ഈ ബ്രഹ്മാസ്ത്രങ്ങളെ തുരുമ്പെടുക്കാതെ രാകിമിനുക്കാം

തിരുവനന്തപുരം: 'അഫ്ഗാനിസ്ഥാന്‍ കരുത്തരാണ്. മാനസികമായും ശാരീരികമായും. യൂറോപ്യന്‍ ലീഗില്‍ കളിച്ച് തഴക്കം വന്ന 18ഓളം താരങ്ങള്‍ അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ അഫ്ഗാനെ പേടിച്ചേ പറ്റൂ. ഫൈനലില്‍ സാധ്യത കൂടുതല്‍ അവര്‍ക്കാണെന്ന് പറയാന്‍  യാതൊരു മടിയുമില്ല. പക്ഷേ  എന്‍െറ കുട്ടികള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്തവിധത്തില്‍ അവര്‍ വളര്‍ന്നെന്ന് തോന്നുന്നില്ല. കാരണം ഇത് ഫുട്ബാളാണ്'.

സാഫ് കപ്പ് ഫുട്ബാള്‍ ഫൈനലിന് ഒരുദിവസം മുമ്പ് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റയിന്‍ മാധ്യമപ്രവര്‍ത്തകരോട് ഇത് പറയുമ്പോള്‍ കൂടുതലൊന്നും ചോദിക്കാനുള്ള ധൈര്യം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നില്ല. കാരണം യോഗ്യതാ റൗണ്ടില്‍ നേപ്പാളും സെമി ഫൈനലില്‍ മാലദ്വീപും ചവിട്ടിത്തകര്‍ത്ത പ്രതിരോധനിരയും മത്സരപരിചയമില്ലാത്ത യുവനിരയുമായി സ്വന്തം നാട്ടില്‍ പന്തുതട്ടാനിറങ്ങുന്ന കോണ്‍സ്റ്റന്‍റയിനോട് എന്ത് ചോദിക്കാന്‍ ? എന്ത് പറയാന്‍ ? പാതി തോറ്റ മനസ്സുമായി വാര്‍ത്തസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോകുന്ന കോച്ചിനെ നോക്കി ''നാളെ ഇന്ത്യുടെ ഗോള്‍വല കീറും'' എന്ന വിദേശ മാധ്യമപ്രവര്‍ത്തകരുടെ പരിഹാസവും ആ വാര്‍ത്താസമ്മേളന ഹാളില്‍ മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ ഡിസംബര്‍ മൂന്നിന് കാര്യവട്ടത്തെ പച്ചപ്പാടത്ത് വേട്ടയാന്‍ ഇറങ്ങിയ അഫ്ഗാന്‍ സിംഹങ്ങളെ വരച്ചവരയില്‍ നിറുത്തി ഇന്ത്യയുടെ നീലക്കടുവകള്‍ ഗര്‍ജിച്ചപ്പോള്‍ ഗാലറിയില്‍ ആവേശത്തിമിര്‍പ്പില്‍ മതിമറന്ന 48,000 ആരാധകര്‍ക്കൊപ്പം മൂക്കത്ത് വിരല്‍വെച്ചവരില്‍ വിദേശ മാധ്യമപ്പടയുമുണ്ടായിരുന്നു. അഫ്ഗാനിസ്ഥാന്  മുന്നില്‍ ഇന്ത്യ കീഴടങ്ങിയെന്ന് നേരത്തെ തയ്യാറാക്കിവെച്ച വാര്‍ത്ത അപ്പാടെ പൊളിച്ചുമാറ്റി സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റയിന് സലാം പറഞ്ഞ്  വാര്‍ത്തകള്‍ അവര്‍ റീ ടൈപ്പ് ചെയ്തുതുടങ്ങുമ്പോള്‍ ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ കോച്ചിനെ തോളിലേറ്റി ആഹ്ളാദ നൃത്തം ചവിട്ടുകയായിരുന്നു.

