സാഫിൽ മുത്തമിട്ട് ഇന്ത്യ (2-1)

തിരുവനന്തപുരം: ഗാലറികളില്‍ നിറഞ്ഞൊഴുകിയ കാണികളുടെ ആവേശത്തിനൊപ്പം ഇന്ത്യ പച്ചപ്പാടത്ത് നിറഞ്ഞാടി. കിരീടം നിലനിര്‍ത്താനത്തെിയ അഫ്ഗാനിസ്താന്‍െറ കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തി സുനില്‍ ഛേത്രിയും സംഘവും ദക്ഷിണേഷ്യന്‍ ഫുട്ബാളിലെ അധീശത്വം അരക്കിട്ടുറപ്പിച്ചു. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍െറ തന്ത്രങ്ങള്‍ക്കനുസരിച്ച് ആദ്യ മിനിറ്റു മുതല്‍ എതിരാളികളുടെ കരുത്തോ ഫിഫ റാങ്കിങ്ങോ ഗണിക്കാതെ ആവേശോജ്ജ്വലമായി കളിച്ചു. അന്താരാഷ്ട്ര മത്സരത്തിലെ 50ാം ഗോള്‍ നേടിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ടീമിനെ മുന്നില്‍നിന്ന് നയിച്ചു. 

സെമിയില്‍ മാലദ്വീപിനെതിരെ കളിച്ച ഇലവനില്‍ മാറ്റംവരുത്താതെ കളത്തിലിറങ്ങിയ ആതിഥേയര്‍, പിന്തുണക്കാന്‍ ഗാലറികളില്‍ നിറഞ്ഞ കാണികളുടെ പ്രതീക്ഷക്കൊത്താണ് കളിച്ചത്. ഇടത് പാര്‍ശ്വത്തില്‍ നിറഞ്ഞുനിന്ന നര്‍സാരിക്കൊപ്പം ഛേത്രിയും ജെജെയും ഒത്തിണക്കത്തോടെ തകര്‍ത്തു കളിച്ചപ്പോള്‍ മധ്യനിരയില്‍ ലിങ്ദോയും ബികാഷ് ജൈറുവും റൗളിന്‍ ബോര്‍ഗസും തികഞ്ഞ പിന്തുണയുമായി ഒപ്പം നിന്നു. പിന്‍നിരയിലെ പാളിച്ചകള്‍ ഒരുവിധം പരിഹരിച്ച അര്‍ണാബും നാരായണ്‍ ദാസും അഫ്ഗാന്‍െറ മുന്നേറ്റനിരക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയില്ല. ബാറിനു കീഴില്‍ ഗുര്‍പ്രീത് സിങ് സന്ധുവും ഉജ്ജ്വല ഫോമിലായിരുന്നു.  ശ്രീലങ്കയെ തോല്‍പിച്ച ടീമില്‍നിന്ന് ഒമിദ് പൊപാല്‍സേയെയും ഗോളടി വീരനായ ഖൈബര്‍ അമാനിയെയും കരക്കിരുത്തിയ അഫ്ഗാന്‍ സുബൈര്‍ അമിരിക്കും മുസ്തഫ സസായിക്കും തുടക്കത്തിലേ ഇടംനല്‍കി.

