സാന്‍റകാര്‍ല: കാലിഫോര്‍ണിയയിലെ ലെവിസ് സ്റ്റേഡിയത്തില്‍ അര്‍ജന്‍റീനയെ തോളിലേറ്റി എയ്ഞ്ചല്‍ ഡി മരിയ നിറഞ്ഞാടുമ്പോള്‍, ജന്മനാടായ റൊസാരിയോയിലെ വീട്ടില്‍ പ്രിയപ്പെട്ട മുത്തശ്ശിയുടെ പ്രാണനുമായി മാലാഖമാര്‍ പറന്നുപോയിട്ട് മണിക്കൂറുകള്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ചിലിക്കെതിരായ നിര്‍ണായക മത്സരത്തില്‍ അര്‍ജന്‍റീനയുടെ മാലാഖ കളത്തിലിറങ്ങുന്നതുവരെ കാത്തുനില്‍ക്കാന്‍ മരണമാലാഖമാര്‍ തയാറായില്ല.
ചിലിക്കെതിരെ ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പായിരുന്നു മുത്തശ്ശിയുടെ മരണം. മരണവിവരം ആരുമായും പങ്കുവെച്ചില്ല. പക്ഷേ, കളി തുടങ്ങുന്നതിന് അഞ്ചുമിനിറ്റ് മുമ്പ് കോച്ച് മാര്‍ടിനോ ഇക്കാര്യമറിഞ്ഞു. വിങ്ങുന്ന മനസ്സ് കടിച്ചുപിടിച്ച് ഡി മരിയപോരാടി. നിരവധി തവണ ഗോള്‍മുഖത്തേക്ക് നിറയൊഴിച്ചു. ഒടുവില്‍, 51ാം മിനിറ്റില്‍ ബനേഗയുടെ ക്രോസില്‍ വലകുലുക്കി ഡി മരിയ മുത്തശ്ശിക്കായി അതു സമര്‍പ്പിച്ചു. ഗ്രൗണ്ട് ലൈനിലേക്ക് ഓടിയത്തെി ടീം ഒഫീഷ്യലില്‍നിന്നും വാങ്ങിയ വെള്ളക്കുപ്പായം ആകാശത്തേക്കുയര്‍ത്തി ഉമ്മവെച്ചു. ‘ഗ്രാന്‍ഡ്മാ... ഐ വില്‍ മിസ് യു സോ മച്ച്’. ആഘോഷത്തിനിടെ കണ്ണീര്‍ ചാടിയ നിമിഷം. വീണ്ടും അര്‍ജന്‍റീന ഗോളടിച്ചപ്പോള്‍ ഡി മരിയയുടെ ടച്ചുണ്ടായിരുന്നു. മത്സര ശേഷം ടെലിവിഷന്‍ അഭിമുഖത്തില്‍ തടയണപൊട്ടി കണ്ണീര്‍ ചാലായി. ‘അര്‍ജന്‍റീനക്കുവേണ്ടി കളിക്കുമ്പോള്‍ എന്നും അഭിമാനിച്ച മുത്തശ്ശിക്കുവേണ്ടി എനിക്ക് കളിക്കണമായിരുന്നു’ -വാക്കുകള്‍ മുഴുമിപ്പിക്കും മുമ്പേ വിജയനായകന്‍െറ കണ്ണുകള്‍ നിറഞ്ഞൊഴുകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.