മെസ്സിക്ക് രണ്ട്; ബാഴ്സക്ക് നാല്

ബാഴ്സലോണ: ലയണല്‍ മെസ്സി രണ്ട് ഗോളുകളും രണ്ട് ഗോളിന് സഹായവുമേകി നിറഞ്ഞാടിയ പോരാട്ടത്തിനൊടുവില്‍ കിങ്സ് കപ്പ് (കോപ ഡെല്‍റേ) ഫുട്ബാളിന്‍െറ പ്രിക്വാര്‍ട്ടര്‍ ഫൈനലിന്‍െറ ആദ്യപാദത്തില്‍ എസ്പാന്യോളിനെതിരെ ബാഴ്സലോണക്ക് 4-1ന്‍െറ തകര്‍പ്പന്‍ ജയം.
 ഒമ്പതാം മിനിറ്റില്‍ ഫിലിപ്പ് കെയ്സെഡോയുടെ ഗോളിലൂടെ എതിരാളികള്‍ ബാഴ്സയെ ഞെട്ടിച്ചെങ്കിലും നാല് മിനിറ്റിനുശേഷം മെസ്സി സമനില പിടിച്ചു. ഒന്നാം പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ അര്‍ജന്‍റീന താരം ടീമിന് ലീഡ് നേടിക്കൊടുത്തു. 49ാം മിനിറ്റില്‍ പിക്വെും 88ാം മിനിറ്റില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറും വലകുലുക്കിയത് മെസ്സിയുടെ സഹായത്താലായിരുന്നു. ഈ മാസം 13നാണ് രണ്ടാംപാദ മത്സരം. പരുക്കന്‍ കളി പുറത്തെടുത്ത എസ്പാന്യോളിന്‍െറ ഹെര്‍നാന്‍ പെരസും പാപാകൗലി ദിയോഫും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.  മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മഡ്രിഡിനെ റയോ വല്ളെകാനോ സമനിലയില്‍ കുരുക്കി. 35ാം മിനിറ്റില്‍ നാചോ മാര്‍ട്ടിനസ് വല്ളേകാനോയെ മുന്നിലത്തെിച്ചു. സോള്‍ നിഗ്വ സ് അത്ലറ്റികോയുടെ സമനില ഗോള്‍ നേടി.
ബാഴ്സലോണയുടെ തട്ടകമായ നൗകാംപില്‍ കളിയുടെ ഗതിക്ക് വിപരീതമായിരുന്നു എസ്പാന്യോളിന്‍െറ ഗോള്‍. ഡാനി ആല്‍വേസിന്‍െറ പിഴവ് മുതലെടുത്ത  മാര്‍കോ അസന്‍സിയോ പന്ത് കെയ്സെഡോക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. ബാഴ്സ ഗോളി മാര്‍ക് ആന്ദ്രേ ടെര്‍സ്റ്റെഗനെ മറികടന്ന് പന്ത് വലയിലത്തെിച്ചു.
എന്നാല്‍, നാല് മിനിറ്റിനുശേഷം ബാഴ്സ തിരിച്ചടി തുടങ്ങി. ആന്ദ്രെ ഇനിയസ്റ്റ നല്‍കിയ ത്രൂബാളുമായി ഓഫ്സൈഡ് കെണികള്‍ മറികടന്ന് മെസ്സി എതിര്‍ഗോളിയെ കീഴ്പ്പെടുത്തി. പിന്നീട് മെസ്സിയും നെയ്മറും എതിര്‍ഗോള്‍മുഖത്ത് പലവട്ടം ശല്യക്കാരായി. നെയ്മറുടെ അപകടകരമായ മുന്നേറ്റത്തെ പരുക്കനടവിലൂടെ എതിര്‍ ഡിഫന്‍ഡര്‍ യാവി ലോപസ് നേരിട്ടതിന് ബാഴ്സലോണ താരങ്ങള്‍ പെനാല്‍റ്റി കിക്കിനായി മുറവിളികൂട്ടിയെങ്കിലും റഫറി ചെവിക്കൊണ്ടില്ല. 34ാം മിനിറ്റില്‍ മോറെനോയെ തള്ളിയിടുകയും ചവിട്ടുകയും ചെയ്ത നെയ്മര്‍ മഞ്ഞക്കാര്‍ഡ് വാങ്ങിച്ചു. 43ാം മിനിറ്റില്‍ 25 വാര അകലെനിന്ന് മെസ്സി തൊടുത്തുവിട്ട ഫ്രീകിക്ക് ക്രോസ്ബാറിന് ഉരുമ്മി വലയിലേക്ക് പതിച്ചു.
49ാം മിനിറ്റില്‍ ഇനിയസ്റ്റയുമായി ചേര്‍ന്ന നീക്കത്തിനൊടുവില്‍ മെസ്സി പിക്വെ് മറിച്ചുനല്‍കിയ പന്താണ് ബാഴ്സയുടെ  മൂന്നാം ഗോളിലേക്ക് വഴിതുറന്നത്. സ്വന്തം തട്ടകത്തില്‍ ബാഴ്സക്കായി 241 മത്സരങ്ങളില്‍നിന്ന് മെസ്സിയുടെ 241ാം ഗോളായിരുന്നു അത്.
ഇതിനിടെ, നെയ്മര്‍ കൈമാറിയ പാസ് മുതലാക്കാനാകാത്ത മെസ്സിക്ക് ഹാട്രിക്കിനുള്ള അവസരം നഷ്ടമായി. അവസാന 20 മിനിറ്റില്‍ നിരവധി താരങ്ങള്‍ മഞ്ഞക്കാര്‍ഡുകള്‍ വാങ്ങി. രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടിയ എസ്പാന്യോളിന്‍െറ ഹെര്‍നാന്‍ 72ാം മിനിറ്റില്‍ തിരിച്ചുപോയി.
മൂന്ന് മിനിറ്റിനുശേഷം ഫ്രീകിക്കിനായി റഫറിയോട് കയര്‍ത്ത പാപാകൗലി ദിയോഫിനും ചുവപ്പുകാര്‍ഡ് കിട്ടി. ഒമ്പതുപേരായി ചുരുങ്ങിയ എസ്പാന്യോളിനെ പിന്നീട് ആതിഥേയര്‍ വട്ടംകറക്കി.
88ാം മിനിറ്റില്‍ ബാഴ്സയുടെ അവസാന ഗോളും പിറന്നു. നെയ്മര്‍ മെസ്സിക്ക് കൈമാറിയ പന്ത് അര്‍ജന്‍റീന താരം കൃത്യമായി നെയ്മറിനുതന്നെ തിരിച്ചുകൊടുക്കുകയായിരുന്നു. ഫസ്റ്റ്ടൈം വോളിയിലൂടെ നെയ്മര്‍  ഗോളാക്കി മാറ്റി. ഇഞ്ചുറി ടൈമില്‍ ലൂയി സുവാരസ് അവസരം തുലക്കുന്നത് കണ്ടാണ് കാണികള്‍ നൗകാംപ് സ്റ്റേഡിയം വിട്ടത്.
ലാ ലിഗയില്‍ കഴിഞ്ഞ ദിവസം ഗോള്‍രഹിത സമനിലയില്‍ കുടുക്കിയ ടീമിനെ തകര്‍ത്തുവിട്ടതിന്‍െറ സന്തോഷത്തിലാണ് ബാഴ്സ ടീം തിരിച്ചുകയറിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT