ഇംഗ്ലണ്ട്-റഷ്യ ആരാധകര്‍ തെരുവിലും സ്റ്റേഡിയത്തിലും ഏറ്റുമുട്ടി: 44 പേര്‍ക്ക് പരിക്ക്

മാഴ്സെ: ആരാധകരുടെ ആവേശം അക്രമത്തിന് വഴിമാറിയതോടെ യൂറോ കപ്പിന് വീണ്ടും ചോരയുടെ മണം. ശനിയാഴ്ച രാത്രി നടന്ന റഷ്യ-ഇംഗ്ളണ്ട് മത്സരത്തിനിടെ ഇരു ടീമുകളുടെയും ആരാധകര്‍ ഏറ്റുമുട്ടിയപ്പോള്‍ തെരുവും മൈതാനവും അക്ഷരാര്‍ഥത്തില്‍ ചോരക്കളമായി. കസേരകളും ബിയര്‍ക്കുപ്പികളുമായി ഇരുവിഭാഗവും അക്രമം അഴിച്ചുവിട്ടതോടെ പൊലീസും നിസ്സഹായരായി. അക്രമത്തില്‍ 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാലുപേരുടെ നില ഗുരുതരമാണ്. 15 പേരെ അറസ്റ്റ് ചെയ്തു.

കളി തുടങ്ങുന്നതിനുമുമ്പേ തെരുവുയുദ്ധം തുടങ്ങിയിരുന്നു. കിക്കോഫിന് വിസില്‍ മുഴങ്ങിയതോടെ ഇത് ഗാലറിയിലേക്കും വ്യാപിച്ചു. കളിയുടെ 73ാം മിനിറ്റില്‍ എറിക് ഡയര്‍ ഫ്രീകിക്കിലൂടെ ഇംഗ്ളണ്ടിനെ മുന്നിലത്തെിച്ചതോടെ ഇംഗ്ളണ്ട് ആരാധകര്‍ ഇളകിമറിഞ്ഞു. തുടര്‍ന്ന്, കസേരകള്‍ പറിച്ചെടുത്തും ബിയര്‍ക്കുപ്പികള്‍ പൊട്ടിച്ചും റഷ്യന്‍ ആരാധകരുടെ നേരെ വലിച്ചെറിയാന്‍ തുടങ്ങി. കളിയുടെ ഗതി ഇംഗ്ളണ്ട് അനുകൂലമാണെന്ന് തോന്നിച്ച ആദ്യ നിമിഷങ്ങളില്‍ റഷ്യന്‍ ആരാധകര്‍ പ്രതിരോധത്തിലേക്ക് വഴിമാറിയതോടെ സ്ഥിതി നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍, ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ വാസിലി ബെറെസുറ്റ്സ്കി റഷ്യക്ക് സമനില സമ്മാനിച്ചതോടെ റഷ്യന്‍ ആരാധകരും ആക്രമണത്തിലേക്ക് വഴിമാറി. ഇതോടെ, രൂക്ഷമായ ആക്രമണങ്ങള്‍ക്കാണ് മാഴ്സെയിലെ പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയം സാക്ഷിയായത്.

ഇരുമ്പ് ദണ്ഡുകളുമായാണ് ഇംഗ്ളണ്ട് ആരാധകരെ റഷ്യക്കാര്‍ നേരിട്ടത്. സംഗതി നിയന്ത്രണാതീതമായപ്പോള്‍ പൊലീസ് ഇടപെട്ട് രണ്ട് കൂട്ടരെയും സ്റ്റേഡിയത്തിന് പുറത്താക്കി. ഇതോടെ തെരുവ് ചോരക്കളമായി. ഇംഗ്ളണ്ടുകാരെ മെട്രോ സ്റ്റേഷന്‍ വരെ റഷ്യക്കാര്‍ ഓടിച്ചിട്ട് തല്ലി.1998ലെ ലോകകപ്പിലെ പ്രശ്നങ്ങളെ ഓര്‍മിപ്പിക്കും വിധം അക്രമം പെട്ടെന്ന് മെഡിറ്ററേനിയന്‍ തീരത്തേക്ക് വ്യാപിച്ചു.അതേസമയം, നൂറോളം വരുന്ന റഷ്യക്കാര്‍ സ്റ്റേഡിയത്തിനകത്തേക്ക് ഇരച്ചുകയറുകയും അക്രമത്തിന് തുടക്കമിടുകയുമായിരുന്നുവെന്ന് ഇംഗ്ളണ്ട് ആരാധകന്‍ ആരോപിച്ചു.

രാത്രി ഒമ്പതിനുശേഷം കളി വെക്കുന്നത് കൂടുതല്‍ അപകടം വിളിച്ചുവരുത്തുമെന്നാണ് മറ്റൊരു ദൃക്സാക്ഷിയുടെ വിലയിരുത്തല്‍. രാത്രി ഒമ്പതുകഴിഞ്ഞാല്‍ യുവാക്കളില്‍ ഭൂരിഭാഗവും മദ്യലഹരിയിലാകും. ഇതാണ് അക്രമത്തിന് വഴിവെക്കുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ യുവേഫ അപലപിച്ചു. അക്രമത്തിന് ഫുട്ബാളില്‍ ഒരു സ്ഥാനവുമില്ളെന്ന് യുവേഫ വക്താവ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.