ഗോളിന്‍െറ മണം പരത്തി ലക്ഷ്യത്തിലേക്ക് ആദ്യം പന്ത് തട്ടിയത് അഫ്ഗാനായിരുന്നു. മധ്യനിരയില്‍നിന്ന് അബാസിനില്‍നിന്ന് ലഭിച്ച  പന്തുമായി മുസ്തഫ സസായി നടത്തിയ ഗോള്‍ ശ്രമം തടഞ്ഞ ഗുര്‍പ്രീത് തൊട്ടുപിന്നാലെ അഫ്ഗാന്‍െറ ഗോളെന്നുറച്ച മറ്റൊരു ശ്രമവും ഒന്നാന്തരമായി രക്ഷപ്പെടുത്തി. ഇത്തവണ സുബൈര്‍ അമിരി കൊണ്ടുവന്നു നല്‍കിയ പന്ത് പോസ്റ്റിനരികെനിന്ന് നായകന്‍ ഫൈസല്‍ ഷെയ്സ്തെ ലക്ഷ്യത്തിലേക്കുതിര്‍ത്തത് ഗുര്‍പ്രീത് ഒരു വിധം പുറത്തേക്ക് തട്ടിയിട്ടു. 
കളിയുടെ 15ാം മിനിറ്റില്‍ ഗോളിലേക്ക് ആതിഥേയര്‍ നടത്തിയ ആദ്യ മുന്നേറ്റം ഗാലറികളെ ഇളക്കിയെങ്കിലും നിര്‍ഭാഗ്യവും ബാറും തടസ്സംനിന്നു. ഇടതു പാര്‍ശ്വത്തുനിന്ന് നര്‍സാരി ഗോളിലേക്ക് തിരിച്ചുവിട്ട പന്ത് അഫ്ഗാന്‍ ഡിഫന്‍ഡറുടെ കാലില്‍ തട്ടിത്തെറിച്ചത് ഗോളി ഉവൈസ് അസീസി ഒരു വിധം തടഞ്ഞത് ജെജെ ഒന്നാന്തരം ഹെഡറിലൂടെ വീണ്ടും ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും ബാറില്‍ തട്ടി മടങ്ങി. 33ാം മിനിറ്റില്‍ നര്‍സാരി അഫ്ഗാന്‍ ബോക്സിലത്തെിച്ച പന്ത് ചുറ്റും നിന്ന അഫ്ഗാന്‍ പ്രതിരോധക്കാര്‍ക്കിടയിലൂടെ ഛേത്രി ലക്ഷ്യത്തിലേക്കുതിര്‍ത്തെങ്കിലും ഗോളി ഉവൈസിയെ കീഴ്പ്പെടുത്താനായില്ല. 

രണ്ടാം പകുതിയിലും ഗോളിലേക്ക് ആദ്യം നിറയൊഴിച്ചത് അഫ്ഗാനായിരുന്നു. ഇന്ത്യന്‍ പ്രതിരോധം കടന്നുവന്ന് ഷെയ്സെ നല്‍കിയ പാസ് സസായി പോസ്റ്റിലേക്കുതിര്‍ത്തത് ബാറിന് കീഴില്‍ ഒരിക്കല്‍ക്കൂടി ഗുര്‍പ്രീത് ഉജ്ജ്വലമായി തടഞ്ഞു. ഇന്ത്യയുടെ പ്രത്യാക്രമണം ഗോളിനടുത്തത്തെിയെങ്കിലും ബാര്‍ വീണ്ടും തടസ്സം നിന്നു. ഇത്തവണ ഛേത്രി നല്‍കിയ പന്ത് ജെജെ മനോഹരമായി ഗോളിലേക്ക് ചിപ് ചെയ്തത് ബാറില്‍ തട്ടി പുറത്തേക്ക് പോയി. പിന്നെയും ഇന്ത്യന്‍ ആക്രമണങ്ങളായിരുന്നു. മധ്യനിരയില്‍ അധ്വാനിച്ചു കളിച്ച ബികാഷ് ജൈറു അഫ്ഗാന്‍ ബോക്സില്‍ പാകത്തില്‍ നല്‍കിയ പാസ് നര്‍സാരി പോസ്റ്റിലേക്ക് ഉതിര്‍ത്തെങ്കിലും ഡിഫന്‍ഡറുടെ കാലില്‍ തട്ടി പുറത്തേക്കുപോയി. 

