ദേശീയ സീനിയര്‍ ബാസ്കറ്റ്ബാള്‍: റെയില്‍പാളത്തില്‍ കേരളം വീണു

മൈസൂരു: മൂന്ന് പതിറ്റാണ്ടിനു ശേഷം കേരളത്തെ കിരീടമണിയിക്കാനിറങ്ങിയ വനിതാ ബാസ്കറ്റ്ബാള്‍ ടീമിന് കലാശപ്പോരാട്ടത്തില്‍ കാലിടറി. തോല്‍വിയറിയാതെ കുതിച്ചവരെ ഇന്ത്യന്‍ റെയില്‍വേ തട്ടിയിട്ടപ്പോള്‍ ചിന്നിച്ചിതറിയത് കോട്ടകെട്ടി പണിതുയര്‍ത്തിയ കിരീടസ്വപ്നങ്ങള്‍. മൈസൂരു ചാമുണ്ഡി വിഹാര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യ ക്വാര്‍ട്ടറില്‍ ലീഡ് നേടിയ ശേഷമായിരുന്നു കേരള വനിതകളുടെ തോല്‍വി. സ്കോര്‍: 72-55.
1985ന് ശേഷം കേരളത്തെ ആദ്യമായി ദേശീയ ചാമ്പ്യന്മാരാക്കാനായിരുന്നു പി.എസ്. ജീനയും സ്റ്റെഫി നിക്സനും അടങ്ങിയ സംഘമിറങ്ങിയത്. സ്വപ്നങ്ങള്‍പോലെ തന്നെ പോരാട്ടത്തിന് തുടക്കംകുറിച്ചു. ഒന്നാം ക്വാര്‍ട്ടര്‍ 12-15ന് കേരളത്തിനായിരുന്നു ലീഡ്. ജീന സ്കറിയയുടെ മിടുക്കിലൂടെ തുടങ്ങിയവര്‍ക്ക് പിന്നീട് അടിതെറ്റി. രണ്ടാം ക്വാര്‍ട്ടറില്‍ പ്രതിരോധം ശക്തമാക്കിയ റെയില്‍വേ ജീനക്ക് ചുറ്റും കാവല്‍ക്കാരെ നിയോഗിച്ച് പന്തുതടഞ്ഞു. ജീനക്ക് പന്ത് കിട്ടാതായതോടെ ആക്രമണം പാളിയ കേരള കോര്‍ട്ടിലേക്ക് റെയില്‍വേ ഇരമ്പിയാര്‍ത്തുതുടങ്ങി. രണ്ടാം ക്വാര്‍ട്ടര്‍ 26-13ന് അവസാനിച്ച റെയില്‍വേ ലീഡ് നേടി മേധാവിത്വം സ്ഥാപിച്ചു. അവസാന രണ്ട് ക്വാര്‍ട്ടറില്‍കൂടി ഇതേ തന്ത്രം സ്വീകരിച്ച റെയില്‍വേ 18 പോയന്‍റ് വ്യത്യാസത്തില്‍ 66ാമത് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടു. ഇരു ടീമുകളും നോക്കൗട്ട് ഉള്‍പ്പെടെ ആറും ജയിച്ചാണ് ഫൈനലിലത്തെിയത്. പരസ്പരം ഏറ്റുമുട്ടിയത് ഇതാദ്യവും. 2000 ലുധിയാന ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ പുറത്തായശേഷം ആദ്യമായാണ് കേരളം കലാശപ്പോരാട്ടത്തിനത്തെിയത്. ഒടുവില്‍ കിരീടമോഹങ്ങള്‍ കൈവിട്ട് 15 വര്‍ഷത്തിനുശേഷം വീണ്ടും വെള്ളിപ്പിറവിയോടെ മടക്കമായി.
കേരളത്തിനുവേണ്ടി പി.എസ്. ജീന 14, സ്റ്റെഫി നിക്സന്‍ 17, പി.ജി. അഞ്ജന 14 പോയന്‍റ് നേടി. റെയില്‍വേക്കുവേണ്ടി വെറ്ററന്‍താരം അനിതാ പോള്‍ ദുരായ് 16, നവനീത 14, സിതാമണി ടുഡു 12 എന്നിവര്‍ സ്കോര്‍ ചെയ്തു. ഡല്‍ഹിക്കാണ് മൂന്നാം സ്ഥാനം.
പുരുഷവിഭാഗത്തില്‍ ഉത്തരാഖണ്ഡിനെ തോല്‍പിച്ച് സര്‍വിസസ് കിരീടമണിഞ്ഞു. സ്കോര്‍ 73-67. അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സര്‍വിസസിന്‍െറ കിരീടനേട്ടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.