ഒരേയൊരു ഇതിഹാസം

മഹാത്മാഗാന്ധിക്ക് അന്യമായ സമാധാന നൊബേലും ധ്യാന്‍ചന്ദിന് കിട്ടാത്ത ഭാരത്രത്നയും പോലെയാണ് ലോകഫുട്ബാളര്‍ പുരസ്കാരത്തില്‍ ഇതിഹാസ ജന്മങ്ങളായ പെലെയും ഡീഗോ മറഡോണയും. ബാഴ്സലോണയുടെ അര്‍ജന്‍റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി കരിയറിലെ അഞ്ചാം ലോകഫുട്ബാളര്‍ പട്ടവുമായി ഇതിഹാസങ്ങള്‍ക്കും മുകളില്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ പെലെക്കും മറഡോണക്കും സാങ്കേതികത്വമായിരുന്നു പുരസ്കാരം അന്യമാക്കിയത്.
1956ല്‍ ഫ്രഞ്ച് ഫുട്ബാള്‍ മാഗസിനായ ‘ബാലണ്‍ ഡി ഓറി’ന്‍െറ പേരില്‍ ആരംഭിച്ച പുരസ്കാരം 1994 വരെ യൂറോപ്പിലെ മികച്ച യൂറോപ്യന്‍ താരങ്ങള്‍ക്കായിരുന്നു സമ്മാനിച്ചത്. ലാറ്റിനമേരിക്കയില്‍നിന്ന് ലോകം കീഴടക്കിയ പെലെക്കും മറഡോണക്കുമെല്ലാം ഈ സാങ്കേതിക കുരുക്ക് പുരസ്കാരപ്പട്ടികയില്‍ ഇടം അന്യമാക്കി. ഫിഫയുടെ പ്ളെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരമാവട്ടെ ആരംഭിച്ചത് 1991 മുതലും.
 


1994ല്‍ നയം മാറ്റിയ ശേഷമായിരുന്നു ബാലണ്‍ ഡി ഓറില്‍ ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും താരങ്ങളുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്. അപ്പോഴും യൂറോപ്പില്‍ കളിച്ചവരെ മാത്രമേ പരിഗണിച്ചുള്ളൂ. 1995ല്‍ ലൈബീരിയന്‍ സ്ട്രൈക്കര്‍ ജോര്‍ജ് വിയയിലൂടെ യൂറോപ്യന്‍ അതിര്‍ത്തി ഭേദിക്കപ്പെട്ടു. റൊണാള്‍ഡോ (1997) ആദ്യ ലാറ്റിനമേരിക്കന്‍ ബാലണ്‍ ഡി ഓര്‍ ജേതാവായി. പക്ഷേ, 1994ല്‍ ബ്രസീലുകാരനായ റൊമാരിയോ ഫിഫ പ്ളെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹനായിരുന്നു. സിനദിന്‍ സിദാന്‍ മൂന്നു തവണ ഫിഫ താരമായെങ്കിലും ഒരു തവണ മാത്രമേ ബാലണ്‍ ഡി ഓറിന് പരിഗണിക്കപ്പെട്ടുള്ളൂ.
2010ല്‍ രണ്ടു പുരസ്കാരങ്ങളും ഒന്നായി ‘ഫിഫ ബാലണ്‍ ഡി ഓര്‍’ ആയതോടെ ലോകഫുട്ബാളിലെ സമുന്നത അവാര്‍ഡുമായി ഇത്.
 

മെസ്സി = മാര്‍ത്ത
ബ്രസീലിന്‍െറ പെണ്‍ പെലെ മാര്‍ത്ത മാത്രമേ ലോകഫുട്ബാളര്‍ പട്ടികയില്‍ മെസ്സിക്കൊപ്പമുള്ളൂ. 2006 മുതല്‍ 2010 വരെ തുടര്‍ച്ചയായി അഞ്ചുതവണ ഫിഫ ലോക ഫുട്ബാളറായാണ് മാര്‍ത്ത ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരമായത്. നാലു തവണ രണ്ടാം സ്ഥാനത്തും രണ്ടു തവണ മൂന്നാം സ്ഥാനത്തുമത്തെി ലേഡി പെലെ. 2009, 2010, 2011, 2012 വര്‍ഷങ്ങളിലും ലോകഫുട്ബാളറായ മെസ്സി 2015ല്‍ അര്‍ജന്‍റീന-ബാഴ്സലോണ കുപ്പായത്തിലെ തിളക്കമേറിയ പ്രകടനവുമായാണ് അഞ്ചാം വട്ടം ലോകഫുട്ബാളറായത്. ക്ളബ് അഞ്ചു കിരീടവും അര്‍ജന്‍റീന കോപ അമേരിക്ക ഫൈനലിലത്തെിയതും പുരസ്കാര പോരാട്ടത്തില്‍ മെസ്സിയെ തുണച്ചു. 61 കളിയില്‍ 52 ഗോള്‍ നേടിയപ്പോള്‍ 26 ഗോളിലേക്ക് വഴിയൊരുക്കി. മുഖ്യവെല്ലുവിളി ഉയര്‍ത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിയില്‍ മെസ്സിയെക്കാള്‍ മുന്നിലായിരുന്നെങ്കിലും ടീമിന്‍െറ കിരീടനേട്ടത്തില്‍ ദുര്‍ബലമായത് തിരിച്ചടിയായി. ഫിഫ അംഗരാജ്യങ്ങളിലെ ക്യാപ്റ്റന്‍, കോച്ച്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ 41.33 ശതമാനം വോട്ടാണ് മെസ്സി നേടിയത്. ക്രിസ്റ്റ്യാനോക്ക് 27.76 ശതമാനവും നെയ്മറിന് 7.86 ശതമാനവും ലഭിച്ചു.

ഛേത്രിയുടെ വോട്ട് ഫലിച്ചു
ഫിഫ ബാലണ്‍ ഡി ഓറില്‍ ഇന്ത്യക്ക് ലഭിച്ച മൂന്നില്‍ ഒരു വോട്ട് മാത്രം ഫലംകണ്ടു. ദേശീയ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ദിമന്‍ സര്‍കാര്‍ എന്നിവര്‍ക്കായിരുന്നു ഇന്ത്യയില്‍നിന്ന് വോട്ടവകാശം. ഛേത്രി ആദ്യ വോട്ട് ലയണല്‍ മെസ്സിക്കും രണ്ടാം വോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും മൂന്നാം വോട്ട് നെയ്മര്‍ക്കും നല്‍കി.കോണ്‍സ്റ്റന്‍ൈറന്‍ അലക്സിസ് സാഞ്ചസ്, മാനുവല്‍ നോയര്‍, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ക്കും ദിമന്‍ സര്‍കാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, നെയ്മര്‍ എന്നിവര്‍ക്കും നല്‍കി. ഇതില്‍ ഛേത്രിയുടേത് മാത്രം ഭൂരിപക്ഷത്തിനൊപ്പമായി. വനിതകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബെംബം ദേവിയും കോച്ച് സാജിദ് ദറും വിജയിയായ കാര്‍ലി ലോയ്ഡിനാണ് വോട്ട് നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.