കളിയുടെ ഒഴുക്കിനെതിരായിരുന്നു അഫ്ഗാന്‍െറ ഗോള്‍. മൈതാനത്തിന്‍െറ ഇടതു ഭാഗത്തുനിന്ന് ഫൈസല്‍ ഷെയ്സ്തെ നല്‍കിയ പാസ് ഡിഫന്‍ഡര്‍മാര്‍ ഒഴിഞ്ഞുനിന്ന ബോക്സില്‍ കിട്ടിയ സുബൈറിന് ഗോളാക്കിമാറ്റാന്‍ ഏറെ ആയാസപ്പെടേണ്ടിവന്നില്ല. അപ്രതീക്ഷിത ഗോളിന്‍െറ നിശ്ശബ്ദത മായ്ച്ച് ആതിഥേയര്‍ തൊട്ടുപിന്നാലെ സമനില നേടിയത് പോരാട്ടത്തിന്‍െറ കാവ്യനീതിയായിരുന്നു. രണ്ടാം പകുതിയില്‍ വലത് പാര്‍ശ്വത്തിലേക്ക് ചുവടുമാറിയ നര്‍സാരി അഫ്ഗാന്‍ ബോക്സിലേക്ക് ഉയര്‍ത്തിയ പന്ത് ചാടിയുയര്‍ന്ന് ഛേത്രി തലവെച്ചിട്ടത് ജെജെയുടെ കാലുകളിലേക്കായിരുന്നു. അണുവിട പിഴക്കാതെ ജെജെ വലംകാലുകൊണ്ടു പന്ത് വലയിലേക്ക് കോരിയിട്ടപ്പോള്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. പിന്നെയും അവസരങ്ങള്‍ തുറന്നെടുത്തത് ഇന്ത്യ തന്നെയായിരുന്നു. പിന്നില്‍ നിന്നിറങ്ങിവന്ന നാരായണ്‍ ദാസിന്‍െറ മറ്റൊരു ഉജ്ജ്വല ശ്രമം ആയാസപ്പെട്ട് കുത്തിയകറ്റിയ ഗോളി ഉവൈസി ഛേത്രിയുടെ ഫ്രീകിക്കും തടഞ്ഞ് ടീമിന്‍െറ രക്ഷക്കത്തെി. അധിക സമയത്തിലും ഊര്‍ജം ചോരാതെ കളിച്ച ഇന്ത്യ 101ാം മിനിറ്റില്‍ ഗാലറി കാത്തിരുന്ന ഗോള്‍ നേടി. 

ഒരിക്കല്‍ക്കൂടി നര്‍സാരി കൊണ്ടു വന്നു നല്‍കിയ പന്ത് അഫ്ഗാന്‍ ബോക്സില്‍ ലഭിച്ച ഛേത്രി ഡിഫന്‍ഡര്‍മാരുടെ ആശയക്കുഴപ്പം മുതലെടുത്ത് വലക്കകത്താക്കിയതോടെ കപ്പിലേക്ക് വഴിതുറന്നു. സാഫ് കപ്പിലെ തന്‍െറ 13ാം ഗോള്‍ നേടിയ ഛേത്രി മുന്‍ നായകന്‍ ബൈച്യുങ് ബൂട്ടിയയുടെ റെക്കോഡും മറികടന്നു. പിന്നീടങ്ങോട്ട് കാണികളുടെ ആവേശത്തിനൊപ്പം ഇന്ത്യക്കാര്‍ കുതിച്ചുപാഞ്ഞെങ്കിലും ലീഡുയര്‍ത്താനായില്ല. മറുവശത്ത് രണ്ടും കല്‍പിച്ച് ആക്രമിച്ചു കയറിയ അഫ്ഗാന്‍ ഗോളിനടുത്തത്തെി. പന്ത് ക്ളിയര്‍ ചെയ്യുന്നതില്‍ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് പകരക്കാരനായിറങ്ങിയ ഖൈബര്‍ പായിച്ച ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോന്‍ ഗാലറി നെടുനിശ്വാസമുതിര്‍ത്തു. പിന്നാലെ റഫറിയുടെ തീരുമാനങ്ങളെ ചോദ്യംചെയ്ത അഫ്ഗാന്‍ കോച്ച് പീറ്റര്‍ സെഗ്രട്ടിനെ ബെഞ്ചില്‍നിന്ന് പുറത്താക്കി. പിന്നെ നെഞ്ചിടിപ്പിന്‍െറ നിമിഷങ്ങള്‍ കടന്ന് ഇന്ത്യ കപ്പിലേക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.