തെക്കനേഷ്യയിലെ ഇത്തിരികുഞ്ഞന്മാര്‍ പന്തുതട്ടുന്ന സാഫ് കപ്പില്‍ ഏഴാം തവണയും ചാമ്പ്യന്മാരാകുക എന്നത് ലോക ഫുട്ബാള്‍ ഭൂപടത്തില്‍ വലിയ കാര്യമൊന്നുമല്ല. എങ്കിലും ഓരോ വര്‍ഷം കഴിയുമ്പോഴും ഫിഫ റാങ്കില്‍ നിന്ന് പിന്നോട്ടടിക്കപ്പെടുന്ന ഇന്ത്യന്‍ ഫുട്ബാളിനെ സംബന്ധിച്ച് മൃതസഞ്ജീവനിയാണ് ഈ വിജയം. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം സാഫ് കപ്പ് പുത്തരിയില്ല. പക്ഷേ ഈ വിജയത്തിനായി കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റയിന്‍ ഗ്രീന്‍ഫീല്‍ഡില്‍ വിതച്ചത്ത് പുത്തന്‍ നെല്‍വിത്തുകളായിരുന്നുവെന്നുമാത്രം.  ക്യാപ്റ്റൻ സുനില്‍ഛേത്രിയും ബികാഷ് ജായിറുവിനെയും ഒഴിച്ചുനിറുത്തിയാല്‍ 25 വയസ്സിന് താഴെയുള്ളവരുടെ നിരയായിരുന്നു കരുത്തരായ അഫ്ഗാന്‍ പടയെ നേരിട്ടത്. തന്‍െറ രണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ നേപ്പാളിനെതിരെ ഇരട്ട ഗോളടിച്ച 18കാരന്‍ ലാലിയന്‍ സൂല ചാങ്തേയും ഫൈനലില്‍ അഫ്ഗാന്‍െറ തീയുണ്ട ഷോട്ടുകളെ സുരക്ഷിതമായി തലങ്ങും വിലങ്ങും തട്ടിയകറ്റിയ 23കാരന്‍ ഗുര്‍പ്രീത് സിങ് സന്ധുവും മുന്നേറ്റതാരം ഹോളിചരണ്‍ നര്‍സാരിയും (21വയസ്സ് ) പ്രതിരോധത്തിലും മധ്യനിരയിലും കരുത്തുകാട്ടിയ റോളിങ് ബോര്‍ജെയും (23)  പ്രതിരോധഭടന്‍ നാരായണ്‍ദാസും (22)മൊക്കെ അവരില്‍ ചിലര്‍മാത്രം. 

സുനില്‍ ഛേത്രി എന്ന പടക്കുതിരയെ മുന്നില്‍ നിറുത്തിയുള്ള ഒറ്റയാള്‍ പോരാട്ടമായിരുന്നില്ല ഇന്ത്യയുടേത്. ടീം ഗെയിമിലായിരുന്നു കോണ്‍സ്റ്റന്‍റയില്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഒരോ കളിക്കാരനും വിവിധ പൊസിഷനുകളായിരുന്നു ഓരോ മത്സരത്തിലും. ശ്രീലങ്കക്കെതിരായ ആദ്യമത്സരത്തില്‍ യുവതാരം സഞ്ജു പര്‍ദാന്‍ വലതുവിങ്ങുകളില്‍ നിന്ന് നല്‍കിയ നീക്കങ്ങളായിരുന്നു  റോബിന്‍സിങ്ങിനെ തുണച്ചതെങ്കില്‍ നേപ്പാളിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ മധ്യനിരതാരം യൂജിങ്സണ്‍ യെല്‍ദോയുടെ നിയന്ത്രണത്തിലായിരുന്നു  ഇന്ത്യന്‍ മുന്നേറ്റം. സെമി ഫൈനലില്‍ മാലദ്വീപുകാര്‍ക്കെതിരെ ജെജെ മുന്നില്‍ നിറുത്തി കളം വരച്ച  കോണ്‍സ്റ്റന്‍റയിന്‍ റോളിങ് ബോര്‍ജെക്കായിരുന്നു പന്ത് മുന്നിലത്തെിക്കാനുള്ള ചുമതല നല്‍കിയത്. പക്ഷേ വിജയങ്ങളുടെ പടവുകള്‍ ഒന്നൊന്നായി കയറുമ്പോഴും പ്രതിരോധനിരയുടെ വിള്ളലുകള്‍ മുഴച്ചുനിന്നു. പന്ത് കിട്ടുന്നവര്‍ എല്ലാം വെളിച്ചപ്പാടാകുന്ന അഫ്ഗാന്‍ നിരയെ പിടിച്ചുകെട്ടാന്‍ ഈ പ്രതിരോധം പോരെന്ന് കോണ്‍സ്റ്റന്‍റയിനും അറിയാമായിരുന്നു. ഗോളടിവീരന്‍ ഖൈബാര്‍ അമാനിയും അഫ്ഗാന്‍ ആക്രമണങ്ങളുടെ സൂത്രധാരന്‍ സുബൈര്‍ അമിരിയും എതിരാളിയുടെ ഗോള്‍മുഖത്ത് സദാസമയം വട്ടമിട്ടുപറക്കുന്ന ക്യാപ്ടന്‍ ഫൈസല്‍ ഷെയ്സതയും എതിരാളികളുടെ ഗോള്‍മുഖത്തേക്ക് നുഴഞ്ഞുകയറി നിറയൊഴിക്കുന്ന പ്രതിരോധക്കാരന്‍ ഒമദ് പോപ്പലാസിയെയും തടയാന്‍ പറ്റുന്ന ബ്രഹ്മാത്രങ്ങള്‍ രാകി മിനുക്കുകയായിരുന്നു ഫൈനലിന് ശേഷമുള്ള രണ്ടു ദിവസം കോണ്‍സ്റ്റന്‍റയില്‍ ചെയ്തത്. 

