പാരിസ്: നാലുകൊല്ലം നീണ്ട കാത്തിരിപ്പിന് വിരാമം. കാല്‍പന്തിന്‍െറ യൂറോപ്യന്‍ സൗന്ദര്യം വെള്ളിയാഴ്ച വിസിലൂതി കളത്തിലിറങ്ങും. 2016 യൂറോ ചാമ്പ്യന്‍ഷിപ്പിന് ഫ്രാന്‍സിന്‍െറ മണ്ണില്‍ പന്തുരുളുമ്പോള്‍ ജയിക്കാനുള്ളത് ഫുട്ബാളിന് മാത്രമല്ല, നിരപരാധികളെ കൊന്നൊടുക്കാന്‍ വെമ്പുന്ന തീവ്രവാദഭൂതത്തിനുമേല്‍ മാനവരാശിക്കൊന്നടങ്കം ജയിക്കേണ്ടതുണ്ട്. 24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒരു മാസം നീളുന്ന ഫുട്ബാള്‍ ഉത്സവത്തിലേക്ക് ഫ്രാന്‍സ് കടക്കുമ്പോള്‍ ചാമ്പ്യനാരാകുമെന്ന ചോദ്യത്തിനൊപ്പം ലോകം മുഴുവന്‍ ഉറ്റുനോക്കുന്നതും ആ ജയത്തിലേക്കാണ്. രാജ്യത്തുടനീളം നിറഞ്ഞുനില്‍ക്കുന്ന തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് യൂറോക്ക് തുടക്കമാകുന്നത്. എല്ലാ പ്രതിസന്ധികളും അതിജീവിച്ച് വിജയകരമായി ടൂര്‍ണമെന്‍റ് നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍. ഉദ്ഘാടനമത്സരത്തില്‍ ഫ്രാന്‍സ്, റുമേനിയയെ നേരിടുന്നതിന് മുന്നോടിയായി വര്‍ണശബളമായ പരിപാടികള്‍ അരങ്ങേറും. ഈഫല്‍ ടവറിന് താഴെ 90,000 കാണികള്‍ക്ക് വിരുന്നാകുന്ന ഓപണ്‍ എയര്‍ സംഗീത പരിപാടി നടക്കും. ഫ്രഞ്ച് സംസ്കാരത്തിലൂന്നിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഉദ്ഘാടനമത്സരം നടക്കുന്ന സ്റ്റെയ്ഡ് ഡി ഫ്രാന്‍സിലാണ് പ്രധാന പരിപാടികള്‍ നടക്കുന്നതും. 150ല്‍ അധികം നര്‍ത്തകരും അക്രോബാറ്റിക് കലാകാരന്മാരും അണിനിരക്കും. ഫ്രഞ്ച് എയര്‍ ഫോഴ്സിന്‍െറ ആകാശവിസ്മയക്കാഴ്ചയുമുണ്ടാകും.
തോക്കിന്‍ മുനയില്‍
തീവ്രവാദ ഭീഷണിക്കെതിരെ പടപൊരുതാനുള്ള ഫ്രാന്‍സിന്‍െറ കഴിവിനെ പരീക്ഷിക്കുന്നതാണ് ഇത്തവണത്തെ യൂറോ ടൂര്‍ണമെന്‍റ്. നാലുവര്‍ഷം കൂടുമ്പോഴുള്ള യൂറോപ്പിന്‍െറ ഫുട്ബാള്‍ വസന്തത്തിന് 24 രാജ്യങ്ങളുടെ കളിക്കാരും ദശലക്ഷക്കണക്കിന് ആരാധകരും വിരുന്നത്തെുമ്പോള്‍ ആഘോഷങ്ങളില്‍ അമരേണ്ട ദിനങ്ങളാണ് ഫ്രാന്‍സിന് മുന്നിലുള്ളത്. എന്നാല്‍, തൊഴില്‍ നിയമഭേദഗതിയുടെ പേരില്‍ രൂക്ഷമായ പ്രതിഷേധങ്ങളും സീന്‍ നദി കരകവിഞ്ഞൊഴുകിയുണ്ടായ വെള്ളപ്പൊക്കവുമെല്ലാം കൂടിച്ചേരുമ്പോള്‍ ഇതിനകം ഡസന്‍ കളക്കിന് ഗോള്‍ ഏറ്റുവാങ്ങി, ഇനിയും വാങ്ങാനുള്ള ഭീഷണി നേരിടുന്ന ടീമിന്‍െറ അവസ്ഥയിലാണ് ഫ്രാന്‍സ്. മറ്റെന്തിനെക്കാളുമേറെ തീവ്രവാദ ഭീഷണി നേരിടുന്നതാണ് വലിയ വെല്ലുവിളി.
രാജ്യത്ത് ഫുട്ബാളിനെക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ഈ വിഷയമാണ്. ടെലിവിഷന്‍ ചര്‍ച്ചകളിലും കളിയും താരങ്ങളും വിജയസാധ്യതകളും തീവ്രവാദ ഭീഷണി സംവാദങ്ങള്‍ക്ക് പിന്നിലേ വരുന്നുള്ളൂ. ഒരു പ്രശ്നവുമില്ലാതെ ജൂലൈ 10ന് ചാമ്പ്യന്‍ഷിപ് അവസാനിക്കുന്നത് വരെ ഫ്രഞ്ച് അധികൃതര്‍ക്ക് ശ്വാസം നേരെ വീഴില്ല. പഴുതുകള്‍ നല്‍കാത്ത സുരക്ഷയൊരുക്കലാണ് രാജ്യത്ത് നടക്കുന്നത്. ടൂര്‍ണമെന്‍റിലെ 51 മത്സരങ്ങള്‍ കാണുന്നതിനായി ഏഴ് ദശലക്ഷം ആളുകളാണ് എത്തുന്നത്. ഇവര്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും കളിനടക്കുന്ന 10 സ്റ്റേഡിയങ്ങളിലുമായി 90,000 അധിക പട്ടാള-പൊലീസ് സേനാംഗങ്ങളെയാണ് സുരക്ഷക്ക് നിയോഗിക്കുന്നത്.
