അല്‍ബേനിയക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന് ഒരു ഗോള്‍ ജയം

സെന്‍റ്ഡെനിസ്: ചേട്ടന്‍ ഷാകയും അനിയന്‍ ഷാകയും ഏറ്റുമുട്ടിയപ്പോള്‍, ജയം ചേട്ടന്‍ ആക്രമണം നയിച്ച സ്വിറ്റ്സര്‍ലന്‍ഡിന്. ഗ്രൂപ് ‘എ’യിലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് മറുപടിയില്ലാത്ത ഒരു ഗോളിന് അല്‍ബേനിയയെ വീഴ്ത്തി. കളിയുടെ അഞ്ചാം മിനിറ്റില്‍ അല്‍ബേനിയന്‍ ഗോളി എത്രിത് ബെറിഷയെ മറികടന്ന് ഫാബിയന്‍ ഷാര്‍ നേടിയ ഹെഡര്‍ ഗോളിലൂടെയായിരുന്നു സ്വിസ് എക്സ്പ്രസിന്‍െറ ജയം.

ഇരുചേരികളിലായി അണിനിരന്ന അല്‍ബേനിയക്കാരുടെ പോരാട്ടമായിരുന്നു ഗ്രൗണ്ടില്‍. സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സൂപ്പര്‍ താരം ഷെര്‍ദാന്‍ ഷാകിരി, അദ്മിര്‍ മെഹ്മദി, ഗ്രനിത് ഷാക, യൊഹാന്‍ യോരു, വാലന്‍ ബെഹ്റാമി തുടങ്ങി പ്ളെയിങ് ഇലവനില്‍ ഇറങ്ങിയവരില്‍ അഞ്ചുപേരും അല്‍ബേനിയന്‍ പാരമ്പര്യക്കാര്‍. പക്ഷേ, കിക്കോഫ് വിസിലിനു പിന്നാലെ രക്തബന്ധമോ, പൂര്‍വപാരമ്പര്യമോ കളത്തില്‍ കണ്ടില്ല. ഷാകിരിക്കൊപ്പം ഗ്രാനിത് നയിച്ച സ്വിസ് മുന്നേറ്റത്തെ തടയാനുള്ള നിയോഗം സഹോദരന്‍ തൗലന്‍റ് ഷാകയ്ക്കായിരുന്നു. പക്ഷേ, കളമുണര്‍ന്ന് അഞ്ചാം മിനിറ്റില്‍തന്നെ കളി സ്വിറ്റ്സര്‍ലന്‍ഡുകാര്‍ സ്വന്തമാക്കി. ഷാകിരിയുടെ കോര്‍ണര്‍കിക്ക് കൈയിലൊതുക്കാനുള്ള ഗോളി ബെറിഷയുടെ ശ്രമത്തിനിടെ ഉയര്‍ന്നുചാടിയ ക്യാപ്റ്റന്‍ ഫാബിയന്‍ ഷാര്‍ പന്ത് വലയിലേക്ക് ചത്തെിയിട്ടു. ആദ്യ മിനിറ്റില്‍തന്നെ വഴങ്ങിയ ഗോളില്‍ ഞെട്ടിയ അല്‍ബേനിയക്ക് 37ാം മിനിറ്റില്‍ ലോറിക് കാനയുടെ പുറത്താവല്‍ കൂടിയായതോടെ താങ്ങാനാവാതെയായി. പ്രതിരോധത്തിലേക്ക് വലിഞ്ഞവര്‍ കൂടുതല്‍ ഗോള്‍വഴങ്ങാതെ രക്ഷപ്പെട്ടത് ഭാഗ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.