നാരായണദാസിനെയും യെല്‍ദോയെയും അഗസ്റ്റിന്‍ ഫര്‍ണാണ്ടസിനെയും ബോര്‍ജെയും ഒരു ചരടില്‍ കോര്‍ത്തുകൊണ്ട് ഗ്രൗണ്ടിന് ഇടതും വലതും മാറി മാറിയിട്ട് പരീക്ഷിച്ച കോണ്‍സ്റ്റന്‍റയില്‍ ഛേത്രിക്കും ജായിറുവിനും ജെജെക്കും ഒരുപോലെ ആക്രമണ ചുമതല നല്‍കി. ഇതോടെ ടൂര്‍ണമെന്‍റില്‍ അഫ്ഗാന്‍ ഗോളിയും പ്രതിരോധനിരയും  ആദ്യമായി വെള്ളംകുടിക്കുകയായിരുന്നു. കളിക്കാര്‍ ഒരു മനസ്സോടെപൊരുതിയതോടെ 117ാം മിനുട്ടിലാണ് ഇന്ത്യ ആദ്യ പകരക്കാരനെ ഇറക്കുന്നതെന്നും ശ്രദ്ധേയം. അതും ഗാലറി കാത്തിരുന്ന ചാങ്തയെ. 120മിനുട്ടും മൈതാനത്ത് മൊത്തം ഓടികളിക്കുന്ന, എതിര്‍നിരയിലേക്ക് ആവശേത്തോടെ ഇരമ്പിപായുന്ന ഒരു യുവ ഇന്ത്യയായിരുന്നു ഞായറാഴ്ച ഇന്ത്യ കണ്ടത്. യൂറോപ്യന്‍കാരുടെ ബാറിനുമുകളില്‍ ജെജെയുടെയും ബോര്‍ജെയുടെയും ജയിറുവിന്‍െറയും ഷോട്ടുകള്‍ താലനാരിഴക്ക് മൂളി പറന്നില്ലായിരുന്നെങ്കില്‍ ചാമ്പ്യന്‍മാര്‍ക്ക് എക്സ്ട്രാം ടൈം വേണ്ടിവരില്ലായിരുന്നു. എതായാലും കളി ഇവിടെ അവസാനിക്കുന്നില്ല. തിരിച്ചു കിട്ടിയത് തിരിച്ചുകൊടുക്കേണ്ടത് കടമയാണ്. അതിനുള്ള അവസരമാണ് ഇനിയുള്ള ഇറാന്‍, തുര്‍ക്മെനിസ്ഥാന്‍ മത്സരങ്ങള്‍. അതിനായി ഈ ബ്രഹ്മാസ്ത്രങ്ങളെ തുരുമ്പെടുക്കാതെ നമുക്ക് രാകിമിനുക്കാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.