രാജ്യത്തുടനീളം മോക് ഡ്രില്ലുകള്‍ നടത്തുന്നതിന്‍െറ തിരക്കിലായിരുന്നു ഈ ആഴ്ചയില്‍ ഫ്രഞ്ച് പൊലീസ്. ആയുധങ്ങളുമായി ഫ്രാന്‍സ് ലക്ഷ്യമിട്ടുവന്ന ഫ്രഞ്ചുകാരനെ അറസ്റ്റ് ചെയ്തതായി യുക്രെയ്ന്‍ പൊലീസ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളാണ് ഫ്രാന്‍സിന്‍െറ നെഞ്ചിടിപ്പ് കൂട്ടുന്നത്.ഭീഷണികള്‍ക്കിടയിലും ജീവിതം മുന്നോട്ടുപോകുന്നുവെന്ന് കാണിക്കുന്നത് വളരെ പ്രധാനമായത് കൊണ്ടുതന്നെ മത്സരങ്ങളെല്ലാം തടസ്സമില്ലാതെ നടത്താനുള്ള പ്രതിജ്ഞാബദ്ധതയിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി മാന്യുവല്‍ വാല്‍സ് വ്യക്തമാക്കിക്കഴിഞ്ഞു.
‘യൂനിയനിസ്റ്റ് ഗറില്ല യുദ്ധം’
കാല്‍പന്തുകളിയുടെ കമനീയതയിലേക്ക് കടക്കാന്‍ മോഹിച്ചുനില്‍ക്കുന്ന ഫ്രാന്‍സിന്‍െറ കണക്കുകൂട്ടലുകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന വെല്ലുവിളിക്ക് രാജ്യത്തെ കായിക മന്ത്രിയുടെ വക വിശേഷണമാണിത്. ഫ്രാന്‍സ് യുദ്ധസമാനമായ അന്തരീക്ഷത്തിലാണ് യൂറോകപ്പിനെ വരവേല്‍ക്കുന്നതെന്ന് ഈ ഒരൊറ്റ വിശേഷണത്തിലൂടെ മനസ്സിലാക്കാം. വിവിധ മേഖലകളെ സ്തംഭിപ്പിക്കുന്ന യൂനിയന്‍ സമരങ്ങളാണ് വന്‍ പ്രതിസന്ധിയുടെ രൂപത്തില്‍ ടൂര്‍ണമെന്‍റിനെ ഉറ്റുനോക്കുന്നത്. തൊഴിലാളികളെ വെല്ലുവിളിച്ചുകൊണ്ടുള്ള തൊഴില്‍നിയമ പരിഷ്കാരങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. വ്യാഴാഴ്ച ഫ്രഞ്ചുകാരുടെ ‘വയറ്റത്തടിച്ച്’ യൂനിയനുകള്‍ നടത്തിയ സമരം വരുംദിവസങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന വ്യക്തമായ സൂചന നല്‍കുന്നു. യൂറോപ്പിലത്തെന്നെ ഏറ്റവുംവലിയ മൊത്തവ്യാപാര ഭക്ഷണ മാര്‍ക്കറ്റായ റന്‍ജിസിലേക്കുള്ള പ്രവേശം കൊട്ടിയടച്ചായിരുന്നു വ്യാഴാഴ്ചത്തെ പ്രതിഷേധം. റെയില്‍വേ സമരം ഒമ്പതു ദിവസങ്ങള്‍ പിന്നിടുന്നതുകൂടാതെ, പാരിസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ശുചീകരണ തൊഴിലാളികളുടെ സമരംമൂലം മാലിന്യനീക്കവും നിലച്ചിരിക്കുകയാണ്. ന്യൂക്ളിയര്‍ പവര്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടതുകൂടാതെ, ആഴ്ചയവസാനത്തോടെ പൈലറ്റുമാരും സമരമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് എണ്ണ ശുദ്ധീകരണശാലകളില്‍ സമരം നടക്കുകയാണ്.
578 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന റന്‍ജിസിലേക്കുള്ള റോഡുകള്‍ പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം ഉപരോധിച്ചതോടെയാണ് ഫ്രഞ്ച് കായികമന്ത്രി ഗറില്ല യുദ്ധമുറയോട് ഉപമിക്കുന്നതുവരെ കാര്യങ്ങളത്തെിയത്. ടൂര്‍ണമെന്‍റ് തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ പാരിസിന്‍െറ വിവിധ കോണുകളില്‍ ഉള്‍പ്പെടെ കുന്നുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കംചെയ്യാനുള്ള നെട്ടോട്ടത്തിലാണ് അധികാരികള്‍. ശനിയാഴ്ച മുതല്‍ സമരം നടത്തുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് എയര്‍ ഫ്രാന്‍സ് പൈലറ്റുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.