങുക. ഇതിനകം നാലു ഗോളടിച്ച ഖൈബര്‍ അമാനിയും മൂന്നു ഗോളടിച്ച നായകന്‍ ഫൈസല്‍ ഷെയ്സ്തെയുമാണ് അഫ്ഗാന്‍െറ തുരുപ്പ് ചീട്ടുകള്‍. മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന സുബൈര്‍ അമിരിയും ഒമിദ് പൊപാല്‍സേയും മുസ്തഫ സസായിയും ഗോളൊരുക്കുന്നതിലും അടിക്കുന്നതിലും ഒട്ടും പിന്നിലല്ല. ഗോള്‍ കീപ്പര്‍ ഉവൈസ് അസീസിയും അഫ്ഗാന്‍െറ പിന്‍നിരക്കാരും ടൂര്‍ണമെന്‍റില്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. അഫ്ഗാന്‍ 16 ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ തിരിച്ചുവാങ്ങിയത് ഒരെണ്ണം മാത്രമാണ്.
കളിയുടെ എല്ലാ മേഖലകളിലും ഒത്തിണങ്ങിയ അഫ്ഗാന്‍െറ മുന്നേറ്റങ്ങളുടെ മുനയൊടിക്കാന്‍ പ്രതിരോധം ശക്തിപ്പെടുത്തുകതന്നെയാവും ഇന്ത്യയുടെ പ്രധാന തന്ത്രം. പിന്‍നിരയില്‍ പ്രിതം കോട്ടാലും നാരായണ്‍ ദാസും അവസരത്തിനൊത്തുയരുമെന്ന് കോണ്‍സ്റ്റന്‍ൈറന്‍ വിശ്വസിക്കുന്നു. ലങ്കക്കെതിരെ മധ്യനിരയില്‍ ബികാഷ് ജൈറുവും റൗളിന്‍ ബോര്‍ഗസും യൂജിന്‍സണ്‍ ലിങ്ദോയും അധ്വാനിച്ച് കളിച്ചത് ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ക്യാപ്റ്റന്‍ ഛേത്രിക്കൊപ്പം ഫോം തുടരുന്ന ജെജെ ലാല്‍പെഖ്ലുവയാവും മുന്‍നിരയില്‍ ആക്രമണം നയിക്കുക. റോബിന്‍െറ അഭാവത്തില്‍ മധ്യനിരക്കാരനായ ഹാലിചരണ്‍ നര്‍സാരിക്ക് കയറിയുമിറങ്ങിയും കളിക്കാനുള്ള നിയോഗമാവും. നേപ്പാളിനെതിരെ രണ്ടു ഗോളടിച്ച ലാലിയന്‍ സുവാല ചാങ്തേയും സഞ്ജു പ്രധാനും തുടക്കത്തില്‍ പകരക്കാരുടെ ബെഞ്ചില്‍തന്നെയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.